ADVERTISEMENT

വിഭവങ്ങളിലെ വൈവിധ്യമാണ് കോട്ടയത്തെ ഫുഡ് ഫെസ്റ്റിന്റെ പ്രത്യേകത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണശാലകളിലെ സ്റ്റാളുകൾ ഒരു വശത്ത്. നാടൻ വിഭവങ്ങൾ വിളമ്പുന്ന ഷാപ്പു കറികൾ മുതൽ തലശ്ശേരി ബിരിയാണിവരെ മറുവശത്ത്. ഇവയ്ക്കൊപ്പം ബർഗർ ആൻഡ് അമേരിക്കൻ ഡിഷസ്, അറബിക് സ്വീറ്റ്സ്, തുർക്കിഷ് ഐസ്ക്രീം എന്നിവയും ചേരുമ്പോൾ ഭക്ഷണപ്രിയർക്കു നാവിൽ കപ്പലോടിക്കാം. ചിരിക്കാത്ത ദോശ, പുയ്യാപ്ല , ഉണ്ടക്കണ്ണൻ , ല‍ജ്ജാവതി , ലുട്ടാപ്പി  തുടങ്ങി ദോശ സ്റ്റാളിൽ ദോശകൾ അനവധി. പാൽക്കാരൻ ചിക്കൻ, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ പിടിത്തംവിട്ടത്. കോഴി മിട്ടായ്, ചിക്കൻ ചീറിപ്പാഞ്ഞത്, മരം ചുറ്റി ചിക്കൻ, ചിക്കൻ ചുരുട്ടിക്കൂട്ടിയത്, വീരപ്പൻ ചിക്കൻ, കാന്താരി ഫിഷ്, ചെമ്മീൻ കിഴി, കുട്ടനാടൻ വിഭവങ്ങൾ ഇറാനിയൻ ഫഹം എന്നീ ഇനങ്ങളും മേളയ്ക്കു ഹരം പകരുന്നു. 

കോട്ടയം ഫുഡ് ഫെസ്റ്റിലെ വിവിധ രുചികളിലൂടെ ഒന്ന് കണ്ണോടിക്കാം...

ലേഡീസ് സ്റ്റാൾ
വിവിധ തരത്തിലുള്ള മധുരങ്ങളാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്. ബ്ലൂബെറി ചീസ് കേക്ക്, ബട്ടർസ്കോച്ച് പുഡ്ഡിങ്, പാഷൻ ഫ്രൂട്ട് ക്രംബിൾ, ആപ്പിൾ പൈ...മധുര പ്രിയരുടെ മനം നിറയ്ക്കുന്ന രുചികൾ.

കുടുംബശ്രീ യൂണിറ്റ്, കോഴിക്കോട് 
അതിശയപ്പത്തിരി, ഉന്നക്കായ, കല്ലുമേക്കായ, ഇറച്ചി പത്തിരി...മലബാർ വിഭവങ്ങൾ എല്ലാം ഇവിടെയുണ്ട്. ഒപ്പം പലതരത്തിലുള്ള ജ്യൂസുകളും ഈ സ്റ്റാളിൽ ലഭ്യമാണ്.

തലശ്ശേരി റസ്റ്ററന്റ്
തനി തലശ്ശേരി ചിക്കൻ ദം ബിരിയാണിയും ബീഫ് ബിരിയാണിയുമാണ് ഇവിടുത്തെ സൂപ്പർ ഹിറ്റ് വിഭവങ്ങൾ. ചിക്കൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

റാന്തൽ
ഇവിടെയും മലബാർ വിഭവങ്ങളാണ് സ്പെഷൽ. കോയിൻ പറാത്ത, കരിമീൻ, ബീഫ് ചാപ്സ്, കൊഞ്ച്, കൂന്തൽ, പത്തിരി എല്ലാം ഒന്നിനൊന്ന് മെച്ചം.

food-fest-202016
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

റൗണ്ട് ഹൗസ് ഈറ്ററി
ബാർബി ക്യൂ, ഷവർമ്മ രുചികൾക്ക് ഇവിടം സന്ദർശിക്കാം. അൽഫാം, കബാബ് രുചികൾ ഇവിടെ സ്പെഷലാണ്.

food-fest-20209
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

വോക്ക് സ്റ്റിക്ക്സ്
പാൻ– ഏഷ്യൻ രുചികൾ തനിമയോടെ രുചിക്കാം, റമെൻ എന്ന ന്യൂഡിൽസ് സൂപ്പാണ് ഇവിടുത്തെ സ്പെഷൽ രുചി.

food-fest-20204
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

റോയൽ മലബാർ കഫേ ആൻഡ് റസ്റ്ററന്റ്
കുഴിമന്തി ലഭിക്കുന്ന ഒരേ ഒരു സ്റ്റാളാണിത്. അറബ് നാട്ടിൽ നിന്നും വന്ന കുഴിമന്തിക്ക് ബിരിയാണിയെക്കാൾ ആരാധകരുണ്ട് കേരളത്തിൽ.

food-fest-202011
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

ദോശപെരുന്നാൾ
ദോശപ്രേമികൾക്ക് മഹോത്സവമാണ് ഈ സ്റ്റാൾ!. എത്ര തരം ദോശ കഴിക്കാമെന്നോ...കോട്ടയം കുഞ്ഞച്ചൻ ദോശ, ചിക്കൻ കാരൈകുടി ദോശ, ലുട്ടാപ്പി ദോശ, ചിരിക്കാത്ത ദോശ, ഇമ്മിണി ബല്യ ദോശ, അച്ചായത്തി ദോശ. ദോശമാത്രമല്ല ഒപ്പം ചൂട് ചായയും ഇവിടെ ലഭിക്കും.

food-fest-20201
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

മലബാർ കാറ്ററിങ്
പോർക്കും മിനി ബർഗറും ഇവിടെ നിന്നും രുചിക്കാം. റൈസ് രുചി ഇഷ്ടപ്പെടുന്നവർക്ക് പാഴ്സ്ലി റൈസും ഗ്രിൽഡ് ഫിഷും ഇവിടെ ലഭ്യമാണ്.

ബാർബി ക്യൂ ഇൻ / കിങ്ഡം ഓഫ് ദോശ
പലതരത്തിലുള്ള ബാർബിക്യൂ, ഗ്രിൽസ്, ദോശകൾ ഇവിടെ ലഭ്യമാണ്. വെജിറ്റേറിയൻ – നോൺ വെജ് പ്രേമികൾക്ക് പറ്റുന്ന രുചികൾ ഇവിടെ ലഭ്യമാണ്.

സ്ലൈസ് ഓഫ് സ്പൈസ്
തിരുവനന്തപുരത്തുള്ള ഷോപ്പാണിത്, ഇവിടുത്തെ കോംപോ റാപ്പ് വെറൈറ്റികൾ ശ്രദ്ദേയം. സ്്റ്റോൺ ഗ്രിൽഡ് ഷവർമ്മ, മെഡിറ്ററേനിയൻ ഹീറ്റ്, പേർഷ്യൻ ക്രസ്റ്റ് രുചികളും ഇവിടെ ലഭിക്കും

ആദാമിന്റെ ചായക്കടയും ചൈനീസ് ഫാക്ടറിയും
രുചിയിൽ മാത്രമല്ല കാഴ്ചയ്ക്കും വിരുന്നൊരുക്കുന്ന സ്റ്റാളാണിത്. പഴമയും പുതുമയും ഒത്തുചേരുന്ന അലങ്കാരങ്ങൾ. ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ബോംബ്, കോഴി മിഠായി, ചിക്കൻ ചീറിപാഞ്ഞത്, വീരപ്പൻ ചിക്കൻ, ബേജാറായി ചിക്കൻ ഫ്രൈ...ചിക്കൻ പ്രേമികൾക്ക് സ്പെഷലാണ് ഇവിടുത്തെ വിഭവങ്ങൾ.

food-fest-202017
കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്ത്. ചിത്രം: ജിബി സാം വി.പി

ഫുഡ് നോട്ട്സ്
സിനിമാ പേരിലുള്ള വിഭവങ്ങളാണ് ഇവിടുത്തെ ഹൈലൈറ്റ്. ദബാങ് പോത്ത് ബിരിയാണ്, കെജിഎഫ് , ചാർലി , ലൂസിഫർ, പോക്കിരി പേരുകളിലുള്ള അൽഫാം രുചികൾ. അന്നയും റസൂലും സ്പെഷൽ വിഭവം.

ഡിസ്ട്രിക്ട് 7
ബർഗർ, റോൾ, ഫ്രൈസ് രുചികൾക്ക് ഇവിടെ സന്ദർശിക്കാം. ഇവിടെ പോർക്ക് റോൾ, പുൾഡ് ബീഫ്, തന്തൂരി ചായ് എന്നിവയും ലഭ്യമാണ്.

1 കൊരി- 10:25
വിവിധ ഇനം കോംബോ ഭക്ഷണങ്ങളാണ് 1 കൊരി: പത്ത് ഇരുപത്തഞ്ച് സ്റ്റാളിന്റെ പ്രത്യേകത. തേക്കടിയിലെ ഹോട്ടൽ അമ്പാടിയാണ് വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ ഒരുക്കുന്നത്. ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, എന്നിവയുടെ വ്യത്യസ്തമായ കോംബോ പാക്കേജുകളുണ്ട്. ചിക്കൻ, ബീഫ്, മത്സ്യം, പോർക്ക് എന്നിവയിലെ വിവിധ വിഭവങ്ങൾ. ടൈനി ഫിഷ് ഫ്രൈ, ഡ്രാഗൺ ചിക്കൻ, ചിക്കൻ ഹണി ചില്ലി, പോർക്ക് ഹണി ചില്ലി, ബീഫ് ആൻഡ് ചീസ് തുടങ്ങിയ വ്ത്യസ്തമായ വിഭവങ്ങളും സ്റ്റാളിലുണ്ട്.

കാന്താരി
നൂൽപുട്ട് നിറച്ചത്, കൊത്തുപറാത്ത, പഴംപൊരി ബീഫ്, പാൽകപ്പയും മീൻ കറി എന്നീ നാടൻ വിഭവങ്ങൾ ഇവിടെ ലഭിക്കും.

മലബാർ ഡിലൈറ്റ്സ്

വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളിൽ ഏറ്റവും രുചികരം അറബിക് വിഭവങ്ങളാണ്. ഇറച്ചി പത്തിരി, ലയലി ലുബ്നൻ, മുട്ടമാല വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

രുചിവൈവിധ്യവുമായി നിരവധി സ്റ്റാളുകൾ ഇനിയും ഉണ്ട്, നാടൻ പായസ രുചികളും ഇവിടെ ലഭ്യമാണ്. മുളയരി പായസമാണ് ഇവരുടെ സ്പെഷൽ.

കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണശാലകൾക്ക് പുറമേ ബെൻസ്, ബിഎംഡബ്ലു തുടങ്ങി വമ്പന്മാരുടെ ‌പത്തോളം ഓട്ടോസ്റ്റാളുകളും മേളയിലെ ആകർഷണമാണ്. ഫെസ്റ്റിവലിനെത്തുന്ന കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളും അമ്യൂസ്മെന്റ് പാർക്കും അനുബന്ധമായുണ്ട്. പൊടിശല്യം തീരെയില്ലാത്ത രീതിയിലാണു പ്ലാറ്റ്ഫോമുകൾ തയാറാക്കിയിരിക്കുന്നത്. ഭക്ഷണം ഒരുമിച്ചു കഴിക്കാവുന്ന തരത്തിൽ പൊതുഭക്ഷണശാലയുമുണ്ട്.  ഫുഡ് ഫെസ്റ്റിൽ നിന്നുള്ള മുഴുവൻ വരുമാനവും ചെലവഴിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ്. പുസ്തകങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രങ്ങൾ, കളിക്കോപ്പുകൾ തുടങ്ങി വ്യത്യസ്തമായ സ്റ്റാളുകൾ ഉൾപ്പെടുന്ന ‘ഫ്ലീ മാർക്കറ്റും’ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3.30 മുതൽ 10.30 വരെ നടക്കുന്ന മേളയിൽ പ്രവേശനം പാസ് മൂലം.  26നു സമാപിക്കും. 

ഫോട്ടോ പോസ്റ്റൂ,സമ്മാനം നേടൂ
സമൂഹമാധ്യമങ്ങളിലടക്കം ഗെയിമുകളും ഫൊട്ടോഗ്രഫി മത്സരങ്ങളുമുണ്ട്. ഫുഡ് ഫെസ്റ്റ് വൈബ്സ് വിത്ത് ഇകെ എന്ന ഹാഷ് ടാഗിൽ (#foodfestvibeswithek) ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സമ്മാനം നേടാം.

English Summary: What to try at Roundtable food festival in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com