sections
MORE

ഒയേ.. സർദാർജീ.. ചാർ നഹീ.. ചോർ, ചോർ!

vineeth
വിനീത് വാട്ടർ അതോറിറ്റി കന്റീനിൽ. ചിത്രം : സമീർ എ ഹമീദ്
SHARE

‘ഒരു വറൈറ്റിക്ക് ചെയ്തതാണ്, ഇപ്പോൾ ഹിറ്റായി, സർദാർജിയുമായി’ മലപ്പുറം നഗരത്തിലെ വാട്ടർ അതോറിറ്റി കന്റീനിൽ ഭക്ഷണം വിളമ്പുന്ന വിനീതിപ്പോൾ പഞ്ചാബി പരിവേഷത്തിലാണ്. കന്റീനിലെത്തിയാൽ ആരും ചോദിച്ചു പോകും ‘ശ്ശെടാ.. ബംഗാളി പോയി സർദാർജി ആയോ ചോറ് വിളമ്പാൻ..?’. നീളത്തിൽ നീട്ടി വളർത്തിയ താടിയും പഞ്ചാബി തലപ്പാവുമണിഞ്ഞ യുവാവ് ചോറു പാത്രവുമായി വന്ന് ‘ലേശം ചോറിടട്ടേ ചേട്ടാ..’ എന്നു ചോദിക്കുമ്പോഴാണ് സംഗതി പ്ലിംഗ്. ഇത് പഞ്ചാബി നഹീ.., വെറും മല്ലൂ സിങ്, മെയ്ഡ് ഇൻ പടിഞ്ഞാറ്റുമുറി!.

vineeth-2
വിനീത് . ചിത്രം : സമീർ എ ഹമീദ്

മുടി നല്ല സ്റ്റൈലായി നീട്ടി വളർത്തുന്ന പടിഞ്ഞാറ്റുമുറി കാരത്തൊടി പി.വിനീത്, തലപ്പാവണിഞ്ഞ് മല്ലൂസിങ് ആയത് ഭക്ഷണ വിതരണം എന്ന തന്റെ മെയിൻ ജോലിക്ക് മുടി തടസ്സമാകാതിരിക്കാനാണ്. മുടി വീണ് സാമ്പാർ കളങ്കപ്പെടാതിരിക്കാനുള്ള ചെറിയ പൊടിക്കൈ അങ്ങനെ വിനീതിനെ സർദാർജിയാക്കി. ഒരു മാസമായി പഞ്ചാബിത്തൊപ്പി അണിയാൻ തുടങ്ങിയിട്ട്.

vineeth-3
പി.വിനീത്. ചിത്രം : സമീർ എ ഹമീദ്

സുഹൃത്ത് പഞ്ചാബിൽ പോയി വന്നപ്പോൾ കൊണ്ടുവന്ന പഞ്ചാബിത്തൊപ്പിയിലാണ് തുടക്കം. സംഭവം ക്ലിക്കായപ്പോൾ സ്ത്രീകൾ മുടിയൊതുക്കാൻ ഉപയോഗിക്കുന്ന ഒരു തൊപ്പികൂടി വാങ്ങി. ഇടതൂർന്നു മുന്നോട്ടു വീഴുന്ന മുടിയിഴകൾ ഉച്ചിയിൽ കെട്ടിവച്ച് തലപ്പാവണിഞ്ഞ് ബാക്കി മുടി അതിൽ തിരുകി വച്ചാൽ ഏതു പഞ്ചാബി കുടുംബ മേളയിലും വിനീതിനു പങ്കെടുക്കാം, വായ തുറന്ന് ഒന്നും പറയരുതെന്നു മാത്രം.

vineeth-7
വിനീത് . ചിത്രം : സമീർ എ ഹമീദ്

കന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്നവരിൽ പലരും പഞ്ചാബിയെന്നു ധരിച്ച് ഹിന്ദിയിലാണ് ഓർഡർ പറയുക. ഏതായാലും പുതിയ പഞ്ചാബി പരിവേഷം ആസ്വദിക്കുകയാണ് വിനീത്. അഴിച്ചിട്ടാൽ അരയോളം വരുന്നതാണ് വിനീതിന്റെ കേശഭാരം. വെറുതേയങ്ങു ലുക്കിനു മാത്രം മുടി വളർത്തുകയല്ല, മുറിക്കാൻ പാകമായാൽ കാൻസർ രോഗികൾക്കു വിഗ് ഉണ്ടാക്കുന്നതിനു സംഭാവന ചെയ്യും. ഇങ്ങനെ 3 തവണ മുടി നൽകിക്കഴിഞ്ഞു. ഛോട്ടാ സർദാർജിക്ക് പൊടിക്കു സിനിമാ മോഹങ്ങളും ഉണ്ട്. ചില ചിത്രങ്ങളുടെ ഓഡിഷന് പോയെങ്കിലും ഒത്തില്ല. തനിക്കു കലക്കാനുള്ള പടങ്ങൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് വിനീത്.

English Summary: Water Authority Canteen Staff

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA