വീട്ടുകാരെല്ലാം ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം

food-time
SHARE

ആഹാരം മനുഷ്യരെ അടുപ്പിക്കുന്നു. സ്‌ഥിരമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ഉണ്ടാകുന്ന അടുപ്പം നിരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ഒരുനേരമെങ്കിലും വീട്ടിലെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വീട്ടുകാർ തമ്മിൽ നല്ലബന്ധം നിലനിർത്തുന്നതിനു സഹായിക്കും.

ടിവി കണ്ടും ധൃതിയോടെയും ഭക്ഷണംകഴിക്കുന്നത് ശരീരത്തിനും മനസിനും ഗുണമല്ല. ആഹാരം ആദരപൂർവം ആസ്വദിച്ചു കഴിക്കണം. വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. കസേരയിലിരുന്ന് മേശപ്പുറത്തുവച്ചു കഴിക്കുന്നതിലും നല്ലത് നിലത്തു ചമ്രംപടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. (ഭക്ഷണം വെറും തറയിൽ വയ്‌ക്കരുതെന്നുമാത്രം) ഭക്ഷണത്തിനൊപ്പം വയറ്റിലെത്തുന്ന വായു പുറത്തുപോകാനും കാലിലെ ഞരമ്പുകളുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

ഭക്ഷണം പാചകംചെയ്യുന്ന പാത്രങ്ങളുടെ കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കന്നു. നല്ലത് മൺപാത്രമാണ്. കൽച്ചട്ടിയും ഈയം പൂശിയ ചെമ്പുപാത്രവും ഉപയോഗിക്കാം. ഉപ്പും പുളിയും ഇല്ലാത്തവ പാചകംചെയ്യാൻ സ്‌റ്റീൽപാത്രം ഉപയോഗിക്കാം. അലുമിനിയം പാത്രത്തിൽ പാചകമരുത്.

ഭക്ഷണം പോഷകപ്രദമായാൽ പോരാ രുചികരവുമാകണം. വിശക്കുമ്പോൾ നമ്മുടെ മനസ്സുതേടുന്നത് പോഷകമൂല്യമുള്ള ഭക്ഷണമല്ല, രുചിയുള്ള ഭക്ഷണമാണ്. രുചി നമുക്കുതരുന്ന ആനന്ദം ചെറുതല്ല. സദ്യ രുചികരമായാൽ നാം തിരക്കുന്നത് ആരാണ് പാചകം ചെയ്‌തതെന്നാവും. വയറിനു വേണ്ടിയാകരുത്, ഭക്ഷണം ശാരീരികവും മാനസികവുമായ സന്തോഷവും സംതൃപ്‌തിയും തരുന്നതാകണം. ‘നിങ്ങൾ എന്തു കഴിക്കുന്നുവോ അതാകുന്നു നിങ്ങൾ’’ എന്ന വാക്യം ശ്രദ്ധിച്ചാൽ ആഹാരത്തിന്റെ സ്വാധീനം മനസിലാക്കാം. ‘അന്നം തന്നെ ഔഷധ’മെന്ന് വേദവും പറയുന്നു. ഉത്സവാഘോഷങ്ങളിലും മറ്റുചടങ്ങുകളിലും ഭക്ഷണത്തിനുള്ള സ്‌ഥാനം ശ്രദ്ധിക്കുക. എന്നാൽ രുചിമാത്രം നോക്കി ഭക്ഷിക്കുന്നവർ യഥാർഥത്തിൽ ഒരാപത്തിലേക്കെടുത്തു ചാടുകയാണ്. നമുക്കാവശ്യമായ ഭക്ഷണം രുചികരമായി തയാറാക്കുകയാണു വേണ്ടത്. കൃത്രിമ രാസവസ്‌തുക്കൾ ഉപയോഗിച്ച് നിറം, മണം, രുചിയും നൽകി ഭക്ഷണമുണ്ടാക്കുന്നവർ ഒരുക്കുന്ന കെണിയിൽ വീഴുകയല്ല വേണ്ടത്. നല്ലതെന്നു കരുതി നാം കഴിക്കുന്ന പല ഭക്ഷണപദാർഥങ്ങളും വിഷലിപ്‌തമെന്നും മായങ്ങളുടെ മായാലോകത്താണ് നാം ജീവിക്കുന്നതെന്നും അറിയുക.

English Summary: The Benefits of Eating Together 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA