ADVERTISEMENT

കാൻസർ വേദന ഒരു വ്യക്തിക്കു മാത്രമല്ല കുടുംബത്തിനും ചുറ്റുമുള്ളവർക്കുമൊക്കെ അത് അനുഭവിക്കേണ്ടി വരും. ബയോപ്സിയും കീമോയും മനസും ശരീരവും മരവിപ്പിക്കുമ്പോൾ കരുതലിന്റെ കരങ്ങളെ നന്ദിയോടെ ഓർമിക്കുന്നവരും ഉണ്ട്. കൊടിയ വേദനയിലും ചുറ്റുമുള്ള നന്മകൾക്ക് നല്ലതുവരട്ടെ എന്ന് പറയാൺ പറ്റുന്നില്ലെങ്കിലും നോട്ട് ബുക്കിൽ നിന്ന് പറിച്ചെടുത്ത ഒരു തുണ്ട് പേപ്പറിൽ കുറിച്ചു വച്ച ഒരു കത്താണ് ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവച്ചത്. കാൻസർ വാർഡിൽ ഭക്ഷണപ്പൊതിയുമായെത്തിയ സുമനസുകൾക്ക് അവിടെ ഭക്ഷണം വാങ്ങാൻ എത്തിയ ഒരാൾ കൊടുത്തതാണിത്.

കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ

ആർസിസിയിൽ വരുമ്പോൾ ഭക്ഷണം തരുന്ന...സ്നേഹ സഹകരണങ്ങൾ തരുന്ന നിങ്ങൾ ഞങ്ങളെപ്പോലെ മാറാരോഗി ആകാതെ പടച്ച തമ്പുരാൻ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ. നിങ്ങൾ തരുന്ന ഭക്ഷണം ഞാനല്ല കഴിക്കുന്നത്. വീട്ടുകാരാണ് കഴിക്കുന്നത്. എനിക്ക് ബയോപ്സി കാരണം കഴിക്കാൻ പറ്റുന്നില്ല. ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും കഴിയാത്ത ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങൾക്ക് വേണ്ടി ഉണ്ടാകും.

ഇതേക്കുറിച്ച മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചത്

January 13 at 5:34 PM ·

ഇന്നലത്തെ, ഞായറാഴ്ച. RCC-യുടെ മുന്നിൽ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് മുഖത്ത് ആശുപത്രിയിലെ മാസ്ക് ധരിച്ച ഒരാൾ നടന്നുവന്നു. അയാളൊരു പേപ്പറെടുത്ത് കാണിച്ചു. കണ്ടാൽ തന്നെ രോഗിയാണെന്ന് അറിയാമായിരുന്ന അയാളോട് ക്യൂ നിന്നാ മതി, ഇതൊന്നും കാണിക്കണ്ടാന്നവർ പറഞ്ഞു.

പക്ഷെ അയാളതൊന്ന് വായിച്ചു നോക്കാൻ ആംഗ്യം കാണിച്ചു അവിടെ തന്നെ നിന്നു. അവരാ പേപ്പർ വാങ്ങി. എല്ലാ ആഴ്ചയും മുടങ്ങാതെ അവിടെ ഭക്ഷണമെത്തിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് തീർച്ചയായും സന്തോഷം തോന്നേണ്ട കാര്യമാണതിലുണ്ടായിരുന്നത്.

പക്ഷെ അതിലെഴുതിയത് വായിച്ചാൽ സന്തോഷത്തേക്കാൾ സങ്കടമേ വരൂ, അവർക്കെന്നല്ലാ, ആർക്കായാലും. ആ കുറിപ്പാണ് ചിത്രത്തിൽ.

'സ്നേഹസദ്യ' എന്ന പേരിൽ 'ബ്ലഡ് ഡോണേഴ്സ് കേരള' സ്നേഹത്തിന്റെ ഈ ഉരുളകൾ കൊടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ ഞായറാഴ്ചയും ഹർത്താൽ ദിനങ്ങളിലും മുടക്കമില്ലാതെ അവരിത് ചെയ്യുന്നുണ്ട്. അവർ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണീ സ്നേഹസദ്യ. അതിനൊക്കെ പിന്നിൽ മാനസികവും ശാരീരികവുമായ ഒരുപാടധ്വാനവും പണച്ചെലവുമെല്ലാം ഉള്ളതാണ്. എന്നാലും, ഒരിക്കലുമിതൊന്നും മുടങ്ങിയിട്ടില്ല. കാരണം, ആ കൂട്ടായ്മയുടെ കരുത്ത് തന്നെ.

അവരോട് സ്നേഹം തോന്നി, ഈ കുറിപ്പെഴുതിയ ആ മനുഷ്യനോട് എന്റെയും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം. അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാവട്ടെ. അദ്ദേഹമൊരു പ്രതിനിധി മാത്രമാണെന്നും അതുപോലെ ചിന്തിക്കുന്ന നൂറുകണക്കിന് മനുഷ്യർ വേറെയുമുണ്ടെന്നും എനിക്കറിയാം.

Blood Donors Kerala Trivandrum & dear friends, ഇതേ ഊർജത്തോടെ സ്നേഹത്തിന്റെ ഈ വറ്റുകൾ, മുടക്കമില്ലാതെ എല്ലാ കാലത്തും അർഹിക്കുന്നവരിലെത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ... ഒരുപാട് സ്നേഹത്തോടെ,

മനോജ് വെള്ളനാട്

English Summary: RCC Emotional letter Shared by Manoj Vellenad in Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com