മാസബജറ്റിൽ നല്ലൊരു തുക ലാഭിക്കണോ? ശരിയായ ഭക്ഷണശീലം വളർത്തൂ

food-saving-tips
SHARE

വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും വെവ്വേറെ സമയങ്ങളിലാണോ ഭക്ഷണം കഴിക്കുന്നത്? മാസബജറ്റിൽ നല്ലൊരു തുക ലാഭിക്കണോ? ശരിയായ ഭക്ഷണശീലം വളർത്തിയാൽ നിസ്സാരമായി സാധിക്കാവുന്ന കാര്യം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

∙കഴിവതും ഭക്ഷണം വീട്ടിൽതന്നെ പാചകം ചെയ്യുക. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. ഹോട്ടലിൽ നിന്ന് കഴിക്കുന്ന അതേ ഭക്ഷണം വീട്ടിൽ പാചകം ചെയ്താലും ചെലവ് കുറയ്ക്കാം. ഓഫീസിലെ ലഞ്ച് ടൈമിൽ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാം. പകരം വീട്ടിൽ നിന്ന് ഭക്ഷണം പൊതിഞ്ഞ് കൊണ്ടു പോകുന്നതിലൂടെ പ്രതിമാസ ബജറ്റിൽ നിന്ന് അത്രയും തുക മാറ്റി വയ്ക്കാൻ സാധിക്കും.

∙വീട്ടുകാരുമൊത്ത് യാത്രകൾ പോകുമ്പോൾ എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്ത് കയ്യിൽ കരുതുക. യാത്രയ്ക്കിടെ ഹോട്ടലുകൾ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതില്ല. പണം ലാഭിക്കുന്നതോടൊപ്പം പുറമെ നിന്നുള്ള ഭക്ഷണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും പേടിക്കേണ്ട.


∙യാത്രയ്ക്കിടെ കടകളിൽ നിന്ന് മിനറൽ വാട്ടർ കുപ്പികൾ വാങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ചെലവാകുന്ന തുക ചെറുതായതു കൊണ്ട് ആരും കാര്യമായി എടുക്കാറില്ല. ഇത്തരത്തിൽ വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേന്മയും പലരും ശ്രദ്ധിക്കാറില്ല. മിനറൽ വാട്ടറിനു പകരം വീട്ടിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം കരുതാവുന്നതാണ്.

∙യാത്രയ്ക്കിടെ പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യങ്ങളിൽ ‘വീട്ടിലൂണ്’ പോലെയുള്ള സംരംഭങ്ങളെ ആശ്രയിക്കാം. ചെലവ് കുറവാണെന്ന് മാത്രമല്ല, വീട്ടിലേതു പോലെയുള്ള രുചികരമായ ഭക്ഷണം കഴിക്കാനും സാധിക്കും.

∙ഹോട്ടൽ ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങളിൽ ഭക്ഷണം വിഭവസമൃദ്ധമാക്കാൻ ഓരോരുത്തരും വ്യത്യസ്തമായ വിഭവങ്ങൾ ഓർഡർ ചെയ്യുക. എല്ലാ വിഭവങ്ങളും പങ്കിട്ട് കഴിക്കുന്നതിന്റെ സുഖവും ഇങ്ങനെ കിട്ടും.

∙ബേക്കറിയിൽ നിന്ന് ധാരാളം പലഹാരങ്ങൾ വാങ്ങുന്ന ശീലമുണ്ടോ?എങ്കിൽ ഈ പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കിക്കൂടേ?അവധി ദിവസങ്ങളിൽ സമയം കിട്ടുമ്പോൾ പെട്ടെന്ന് ചീത്തയാകാത്ത പലഹാരങ്ങൾ ഉണ്ടാക്കി വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

∙നാലു പേരുള്ള ഒരു കുടുംബത്തിന് ശരാശരി 35 ദിവസം ഒരു ഗ്യാസ് സിലിണ്ടർ മതി എന്നാണു കണക്ക്. അതിനു മുമ്പ് ഗ്യാസ് തീരുന്നുവെങ്കിൽ അമിതോപയോഗം ആണെന്നുറപ്പ്. ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക.

∙എണ്ണയിൽ പലഹാരങ്ങൾ വറുക്കുമ്പോൾ മുഴുവൻ സമയവും സ്റ്റൗ കത്തിച്ചു നിർത്തേണ്ടതില്ല. മൂന്നോ നാലോ എണ്ണം ബാക്കി നിൽക്കുമ്പോഴേ സ്റ്റൗ അണയ്ക്കാം. തിളച്ച എണ്ണയുടെ ചൂട് അത്ര വേഗത്തിൽ നഷ്ടപ്പെടില്ല.

∙ഫ്രിഡ്ജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്. കുറച്ചു നേരം പുറത്തു വച്ച് തണുപ്പ് മാറ്റിയതിനു ശേഷം ചൂടാക്കുക. ഗ്യാസിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാം.

∙പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ആവശ്യമായ ഭക്ഷണത്തിന്റെ അളവിലുള്ള കുക്കർ തിരഞ്ഞെടുക്കുക. അനാവശ്യമായി വലുപ്പം കൂടിയ കുക്കർ ഉപയോഗിച്ച് ഗ്യാസ് പാഴാക്കാതിരിക്കുക.

∙പാചകം ചെയ്യുന്ന പാത്രങ്ങളിൽ ഒരു പോറൽ പോലും വരുത്താതെ സൂക്ഷിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? അതിനെ നിസ്സാരമായി കാണേണ്ടതില്ല. പാത്രത്തിന്റെ പ്രതലത്തിലെ ഇത്തരം പോറലുകൾ ഊർജ നഷ്ടം ഉണ്ടാക്കും. അതിനാൽ ഇനിമുതൽ പാത്രങ്ങളിൽ പോറലേൽക്കാതെ സംരക്ഷിക്കുക.

∙പാചകത്തിന് മൺചട്ടി ഉപയോഗിക്കുന്നത് നാട്ടിൻ പുറങ്ങളില്‍ എല്ലാവരുടെയും ശീലമാണ്. എന്നാൽ മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഗ്യാസിന്റെ ഉപഭോഗം കൂടും. അതിനാൽ സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുക.

∙വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും വെവ്വേറെ സമയങ്ങളിലാണോ ഭക്ഷണം കഴിക്കുന്നത് അങ്ങനെയെങ്കിൽ ഓരോ പ്രാവശ്യവും ഭക്ഷണം ചൂടാക്കേണ്ടി വരും. അതുകൊണ്ട് ഊർജ നഷ്ടം ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

∙ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം രണ്ടു പ്രാവശ്യമായി പാകം ചെയ്ത് ഗ്യാസ് പാഴാക്കേണ്ടതില്ല. രണ്ടു നേരത്തേയ്ക്കുള്ളത് ഒരു മിച്ച് പാചകം ചെയ്ത്, ചൂടാറാതെ തെർമൽ കുക്കറിൽ സൂക്ഷിക്കാം.

∙ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ വാങ്ങുമ്പോൾ ചുവട് പരന്ന രൂപത്തിലുള്ളവ വാങ്ങുക. ആഹാരം പാകം െചയ്യുമ്പോൾ പെട്ടെന്ന് ചൂടാകാൻ നല്ലത് പരന്ന പാത്രങ്ങളാണ്. പാത്രത്തിന്റെ ചുവട്ടിൽ മാത്രം തീ നൽകുന്ന രീതിയിൽ പാത്രം വയ്ക്കാനും ശ്രദ്ധിക്കുക.

∙ആരോഗ്യം സംരക്ഷിക്കാൻ മാത്രമല്ല. ചെലവ് ചുരുക്കാനും സൂപ്പ് വളരെ നല്ലതാണ്. ഇറച്ചി, പച്ചക്കറി, എന്നിങ്ങനെ എന്ത് സാധനങ്ങൾ ഉപയോഗിച്ചും സൂപ്പുകൾ തയാറാക്കാം. സൂപ്പുകൾ കൂടുതൽ യോജിക്കുന്നത് അത്താഴത്തിനാണ്.

∙പിറന്നാൾ പോലെയുള്ള വിശേഷാവസരങ്ങളിൽ സുഹൃത്തുക്കൾ ട്രീറ്റ് ചോദിക്കുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും മികച്ച ഹോട്ടലിലേക്ക് ഓടുകയാണ് നമ്മൾ സാധാരണയായി ചെയ്യുന്നത്. ഇങ്ങനെ പണം പാഴാക്കുന്നതിലും നല്ലത് എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി വിളമ്പുന്നതല്ലേ? ചെലവ് കുറയുന്നതിനൊപ്പം ആഘോഷത്തിന്റെ നിറം കൂടുകയും ചെയ്യും.

English Summary: Healthy Food Habits to Save Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA