കടുത്ത വേനലിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

monsoon-fruits
SHARE

ശരീരത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജലാംശം നഷ്ടമാകുന്ന സമയമാണ് ചൂടുകാലം. ശരീരത്തിലെ സ്വാഭാവികമായ ജലത്തിന്റെ അളവു കുറയുന്നത് ക്ഷീണത്തിനും  തളർച്ചയ്ക്കും വഴിവയ്ക്കും. ജലത്തിനൊപ്പം ധാതുലവണങ്ങളും നഷ്ടപ്പെടുന്നുണ്ട്. എളുപ്പം ദഹിക്കുന്ന ലളിതമായ ഭക്ഷണമാണ് നല്ലത് .ശരീരത്തിന്റെ ചൂടു കൂട്ടുന്ന അമിതകലോറിയുള്ള ഭക്ഷണം ചൂടത്ത് ഉപേക്ഷിക്കാം.  തനിനാടൻ ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒപ്പംകൂട്ടാം. കൂടുതൽ ജലാംശമുള്ള ആഹാരത്തിന് പ്രാധാന്യം നൽകണം.  ഉദാഹരണത്തിന് രാവിലെയും രാത്രിയും കഞ്ഞി,പാൽക്കഞ്ഞിപോലുള്ള ആഹാരമാണ് നല്ലത്. 

 ‘വെള്ളംകുടി മുട്ടരുത്’

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം ധാരാളം കുടിക്കണം. രോഗങ്ങൾ ഇല്ലാത്തവർ ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ചൂടു കൂടുന്നതിനനുസരിച്ച് ശരീരത്തിൽനിന്ന് ജലം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഇൗ നഷ്ടം ആവശ്യത്തിന് ജലംകുടിച്ചു മാത്രമേ പരിഹരിക്കാനാവു. 

ശരീരം തണുപ്പിക്കാം

ശരീരത്തിന് തണുപ്പു നൽകുന്ന ഭക്ഷണമാവണം കൂടുതലായി തിരഞ്ഞെടുക്കേണ്ടത്.  സസ്യാഹാത്തിന് പ്രാധാന്യം നൽകണം. അരിയും ഗോതമ്പും ചൂടുകാലത്ത് നല്ലതാണ്. പച്ചക്കറികളും പഴയങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരത്തിന് കുളിർമയും ഉൻമേഷവും നൽകുന്നവയാണ് ഇവ. കിഴങ്ങു വർഗങ്ങൾ നല്ലതാണ്.  പോഷകങ്ങളാൽ സമ്പന്നമായ തൈര് ആവാം. നാലു മണിക്ക് നാടൻ പലഹാരങ്ങൾ ഉൾപ്പെടുത്തിയ ലഘുഭക്ഷണമാണ് നന്ന്. എണ്ണ ചേർത്തത് ഒഴിവാക്കുക. 

മാംസാഹാരം ഒഴിവാക്കാം

മാംസാഹാരങ്ങളിൽ പലതും ചൂടുകാലത്ത് ഒഴിവാക്കേണ്ടതാണ്. കോഴിവിഭവങ്ങൾ പൊതുവേ ചൂടാണ്. നോൺ വെജ് നിർബന്ധമുള്ളവർക്ക് മീനോ (പ്രത്യേകിച്ച് ചെറുമീനുകൾ) ആടിന്റെ ഇറച്ചിയോ ആവാം. മുട്ട ചൂടാണ്. എരിവും പുളിയും ഉപ്പും കൂടുതലായി ശരീരത്തിനുള്ളിൽ ചെല്ലുന്നത് ഈ സമയത്ത് അപകടം ക്ഷണിച്ചുവരുത്തും.  അമിത ചൂടോടെ ഭക്ഷണം കഴിക്കാതെ അൽപം ‌ആറിയതിനുശേഷം കഴിക്കാം. വറ്റൽമുളകിന് പകരം കുരുമുളകോ പച്ചമുളകോ ചേർത്ത് പാചകം ചെയ്യണം. 

ജങ്ക് ഫുഡ് വേണ്ട

ജങ്ക് ഫുഡ് യാതൊരു കാരണവശാലും കൊടുംവേനലിൽ വേണ്ട. എണ്ണപ്പലഹാരങ്ങൾ, അച്ചാറുകൾ, ബിരിയാണി, പൊറോട്ട പോലുള്ളവ  തൽക്കാലത്തേക്ക് ഒഴിവാക്കാം. എരിവും പുളിയും കൂടുതലുള്ള കറികൾ ഉപേക്ഷിക്കണം.  

സോഫ്റ്റ് ഡ്രിങ്ക്സ് അപകടകരം

ചൂടാണെന്നു കരുതി കൃത്രിമ പാനീയങ്ങൾ കുടിക്കരുത്. കരിക്കിൻ വെള്ളം, മോര്,  കഞ്ഞിവെള്ളം, ഉപ്പിട്ട നാരാങ്ങാവെള്ളം, പഴച്ചാറുകൾ എന്നിവ ധാരാളമായി കുടിക്കാം. പഴച്ചാറുകൾ എന്നതിലുപരി പഴങ്ങൾ അങ്ങനെതന്നെ കഴിക്കുന്നതാണ് ഉത്തമം. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയിലെ നാരുകളുടെ തനതു സ്വഭാവം നഷ്ടപ്പെടുന്നു, ബയോഫ്ളേവനോയ്ഡുകൾ കുറയുന്നു. ഒപ്പം നാം ജ്യൂസുകളിലേക്ക് ചേർക്കുന്ന പഞ്ചസാരയുടെ അളവും കൂടും. കരിക്ക് ആവാം. കാപ്പിയും ചായയും അമിതമായി കുടിക്കുന്നത് നന്നല്ല. ഇവയിലുള്ള കഫീൻ ശരീരത്തിന് ദോഷമാണ്. മാത്രമല്ല കഫീൻ കൂടുതലായി മൂത്രം ഉൽപ്പാദിപ്പിക്കും. ചുരുക്കത്തിൽ ചായയും കാപ്പിയുമൊക്കെ ശരീരത്തിലെ വെളളത്തിന്റെ അളവു കുറയ്ക്കാനേ ഉപകരിക്കൂ. 

അമിതമായി കഴിക്കരുത്

മിതഭക്ഷണമാണ് ഇക്കാലത്ത് നല്ലത്. കൂടുതൽ ഭക്ഷണം കഴിച്ച് വയറിന് അമിതസമ്മർദം നൽകരുത്. മറ്റ് ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ എണ്ണയ്ക്കുപകരം നെയ്യിൽ പാകം ചെയ്യുന്നതാണ് നല്ലത്. 

English Summary: Healthy Summer Foods to Add to Your Diet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA