വേനൽക്കാലത്ത് എത്ര അളവിൽ വെള്ളം കുടിക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • എപ്പോഴും കൈയിൽ ഒരു വാട്ടർ ബോട്ടിൽ കരുതുക. ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ
Drinking Water
SHARE

ശരീരത്തിന്റെ 60% വെള്ളമാണ്, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരോഷ്മാവ് ക്രമീകരിക്കുക, സന്ധികളുടെ ശരിയായ പ്രവർത്തനം, ശരീരത്തിലെ മാലിന്യം പുറന്തള്ളുക, ദഹനപ്രക്രിയയിൽ സഹായിക്കുക തുടങ്ങി വെള്ളത്തിന്റെ ജോലികൾ ഏറെയാണ്. അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ ശരീരത്തിൽ നിന്നു കൂടുതൽ വെള്ളം നഷ്ടപ്പെടും. അതുകൊണ്ടു തന്നെ നിറയെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

മസിൽ കയറുക, തളർച്ച, അമിതമായ ദാഹം തുടങ്ങിയവയാണ് ശരീരത്തിലെ നിർജ്ജലീകരണം അഥവാ ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങൾ. ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ തലച്ചോറിന്റെ ചിന്താശക്തി പോലും നഷ്ടപ്പെട്ടേക്കാം. മൂത്രത്തിന്റെ അളവും നിറവും ശരീരത്തിന് ആവശ്യത്തിനു വെള്ളം ലഭിക്കുന്നുണ്ടോ എന്നതിന്റെ സൂചികയാണ്. ശരീരത്തിൽ വെള്ളത്തിന്റെ അളവു കുറയുന്നത് അനുസരിച്ച്, മൂത്രത്തിന്റെ മഞ്ഞനിറം കൂടും.

ശരീരത്തിൽ നിന്ന് ഒരു ശതമാനം വെള്ളം നഷ്ടപ്പെടുമ്പോഴാണ് നമുക്കു ദാഹിക്കുന്നത്. അതു കൊണ്ടു തന്നെ ദാഹിക്കുന്നതിനു മുൻപു തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. 

ശരീരഭാരം, പ്രായം, ജോലി എന്നിവയെല്ലാം കണക്കിലെടുത്താണ് ഓരോരുത്തരും വെള്ളം കുടിക്കുന്നതിന്റെ അളവു തീരുമാനിക്കുന്നത്. എട്ട് ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ് പൊതുവായ കണക്ക്. ഒരു ഗ്ലാസ് എന്നാൽ എട്ട് ഔൺസ്, ഏകദേശം 235 മില്ലി എപ്പോഴും കൈയിൽ ഒരു വാട്ടർ ബോട്ടിൽ കരുതുക. ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ഡസ്കിൽ ഒരു കുപ്പി വെള്ളം വയ്ക്കണം. വെള്ളം കാണുമ്പോൾ കുടിക്കാൻ തോന്നും. 

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ്, 11 മണി, ഒരു മണി, മൂന്നു മണി, ആറു മണി, ഒന്‍പതു മണി എന്നിങ്ങനെ സമയം സെറ്റ് ചെയ്തു വെള്ളം കുടിക്കാം. അതല്ലെങ്കിൽ 750 മില്ലി വെള്ളം കൊള്ളുന്ന ഒരു കുപ്പി മൂന്നു തവണ നിറച്ചു കുടിക്കണം. ഇങ്ങനെ ശ്രമിച്ചാൽ ഒരു പരിധി വരെ ശരീരത്തിന് ആവശ്യമുള്ള വെള്ളം ഉള്ളിൽ ചെല്ലും. വെള്ളത്തിൽ നാരങ്ങ, സാലഡ് കുക്കുമ്പർ, പുതിനയില, ഇഞ്ചി എന്നിവ മുറിച്ചിടുന്നതും ഗുണം ചെയ്യും. 

പലപ്പോഴും വിശക്കുന്നു എന്നു തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി. വിശപ്പകറ്റാം. ചായയും കാപ്പിയും മറ്റും കുടിക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യണമെന്നില്ല. മധുരപാനീയങ്ങളും സോഡയും മറ്റും ഒഴിവാക്കുക. ഇവ ദഹിപ്പിക്കാൻ ആമാശയത്തിനു കൂടുതൽ പ്രയത്നിക്കേണ്ടി വരും. പഴച്ചാറുകൾ വെള്ളം ചേർത്തു നേർപ്പിച്ചു കുടിക്കാം. 

20–30 ശതമാനം വെള്ളം ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്. സാലഡ് കുക്കുമ്പർ, തണ്ണിമത്തങ്ങ, ചീര ഇവയിലെല്ലാം ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. 

ചിയ സീഡിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. വെള്ളം വലിച്ചെടുക്കുന്ന സ്വഭാവം ഉള്ളതിനാൽ വ്യായാമത്തിനും മറ്റും മുൻപ് വെള്ളത്തിൽ കുതിർത്ത ചിയ സീഡ്സ് കഴിക്കുക. 

തേങ്ങാ വെള്ളവും ഏറെ നല്ലതാണ്. പലതരം ലവണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. തേങ്ങാ വെള്ളവും കരിക്കും മറ്റും ഫ്രീസ് ചെയ്ത് ഐസ്ക്യൂബാക്കി ജ്യൂസുകളിൽ ചേർക്കാം. 

തൈരും മോരും ആണ് മറ്റൊന്ന്. ദഹനക്കേട് അകറ്റാനും ശരീരത്തിനു തണുപ്പു ലഭിക്കാനും ഇവ വളരെ നല്ലതാണ്. 

ദിവസേന ഒരു കപ്പ് ഗ്രീൻടീ കഴിക്കുന്നതും നല്ലതാണ്. മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണത്തിനു കാരണമാകും.

തണ്ണിമത്തങ്ങ മിന്റ് സാലഡ്

  • തണ്ണിമത്തങ്ങ തൊലി കളഞ്ഞു കഷണങ്ങളാക്കിയത് – 3 കപ്പ് സാലഡ് കുക്കുമ്പർ തൊലി കളഞ്ഞു കഷണങ്ങളാക്കിയത് – 1 ½  കപ്പ്
  • മല്ലിയില, പുതിനയില – 2 ടേബിള്‍ സ്പൂൺ വീതം
  • ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ
  • നാരങ്ങാ നീര് – 2 ടേബിൾ സ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 2 ടീ സ്പൂൺ
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം 

തണ്ണിമത്തങ്ങ തൊലി കളഞ്ഞു കഷണങ്ങളാക്കിയതു മൂന്നു കപ്പ്, സാലഡ് കുക്കുമ്പർ തൊലി കളഞ്ഞു കഷണങ്ങളാക്കിയത് ഒന്നരക്കപ്പ് എന്നിവ യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം. രണ്ടു ടേബിൾ സ്പൂൺ വീതം മല്ലിയിലയും പുതിനയിലയും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, രണ്ടു ടേബിൾ സ്പൂൺ നാരങ്ങാ നീര്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞത്, രണ്ടു ടീ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് പാകത്തിനുപ്പ് എന്നിവ യോജിപ്പിച്ച് അടിക്കുക. ഇതു ഫ്രിഡ്ജിൽ നിന്നെടുത്ത് തണ്ണിമത്തൻ–കക്കുമ്പർ കൂട്ടിൽ ചേർത്തിളക്കി വിളമ്പാം. 

English Summary: Benefits Of Drinking Water In Summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA