sections
MORE

എന്റമ്മേ! കാപ്പി ആകെ മാറിപ്പോയി; യുവാക്കൾക്ക് ഇപ്പോൾ പ്രിയം ഇവരെ...

coffee
SHARE

‘ചേട്ടാ, ഒരു കാപ്പി’

എസ്പ്രെസ്സോ, ലാറ്റെ, ക്യാപുച്ചീനോ,കഫേ മൊക്ക, അമേരിക്കാനോ, ഐസ്ഡ്, ടർക്കിഷ്, ഐറിഷ് കോഫി .....

എന്റമ്മോ! ഒരു ഗ്ലാസ് കാപ്പി ചോദിച്ചതിനു ഇതൊക്കെ എന്തിനാ പറയുന്നത് എന്നു ചിന്തിച്ചെങ്കിൽ അറിഞ്ഞോളു, ഇതെല്ലാം കാപ്പി തന്നെയാണ്.

ലുക്കിലും മട്ടിലും ‘ഹെവി’ മാറ്റങ്ങളുമായി യുവാക്കളുടെ ഇടയിൽ ഇന്നു ട്രെൻഡിങ് താരമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം കാപ്പി

തിളപ്പിച്ച പാലിൽ കാപ്പിപ്പൊടി ഇട്ടു ഇളക്കുന്ന പൊതു തത്വത്തിന് ഇന്നും മാറ്റമൊന്നുമില്ലെങ്കിലും കോഫീ മെഷീനുകളുടെയും സ്റ്റീമറുകളുടെ വരവോടെ കാപ്പി ഉണ്ടാക്കുകയെന്ന പക്രിയക്കു പരിണാമം സംഭവിച്ചുവെന്നതാണ് യാഥാർഥ്യം. കടക്കാരന്റെ ഇഷ്ടമെന്നതിനു ഉപരിയായി പല കഫേകളിലും ആളുകൾ ആവശ്യപ്പെടുന്ന രീതിയിലാണ് കാപ്പി തയാറാക്കി നൽകുന്നത്. കാരമൽ, ചോക്ലേറ്റ്, വനില അടക്കമുള്ള ഫ്ലേവറുകളിൽ തുടങ്ങി കോഫി സിറപ്പ്, കോൺസൻട്രേറ്റ്, കോഫി ബീൻസ് എന്നിവ ഉപയോഗിച്ചുള്ള കാപ്പിയും കടകളിൽ ലഭ്യമാണ്. സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും കാപ്പിയുടെ പ്രശസ്തിക്കു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. യുവാക്കളുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഫീഡുകളിൽ കാപ്പിക്ക് ഒപ്പമുള്ള ചിത്രങ്ങളും ഹാഷ്ടാഗുകളും ഇന്ന് പതിവ് കാഴ്ചയാണ്.

കാപ്പിയിലെ രുചി വിപ്ലവം കേരളത്തിൽ ആദ്യം ആരംഭിച്ചത് ഒരു പക്ഷേ കോൾഡ് കോഫിയുടെ വരവോടെയാകാം. കാലമേറെക്കഴിഞ്ഞിട്ടും കോൾഡ് കോഫി ഇന്നും യുവാക്കളുടെ ഇടയിൽ ട്രെൻഡിങ് താരമാണ്. മിൽക്ക് ഷെയ്ക്കിനോടു കിട പിടിക്കും വിധം തണുത്തുറഞ്ഞ പാലിൽ കാപ്പി രുചി ലഭിച്ചതോടെ മൺമറഞ്ഞത് കാപ്പിയുടെ ‘ചൂടൻ’ സ്വഭാവവും.

പരിചയപ്പെടാം പുതുരുചികളെ

ഓരോ വ്യക്തിക്കും ഓരോ സ്വഭാവമാണെന്നു പറയും പോലെയാണ് കാപ്പിയുടെ കാര്യവും. കാപ്പിയിലെ പത മുതൽ നിറം വരെ ഓരോ കാപ്പിയിലും വ്യത്യസ്തമായിരിക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും യുവാക്കളുടെ ഇടയിൽ പ്രശസ്തരായി തലയുർത്തി നിൽക്കുന്ന ചില ‘കാപ്പി പ്രമുഖരെ’ പരിചയപ്പെടാം.

അമേരിക്കാനോ:

എസ്പ്രസ്സോ നേർത്തത് അഥവാ നമ്മുടെ കട്ടൻകാപ്പിയുടെ വിദേശി വേർഷൻ. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സിംഗിൾ കോഫി ഷോട്ട് മാത്രം. ചിലർ ഇവയിൽ ക്രീം, ബ്രൗൺ ഷുഗർ എന്നിവ ചേർക്കാറുണ്ട്.

ലാറ്റെ:

ക്യാപ്പുചീനോ പോലെ പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പി. എന്നാൽ ഇവിടെ താരം പാലാണ്. കനത്ത രൂചി കുറയ്ക്കുന്ന വിധം പാൽ ചേർക്കുന്നതിനാൽ സാധാ കാപ്പിയുടെ രുചിയെ ലഭിക്കു.

മൊക്ക:

പാലിനൊപ്പം എസ്പ്രസ്സോയും ചോക്ലേറ്റ് സിറപ്പും തുല്യ അളവിൽ. കനത്ത കാപ്പി രുചിക്കു പകരം ചോക്ലേറ്റ് രൂചിയോടുള്ള കാപ്പി.

നിലവിൽ നാട്ടിലെ താരങ്ങൾ ഇവരാണെങ്കിലും വിദേശരാജ്യങ്ങളിൽ മോക്കചീനോ, മൊക്കാലാറ്റെ, ഫ്ലാറ്റ് വൈറ്റ്, ടർക്കിഷ് കോഫി, ഐറിഷ് കോഫി എന്നിങ്ങനെ നെടുനീളൻ ലിസ്റ്റ് വേറെ. ആ രുചികളും നമ്മുടെ നാട്ടിലെന്നു ലാൻഡുമെന്ന കാത്തിരിപ്പിലാണ് യുവ കാപ്പി പ്രേമികൾ.

എസ്പ്രെസ്സോ:

പുതുതലമുറയിലോ കോഫി അധിഷ്ഠിത ഡ്രിങ്കുകളുടെ കാപ്പിയുടെ കനത്ത രുചി ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ടത്. പാൽ ഒട്ടും ചേർക്കാതെ കോഫി എക്സ്ട്രാറ്റിൽ വളരെ കുറച്ചു വെള്ളം ചേർത്തു തയാറാക്കുന്നതിനാൽ വളരെ ചുരുക്കം ആളുകൾ ഇഷ്ടപ്പെടുന്നു. മിക്കയിടങ്ങളിലും കോഫി മെഷിനുകളിൽ തന്നെയാണ് തയാറാക്കുന്നത്.

ക്യാപ്പുചീനോ:

പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പി. എന്നാൽ പാലിന്റെ അളവ് എസ്പ്രെസ്സോയെക്കാൾ കൂടുതലായിരിക്കുമെങ്കിലും കാപ്പിയുടെ കനത്ത രുചി നിലനിൽക്കും. കോഫി ഓയിൽ, കോക്കോ പൗഡർ, കാപ്പിയുടെ കനത്ത രുചി കുറയ്ക്കാൻ വനില, കാരമൽ, ചോക്ലേറ്റ് ഫ്ലേവറുകളും ചേർക്കാറുണ്ട്.

English Summary: Coffee Varieties Available in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA