ADVERTISEMENT

കഴിച്ച കാലറി എങ്ങനെയെങ്കിലും ഉരുക്കി കളയാനല്ലേ വ്യായാമം ചെയ്യുന്നത്. അപ്പോഴാണോ വ്യായാമം കഴിഞ്ഞയുടൻ ഫുഡ് അടിക്കുന്ന കാര്യം പറയുന്നത് എന്നാണോ? എങ്കിൽ അറിഞ്ഞോളൂ. കഠിന വ്യായാമം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കണം. ലഘു വ്യായാമമാണെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞ് കഴിച്ചാലും മതി. അറിയാം ഇത്തരം ചില ‘പോസ്റ്റ് വർക്കൗട്ട്’ ഭക്ഷണകാര്യങ്ങള്‍.

∙വ്യായാമം ചെയ്യാൻ ശരീരത്തിന് ഊർജം ആവശ്യമാണ്. പേശികളിലെ ഗ്ലൈക്കോജൻ സ്റ്റോർഴ്സിൽ നിന്നാണ് ഈ ഊർജം ശരീരമെടുക്കുക. വ്യായാമ ശേഷം ഊർജം നിറയ്ക്കാനും പേശികൾക്കും ബലം കിട്ടാനുമാണ് ലഘുവായി ആഹാരം കഴിക്കുകയോ കുടിക്കുകയോ ചെയ്യണമെന്നു പറയുന്നത്.

∙മസിൽ ബിൽഡ് അപ്പാണ് ലക്ഷ്യമെങ്കിൽ അധികമായി പ്രോട്ടീൻ അടങ്ങിയവ വേണം കഴിക്കാൻ. മുട്ടവെള്ള കോഴിയിറച്ചി എന്നിവ നല്ലതാണ് അതല്ലെങ്കിൽ ഒരു ഗ്ലാസ് കൊഴുപ്പു നീക്കിയ പാൽ. ഒരു ഏത്തപ്പഴം, ഒരു വലിയ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്സിയിലാക്കി അടിച്ചു കുടിക്കാം. പയർ മുളപ്പിച്ചതോ കടല മുളപ്പിച്ചതോ കഴിക്കുന്നതും നല്ലതാണ്.

∙തടി കുറയ്ക്കാനാണ് ശ്രമമെങ്കിൽ കാലറിയുടെ അളവ് കുറഞ്ഞവ കഴിക്കുക. ഫ്രൂട്സ് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യാം. തണ്ണിമത്തങ്ങ നല്ലൊരു ചോയ്സാണ്. 90 ശതമാനത്തിലേറെ വെള്ളത്തിന്റെ അംശമുള്ള തണ്ണിമത്തങ്ങ ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും. അധികം കാലറിയും ഉള്ളിലെത്തില്ല. കട്ടത്തൈരും പഴങ്ങളും ചേർത്തു ഫ്രൂട്ട് ബൗൾ തയാറാക്കി കഴിക്കുകയുമാവാം.

∙ഉന്മേഷവും ഊർജവും നിറച്ച് ആരോഗ്യം പരിപാലിക്കാനായി ലഘു വ്യായാമം ചെയ്യുന്നവരും പ്രോട്ടീനും കാർബോഹൈഡ്രേറ്റും നിറഞ്ഞ ലഘുഭക്ഷണം കഴിക്കണം. ഒരു ഹോൾ വീറ്റ് ബ്രഡിൽ പീനട്ട് ബട്ടറോ ആമൺ ബട്ടറോ പുരട്ടി കഴിക്കാം. അതല്ലെങ്കിൽ ഒരു മുട്ട വെള്ള പുഴുങ്ങിയതും ബ്രൗൺ ബ്രഡ് സ്ലൈസും കഴിക്കാം. അൽപം ഓട്സ് കുറുക്കി ഉണക്കമുന്തിരി ചേർത്തു കഴിക്കുന്നതും നല്ലതാണ്.

∙വർക്കൗട്ടിനു ശേഷം ഒന്നും കഴിക്കാൻ തോന്നുന്നില്ലെങ്കിൽ എന്തെങ്കിലും കുടിക്കുക. വെള്ളം, സ്മൂത്തി, ജ്യൂസ് തുടങ്ങി ഇഷ്ടമുള്ളതെന്തും തിരഞ്ഞെടുത്തോളൂ. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കോശങ്ങളിൽ ഓക്സിജൻ എത്തിക്കാനും മസിലുകളുടെ കരുത്തിനും സഹായിക്കും. 

English Summary: What to eat after a workout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com