ഉള്ളു നിറയ്ക്കും ബന്നി ചൗ; പിന്നിൽ രസകരമായ കഥയും

bunny-chow
SHARE

അടിച്ചമർത്തലും സഹനവും ചേരുവ ചേർത്ത് ഒരു വിഭവം ഉണ്ടാക്കിയാൽ അതിന് ബന്നി ചൗ എന്നായിരിക്കും പേര്. ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഡർബന്റെ ചരിത്രത്തോട് ചേർന്നുനിൽക്കുന്ന ബന്നി ചൗവിന് നേരിട്ട് ഇന്ത്യൻ ബന്ധവുമുണ്ട്.

ഡർബനിലെ കരിമ്പിൻ തോട്ടങ്ങളിൽ കൂലിപ്പണിക്കു വന്ന ഇന്ത്യൻ തൊഴിലാളികളുടെ വിശപ്പ് അകറ്റുന്നതിനാണ് 1940 കാലഘട്ടം മുതൽ ബന്നി ചൗ പ്രചാരത്തിൽ വരുന്നത്. ആഫ്രിക്കയിൽ തൊട്ടുകൂടായ്മയുടെ കാലമായിരുന്നു അത്. ഇന്ത്യയിൽനിന്നുള്ള ബനിയ സമുദായക്കാർ വിറ്റിരുന്ന ആഹാരമായിരുന്നതിനാലാണ് ഇതിന് ബന്നി ചൗ എന്ന പേരു വന്നതെന്നാണു കഥ. ചൗ എന്നാൽ ഭക്ഷണം എന്നതിനെ സൂചിപ്പിക്കുന്നു. 

പകുതി റൊട്ടിയുടെ ഉള്ളു തുരന്ന് അതിനകത്ത് കറി നിറച്ചു വച്ചതാണ് ബന്നി ചൗ. വറുതിയുടെ കാലത്തിനു ശേഷമുള്ള ബന്നി ചൗവിൽ കാരറ്റും ഉള്ളിയും മുളകും അരിഞ്ഞിട്ട സാലഡും ഉണ്ട്.

ആദ്യകാലത്ത് പച്ചക്കറിയായിരുന്നു ബ്രെഡിനകത്ത് നിറച്ചിരുന്നതെങ്കിൽ, ഇപ്പോൾ മട്ടനും ചിക്കനുമെല്ലാം നിറച്ചുവച്ച രുചിയോടെ ബന്നി ചൗ ആസ്വദിക്കാം. തുരന്നെടുത്ത ബ്രെഡിന്റെ ഭാഗവും കറി മുക്കി കഴിക്കാൻ കൂടെക്കൂട്ടുന്നു. ബന്നി ചൗ അതിന്റെ തനിമയോടെ കഴിക്കണമെങ്കിൽ പാത്രം ഉപയോഗിക്കരുത്. കയ്യിൽപിടിച്ച് അതിവേഗം അകത്താക്കുക. ഇല്ലെങ്കിൽ കറിയിൽ കുതിർന്ന് ബ്രഡ് താഴേയ്ക്കു അടർന്നുവീഴും. 

ബന്നി ചൗവിനെ കുറിച്ചുള്ള മറ്റൊരു കഥയും രസകരമാണ്. തൊട്ടുകൂടായ്മയുടെ കാലത്ത് തൊഴിലാളികൾക്കൊന്നും ആഫ്രിക്കയിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അവകാശമുണ്ടായിരുന്നില്ല. ഹോട്ടലിന്റെ പിന്നിലെ വാതിലിൽവന്ന് അവർക്ക് ആഹാരം പാഴ്സലായി വാങ്ങിച്ചുകൊണ്ടുപോകാം. 

അങ്ങനെ കൊടുത്തുവിടാനുള്ള സൗകര്യത്തിനായി ഏതോ ഹോട്ടൽ ഉടമ കണ്ടുപിടിച്ച സൂത്രമാണത്രേ ബ്രെഡിനകത്ത് കറി നിറയ്ക്കുന്ന രീതി. തൊഴിലാളിക്കു കൊണ്ടുനടക്കാനും എളുപ്പം.

എന്തായാലും ഡർബനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സംഗതി ഹിറ്റായി. അതു രുചി കൊണ്ടു മാത്രമല്ല, കിട്ടാവുന്നതിൽ നല്ലത് എന്നതുകൊണ്ടു‌ം കൂടിയാണ്. ദാരിദ്ര്യത്തിന്റെ അക്കാലമെല്ലാം കഴിഞ്ഞ്, പിന്നീടു നടന്ന ചേരുവ പരീക്ഷണങ്ങളിലൂടെയാണ് ഇന്നു കാണുന്ന ബന്നി ചൗ രുചിവീരനാകുന്നത്.

English Summary: Bunny chow, often referred to simply as a bunny, is a South African fast food.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA