sections
MORE

ആശങ്ക വേണ്ട; 'നുമ്മ ഊണ്' തുടരും; ഇതുവരെ നിറഞ്ഞുണ്ടത് 1.78 ലക്ഷം പേർ!

numma-oonnu
SHARE

ഏപ്രിൽ 30 വരെ;  അതിനുശേഷം? പണം മുടക്കി ഉച്ച ഭക്ഷണം വാങ്ങാൻ കഴിയാത്തവരുടെ മനസ്സുകളിൽ ആശങ്കയുടെ തീ പടർത്തുന്ന ചോദ്യമായിരുന്നു അത്. കൊച്ചി ജില്ലാ ഭരണകൂടം നടപ്പാക്കിവരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന ദിനമാണ് ഏപ്രിൽ 30. ആശങ്ക വേണ്ട: പദ്ധതി തുടരുമെന്നാണു കലക്ടർ എസ്. സുഹാസ് നൽകുന്ന സൂചന. പദ്ധതിക്കു ധനസഹായം ലഭ്യമാക്കുന്ന പെട്രോനെറ്റ് എൽഎൻജിക്കും പദ്ധതി തുടരാനാണു താൽപര്യം.

കീശയിൽ നാണയത്തുട്ടുണ്ടോയെന്നു പരിശോധിക്കാതെ അർഹരായവർക്ക് അന്നം വിളമ്പിത്തുടങ്ങിയ ‘നുമ്മ ഊണ്’ പദ്ധതിയുടെ തുടക്കം 2 വർഷം മുൻപാണ്. മുൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നേതൃത്വത്തിൽ ‘വിശപ്പുരഹിത നഗരം’ എന്ന ലക്ഷ്യത്തിലേക്കുള്ള  ഉച്ചപ്പടവായിരുന്നു നുമ്മ ഊണ്. പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ഘടകം എന്നിവയുടെ സഹകരണത്തോടെയാണു ജില്ലാ ഭരണകൂടം നുമ്മ ഊണിന് ഇലയിട്ടത്. നഗരത്തിൽനിന്നു തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിലേക്കു നീട്ടി വിളമ്പിയ ഊണ്! 

നിറഞ്ഞുണ്ടത് 1.78 ലക്ഷം പേർ 

2018  ഫെബ്രുവരിയിലാണു പദ്ധതിക്കു തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ ജില്ലാ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നുമായി നിത്യേന 100 കൂപ്പണുകളാണു നൽകിയിരുന്നത്. ഈ കൂപ്പണുകൾ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നിശ്ചയിച്ച ഹോട്ടലുകളിൽ നൽകിയാൽ ഉച്ചഭക്ഷണം സൗജന്യമായി ലഭിക്കും.  ആദ്യ ഘട്ടത്തിൽ കൊച്ചി നഗരത്തിൽ മാത്രമായിരുന്നു പദ്ധതിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 2018 മേയ് 11 മുതൽ ജില്ല മുഴുവൻ വ്യാപിപ്പിച്ചു. കൂപ്പണുകളുടെ എണ്ണം 300 ആയി ഉയർത്തി. അതേ വർഷം ജൂലൈ ഒന്നു മുതൽ കൂപ്പണുകളുടെ എണ്ണം 500 ആക്കി. അഥവാ അഞ്ഞൂറു പേരുടെ വയറും മനസ്സും നിറയ്ക്കാൻ സൗജന്യമായി ഉച്ചഭക്ഷണം. നുമ്മ ഊണിന്റെ രുചിയറിഞ്ഞത് ഇതു വരെ ഏകദേശം 1.78 ലക്ഷം പേർ!  

പദ്ധതി പുതുക്കൽ മേയിൽ

മേയ് മുതൽ ചെറിയ മാറ്റങ്ങളോടെ പദ്ധതി പുതുക്കും. കൂടുതൽ ആവശ്യക്കാരിലേക്ക് എത്തും വിധം പരിഷ്കരിക്കാനാണു ശ്രമമെന്നു നോഡൽ ഓഫിസർ സി.കെ. പ്രകാശ് പറഞ്ഞു. നിലവിൽ, ജില്ലയിൽ 20 കേന്ദ്രങ്ങളിൽ നിന്നാണ് ഉച്ചഭക്ഷണ കൂപ്പണുകൾ ലഭിക്കുന്നത്. തിരഞ്ഞെടുത്ത 39 ഹോട്ടലുകളിൽ ഈ കൂപ്പൺ നൽകിയാൽ ഉച്ചയൂണു മേശയിലെത്തും. കലക്ടറേറ്റ്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കൊച്ചി താലൂക്ക് ഓഫിസ്, വൈപ്പിൻ മാലിപ്പുറം സിഎച്ച്സി, കുന്നത്തുനാട് താലൂക്ക് ഓഫിസ്, പറവൂർ താലൂക്ക് ഓഫിസ്, ആലുവ കെഎസ്ആർടിസി സ്റ്റാൻഡ്, എറണാകുളം കെ എസ് ആർടിസി സ്റ്റാൻഡ് (പൊലീസ് എയ്ഡ് പോസ്റ്റ്), മൂവാറ്റുപുഴ പൊലീസ് എയ്ഡ് പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാൻഡ്, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, അങ്കമാലി റെയിൽവേ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ് (എയ്ഡ് പോസ്റ്റ്), പെരുമ്പാവൂർ മുനിസിപ്പൽ ഓഫിസ്, കണയന്നൂർ താലൂക്ക് ഓഫിസ്, മട്ടാഞ്ചേരി സർക്കാർ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ്, മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡ്, പിറവം സർക്കാർ ആശുപത്രി എന്നീ കേന്ദ്രങ്ങളിൽ നിന്നാണു കൂപ്പണുകൾ ലഭിക്കുക. മേയ് മുതൽ ഇതിൽ ചില സെന്ററുകൾ മാറിയേക്കാം, പുതുതായി കൂട്ടിച്ചേർക്കാനും സാധ്യതയുണ്ട്. 

അന്നം വിളമ്പാൻ 39 ഹോട്ടലുകൾ 

ഓരോ കൂപ്പൺ കൗണ്ടറിനും സമീപത്തെ രണ്ടോ അതിലധികമോ ഹോട്ടലുകളിലാണ് ഉച്ചഭക്ഷണം. ഉച്ചയ്ക്ക് 12 മുതൽ 2 വരെ കൂപ്പണും 12 മുതൽ 2.30 വരെ ഊണും ലഭിക്കും. അവധി ദിവസങ്ങളിലും ഊണിനു മുടക്കമുണ്ടാകില്ല. അർഹരായവർക്കു മാത്രമേ കൂപ്പൺ ലഭിക്കൂ. ഒന്നിലധികം കൂപ്പണുകളോ ഭക്ഷണം പാർസലായോ ലഭിക്കില്ല. ‘നുമ്മ ഊണ്’ പദ്ധതിക്കു രാഷ്ട്രപതി ഭവനിൽനിന്നു വരെ അഭിനന്ദനം ലഭിച്ചിരുന്നു. പദ്ധതിയെക്കുറിച്ചു വിവരം ലഭിച്ച രാഷ്ട്രപതി ഭവനിൽനിന്ന് അന്നത്തെ കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്കു ക്ഷണം ലഭിക്കുകയും അദ്ദേഹം അവിടെപ്പോയി പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. 

വിശപ്പകറ്റാൻ അപൂർവ മാതൃക 

അഗതികൾക്കും രോഗികൾക്കുമൊക്കെ ഒരു നേരത്തെ അന്നം നൽകുന്ന സുമനസ്സുകൾ പലരുണ്ട്. ഭക്ഷണം അഗതി മന്ദിരങ്ങളിലും ആശുപത്രികളിലുമൊക്കെ എത്തിച്ചുനൽകുന്ന വ്യക്തികളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്. ഒരു ജില്ലാ ഭരണകൂടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ഒരു പക്ഷേ, ആദ്യമായാകണം, ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പൊതു– സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സാമൂഹിക സേവനമെന്ന മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട്, നുമ്മ ഊണ് പദ്ധതിക്ക്. പൊതുമേഖലയിലെ പെട്രോനെറ്റ് എൽഎൻജിയുടെ സിഎസ്ആർ (സാമൂഹിക പ്രതിബദ്ധത) ഫൗണ്ടേഷന്റെ ഫണ്ടിൽ നിന്നുള്ള തുകയാണു പദ്ധതിയുടെ ഊർജം. നിറഞ്ഞ മനസോടെ അന്നം വിളമ്പുന്നതാകട്ടെ, സ്വകാര്യ മേഖലയിലെ ഹോട്ടലുകളും. 

English Summary: Numma Oonu Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA