ADVERTISEMENT

ചില വിഭവങ്ങളില്ലേ, ആദ്യം രുചിക്കുമ്പോൾ അത്ര സുഖമായി തോന്നാത്തവ. എന്നാലും കഴിച്ചുതുടങ്ങുമ്പോൾ അവ രുചിയുടെ പുതിയ അടരുകൾ തുറന്ന് അദ്ഭുതപ്പെടുത്തും. പിന്നെപ്പിന്നെ എത്ര കാലംകഴിഞ്ഞാലും നാവിലൂറിനിൽക്കുംപോലെ സ്വാദിഷ്ഠമാകും. അങ്ങനെയായിരുന്നു അശ്വനി ഗീതാ ഗോപാലകൃഷ്ണൻ എന്ന പെൺകുട്ടിക്ക് അവളുടെ കരിയർ – പാചകം. 

aswini-02
അശ്വനി ഗീതാ ഗോപാലകൃഷ്ണൻ

കരിയറിൽ കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകാതെ വന്നപ്പോൾ ഹോട്ടലിലെ കിച്ചണിൽ ഇരുന്നു പൊട്ടിക്കരഞ്ഞിട്ടുണ്ട് അശ്വനി. അന്ന് സീനിയർ ഷെഫ് പറഞ്ഞ ഒരു ഉപദേശം ജീവിതത്തിലും വഴിത്തിരിവായി, ‘ഈ കരച്ചിൽ കൊണ്ട് ഒന്നും നേടാൻ പറ്റില്ല, സ്വന്തമായി മോട്ടിവേറ്റ് ചെയ്ത് മുന്നോട്ട് പോവുക... ആരേയും പേടിക്കാതെ മുന്നോട്ട് പോകുക..’ 

അശ്വനി ഗീതാ ഗോപാലകൃഷ്ണന്റെ രുചിയാത്രയിലൂടെ...

അച്ഛന്റെ നിർദേശ പ്രകാരമാണ് പ്ലസ് ടു കോഴ്സിനു ശേഷം പാചകം കരിയറാക്കാൻ അശ്വനി തീരുമാനിക്കുന്നത്. താജിന്റെ കൾനറി ആർട്ട് കോഴ്സിന്  അപേക്ഷ അയക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. നാട്ടിൻപുറത്തു നിന്ന് എത്തിയതു കൊണ്ട് ഭാഷയുടെ പ്രശ്നം, പല ഘട്ടങ്ങളായുള്ള ഇന്റർവ്യൂ... പക്ഷേ എല്ലാ കടമ്പകളും കടന്ന് കോഴ്സിന് അഡ്മിഷൻ ലഭിച്ചു.

പഠനം

കരിയറിനെക്കുറിച്ച് വലിയ ധാരണയില്ലാതെ പഠനം തുടങ്ങി, കോളജിൽ എത്തിയപ്പോൾ ഒന്നും അറിയാൻ വയ്യാത്ത അവസ്ഥ. കോഴ്സ് തുടങ്ങിയ ശേഷമാണ് കരിയറിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. അടുപ്പമുള്ള പലരും വീട്ടുകാരോടു ചോദിച്ചു: ‘എന്തിനാണ് ഈ കുട്ടിയെ ഇത്രയും പൈസ മുടക്കി പഠിപ്പിക്കുന്നത്?’ പക്ഷേ അച്ഛനും അമ്മയും സഹോദരനും അത്തരം ചോദ്യങ്ങളെ ചിരിച്ചുതള്ളി അശ്വനിക്കൊപ്പം നിന്നു, ധൈര്യം കൊടുത്തു. ഈ കോഴ്സിൽ നിന്നു കരിയർ വളർത്തണമെന്ന വാശി അങ്ങനെ അശ്വതിയിൽ തിളച്ചുതുടങ്ങി.

കരിയർ

‘ജോലി ലഭിച്ച ശേഷം നിരവധി വെല്ലുവിളികളായിരുന്നു കാത്തിരുന്നത്. ഷെഫ് ജോലിക്ക് സ്ത്രീകൾ വളരെക്കുറവായിരുന്നു. പുരുഷൻമാരുടെ സാമ്രാജ്യമായിരുന്നു അത്. ഈ ജോലിക്ക് സ്ത്രീകൾ പറ്റില്ല തുടങ്ങിയ മുൻവിധികളും ഏറെ. ആ വെല്ലുവിളികളെയൊക്കെ മറികടക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പുരുഷൻമാർ 12 മണിക്കൂർ ജോലി ചെയ്യുന്നെങ്കിൽ 14 മണിക്കൂർ ജോലി ചെയ്യുക. അവർ ഒരു അസൈൻമെന്റ് തനിച്ച് ചെയ്യുന്നുണ്ടെങ്കിൽ നമ്മളും അതുപോലെ തന്നെ മത്സരിച്ച് ചെയ്യുക. അങ്ങനെ ആദ്യത്തെ മൂന്ന് വർഷം ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ നന്നായി കഷ്ടപ്പെട്ടു. 2010 ൽ കരിയർ തുടങ്ങിയെങ്കിലും സ്വന്തമായൊരു സ്റ്റൈൽ രൂപപ്പെടുത്താൻ ആദ്യമൊന്നു സാധിച്ചില്ല. 2011 ൽ ബെംഗളൂരു താജിൽ ജോലിക്ക് കയറിയ ശേഷമാണ് കരിയറിൽ കൂടുതൽ ഫോക്കസ് ആയത്. ജോലിയെക്കുറിച്ച് കൃത്യമായ മാർഗ നിർദേശം ലഭിച്ചു എന്നുള്ളതാണ് അവിടെ നിന്നു ലഭിച്ച ആദ്യത്തെ പ്ലസ് പോയിന്റ്. ജോലി ചലഞ്ചിങ് ആയിരുന്നെങ്കിൽ പോലും അവിടുത്തെ അന്തരീക്ഷം സ്ത്രീകളെ സ്വീകരിക്കുന്ന തരത്തിലുള്ളതായിരുന്നു. അവിടുത്തെ ഏറ്റവും സീനിയർ ഷെഫിന് 64 വയസ്സു വരും. അവരുടെ മുൻപിൽ പഠിത്തം കഴിഞ്ഞ് നേരെ ചെന്നപ്പോൾ, എന്നെ കൊണ്ട് ഇത് പറ്റും എന്ന് തെളിയിക്കുന്ന ടാസ്കുകൾ ആദ്യം തന്നെ ഏറ്റെടുത്തു, തെളിയിച്ചു.

പണ്ടൊക്കെ ഷെഫ് ജോലിക്ക് ഇത്രയും പഠിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഏതെങ്കിലും ഹോട്ടലിൽ ജോലിക്ക് കയറി, പാത്രം കഴുകി, പച്ചക്കറികൾ അരിയാൻ തുടങ്ങി, പാചകത്തിൽ സഹായിച്ച്... പതിയെ പാചകം പഠിച്ചെടുത്ത് വലിയ ഷെഫുമാർ ആയവരുണ്ട്. അതിനും ശേഷം ഫുഡ് ക്രാഫ്റ്റിലെ ഒരു ഡിപ്ലോമ എടുക്കുക, ഷെഫ് ആവുക എന്നതായിരുന്നു ട്രെൻഡ്. ആ ലോകത്തേക്കാണ് നാലു വർഷത്തെ പഠന ശേഷം ഡിഗ്രിയുമായി വരുന്നത്. പഠിച്ചതിന്റെ ലേശം അഹങ്കാരത്തിൽ ഈ കരിയറിൽ കയറിയാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. അനുഭവസമ്പത്തിൽ ജോലിയിൽ മികവു പുലർത്തുന്ന സീനിയേഴ്സിനു തോന്നും ‘ഓ വല്ല്യ പഠിത്തക്കാരി വന്നിരിക്കുന്നു...’ഈ രണ്ടു പ്രശ്നങ്ങൾ വരാതെ നോക്കണം. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ഡിഗ്രിയുടെ വലിപ്പം കാണിക്കുകയല്ല, പഠിക്കാൻ വന്നതാണ് എന്ന ബോധ്യം വേണം. അതൊക്കെ മനസ്സിലാക്കാൻ കുറച്ച് സമയം എടുക്കും. അവിടെ കൃത്യമായ നിർദേശങ്ങൾ തരാൻ എക്സിക്യൂട്ടിവ് സൂ ഷെഫ് തോമസ് ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ പറഞ്ഞു: ‘അശ്വിനി നിങ്ങളുടെ ഒരു സ്പെയ്സ് നിങ്ങൾ തന്നെ ഇവിടെ ഉണ്ടാക്കണം. വേറെ ആരും കരിയറിൽ സഹായിക്കാൻ ഉണ്ടാകില്ല.’

ആദ്യമൊക്കെ ജോലിയിലെ ചെറിയ കാര്യങ്ങൾക്കുപോലും സങ്കടപ്പെടുമായിരുന്നു. ഒരു ഗ്രിപ്പ് കിട്ടിക്കഴിഞ്ഞാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും, മറ്റുള്ളവർ നമ്മളെ സഹായിക്കും. മൂന്നു വർഷം താജിൽ ജോലിചെയ്ത ശേഷം, ബെംഗളൂരുവിലെ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഷെഫ് ട്രെയിനറായി ഒരു വർഷം ജോലി ചെയ്തു. അതിനുശേഷം മൂന്ന് വർഷം ഫ്രീലാൻസ് കൺസൽറ്റന്റ് ആയി. ഫുഡ് ബിസിനസിനൊടായിരുന്നു താത്പര്യം. പാർട്നേഴ്സുമായി ചേർന്ന് റൂറൽ ബ്ളൂസ് എന്ന പേരിൽ ബെംഗ്ളൂരുവിൽ ഒരു റസ്റ്ററോ ബാർ ഓപ്പൺ ചെയ്തു. 2017 ൽ ഹയത്തിൽ ഷെഫ് ആയി ചേർന്നു. ഹയത്തിൽ വന്നതിനു ശേഷം ലൈം ലൈറ്റിലേക്ക് വന്നു. അവിടെ കൂടുതലും സ്ത്രീകളാണ് ജോലി ചെയ്തിരുന്നത്. കൂടുതൽ മീഡിയ എക്സ്പോഷർ ലഭിച്ചു, ആത്മവിശ്വാസം കൂടി.

aswini-03
അശ്വനി ഗീതാ ഗോപാലകൃഷ്ണൻ

10 വർഷത്തെ അനുഭവങ്ങൾ
ട്രെൻഡ് മാറി കൊണ്ടിരിക്കുകയാണ്. ഈ ജോലിയിൽ ആൺ–പെൺ വ്യത്യാസം ശാരീരിക ക്ഷമതയുടെ കാര്യം മാത്രമേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. തുടകത്തിൽ ചിലപ്പോൾ 25 കിലോ സവാളയൊക്കെ നിന്ന നിൽപ്പിൽ അരിയേണ്ടി വരും. അത് ജോലിയുടെ ഭാഗമാണ്. ദീർഘനേരം ജോലി ചെയ്യാനുള്ള കഴിവ് ഉണ്ടെന്ന് തെളിയിച്ചു കഴിഞ്ഞാൽ ആർക്കും ഈ മേഖലയിൽ ശോഭിക്കാം. ആറ്റിറ്റ്യൂഡ്, പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള മനസ്സ്–  ഇത് രണ്ടും നിശ്ചയമായും ഷെഫ് ലൈഫിൽ വേണം. പ്രത്യേകിച്ച് പുതിയതായി ഈ ജോലിയിലേക്ക് വരുന്നവർക്ക്. കോഴ്സിൽ പഠിച്ചതൊക്കെ മാറ്റിവച്ച് പുതിയ കാര്യങ്ങൾ പഠിക്കാൻ തയാറായി വേണം വരാൻ. ഫുഡ് വ്ളോഗേഴ്സ്, ക്രിട്ടിക്സ്, ഫുഡ് ആർട്ട്, ചെറിയ സംരംഭങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് ഭക്ഷണ മേഖലയിൽ ഇപ്പോൾ കാണുന്നത്.

സ്ത്രീകൾ ഈ മേഖലയിലേക്ക് വരുന്നത് കുറവാണോ?
കുടുംബാംഗങ്ങളുടെ സഹകരണമില്ലാതെ ഈ ജോലിയിൽ നിലനിൽക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ഈ ജോലിയിൽ നിൽക്കാൻ വീട്ടിൽ നിന്നു നല്ല സപ്പോർട്ട് വേണം. അത് പലർക്കും ലഭിക്കുന്നില്ല, നല്ല സമ്മർദ്ദമുള്ള ജോലിയാണിത്. മനസ്സിന്റെ ബലവും ശരീരത്തിന്റെ ബലവും ഉണ്ടെങ്കിൽ എവിടെയും പാചകം ചെയ്യാം, സ്ത്രീയായാലും പുരുഷനായാലും.

ഇൻസ്പയർ ചെയ്ത ഷെഫ്...
ഫേവറേറ്റ് ഷെഫ് എന്നൊരു കോൺസപ്റ്റ് ഇല്ല. ജീവിതത്തിൽ മോട്ടിവേഷൻ തന്ന ഒരു ഷെഫ് ഉണ്ട്, ആദ്യം ജോലി ചെയ്ത സ്ഥലത്തെ ഷെഫ് നീത നാഗരാജ്. ഒരിക്കൽ എന്തോ കാര്യത്തിന് കരഞ്ഞപ്പോൾ അവർ പറഞ്ഞു, ‘ഈ കരച്ചിൽ കൊണ്ട് ഒന്നും നേടാൻ പറ്റില്ല, സ്വന്തമായി മോട്ടിവേറ്റ് ചെയ്ത് ജീവിതത്തിൽ മുന്നോട്ട് പോവുക എന്നതല്ലാതെ വേറൊന്നും ഇതിനകത്ത് ചെയ്യാനില്ല’. അന്നുതൊട്ട് അവരെ ശ്രദ്ധിക്കാൻ തുടങ്ങി, അവരുടെ ‘നോ ഫിയർ ആറ്റിറ്റ്യൂഡ്’ കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യാൻ പറ്റുമെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് കരയേണ്ടി വന്നിട്ടില്ല. നമ്മുടെ കണ്ണുനീർ മറ്റുള്ളവർ കാണുമ്പോൾ നമ്മുടെ വീക്ക്നസ് ആണ് കാണിച്ചു കൊടുക്കുന്നത്. വീക്ക്നസ് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്താൽ മറ്റുള്ളവർ അത് വീണ്ടും ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആരുടെ മുന്നിലും കരയാതിരിക്കുക എന്നതാണ് കരിയറിൽ വിജയിക്കാൻ നല്ലത്. അത് പഴ്സനൽ ലൈഫിലും സഹായിച്ചു. എന്തു വന്നാലും പൊതുസ്ഥലത്ത് കരയുകയോ നമ്മുടെ ഇമോഷൻസ് പുറത്തു കാണിക്കുകയോ ചെയ്യുന്ന പരിപാടി പിന്നീട് ഉണ്ടായിട്ടില്ല.

സൂപ്പർ ഹിറ്റ് പഴങ്കഞ്ഞി
ഹയാത്തിൽ ജോലി ചെയ്യുമ്പോൾ ‘പഴങ്കഞ്ഞി’ വിളമ്പുന്ന ആശയത്തിന്, ഇതൊക്കെ കുടിക്കാൻ ആരെങ്കിലും വരുമോ എന്ന ചോദ്യം ചിലരിൽ നിന്നെങ്കിലും ഉണ്ടായിരുന്നു. ആളുകൾ, പ്രത്യേകിച്ച് വിദേശത്തുനിന്ന് അവധിക്കു നാട്ടിൽ എത്തുന്നവർ വളരെയധികം ഗൃഹാതുരത്വത്തോടെയാണ് ഈ വിഭവത്തെ സ്വീകരിച്ചത്. ചില അതിഥികൾ ഇത് കഴിച്ചിട്ട് കരഞ്ഞിട്ടുമുണ്ട്. ഷെഫ് ലൈഫിലെ നല്ല ഓർമകൾ.

ബുള്ളറ്റിൽ യാത്ര ചെയ്യുക പിന്നെ ഫുഡ് കഴിക്കുക...
പത്തനംതിട്ട റാന്നിയിലെ വീട്ടിൽനിന്ന് ചെറുപ്പത്തിൽത്തന്നെ വീട്ടുകാർ എല്ലാം ചേർന്ന് എറണാകുളത്തേക്ക് ഭക്ഷണം കഴിക്കാനുള്ള ചില യാത്രകൾ ഉണ്ടായിരുന്നു.പാചകം പഠിച്ച ശേഷം ഇപ്പോൾ വീട്ടുകാർ പറയും ദേഷ്യം വന്നു കഴിയുമ്പോഴാണ് അശ്വിനി ഏറ്റവും നന്നായി ഫുഡ് ഉണ്ടാക്കുന്നതെന്ന്. അമൃത്‌സറിൽ വച്ച് ജോലി കഴിഞ്ഞ് ബുള്ളറ്റുമായി 150 കിലോമീറ്റർ യാത്രചെയ്ത് ഹവേലിയിൽ പോയി ബട്ടർ കുൽച്ചയൊക്കെ കഴിച്ച് തിരിച്ചു വന്ന് വീണ്ടും ജോലിക്കു കയറിയ അനുഭവങ്ങളൊക്കെയുണ്ട്. ബെംഗളൂരു, ഹൊഗനക്കൽ, ഹംപി, കോഴിക്കോട് എല്ലാം പ്രിയപ്പെട്ട ഫുഡ് സ്ഥലങ്ങൾ കൂടിയാണ്.

ജീവിതത്തിലേക്ക് എത്തുന്ന കുഞ്ഞ് അതിഥിക്കായി ജോലിയിൽ നിന്നും ബ്രേക്ക് എടുത്ത് കാത്തിരിപ്പിലാണ് അശ്വിനിയിപ്പോൾ. ലീവിന് ശേഷം പുതിയൊരു കൾനിറി സംരംഭവുമായി പാചക ലോകത്ത് തന്റെ കൈയൊപ്പ് പതിപ്പിക്കാനുള്ള ചില ആശയങ്ങളും അശ്വിനിക്കുണ്ട്.

English Summary: Aswini Geetha Gopalakrishnan, Sous Chef, Chef Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com