ADVERTISEMENT

പല തരത്തിലുള്ള രോഗങ്ങളാണ് മനുഷ്യർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ കണ്ടുശീലിച്ച രോഗങ്ങൾ മാത്രമല്ല കോറോണോ പോലുള്ള മാരകമായ വൈറസ് രോഗങ്ങളും ഇപ്പോൾ മനുഷ്യ ജീവിതത്തിന് ഭീഷണിയാകുന്നുണ്ട്. നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകുന്നതും. ആരോഗ്യമുള്ള ഒരു ജീവിതം പടുത്തുയർത്തുവാൻ അനിവാര്യമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ച് യോഗാ ഗുരു ഡോ. ഹൻസാജി യോഗേന്ദ്രയുടെ വാക്കുകൾ

1 പഴകിയ ഭക്ഷണം 

ഇന്ന് പാകം ചെയ്യുന്ന ഭക്ഷണം നാളെ കഴിക്കുന്നു. തുടർന്ന് അടുത്ത ദിവസവും അതെ ഭക്ഷണം തന്നെ കഴിക്കുന്നു. ഇത്തരത്തിൽ പഴകിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ദഹനപ്രക്രിയുടെ താളം തെറ്റുന്നു. തുടർന്ന് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഇല്ലാതാവുകയും ഛര്‍ദ്ദി, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പാകം ചെയ്ത ഭക്ഷണത്തിലെ പോഷക ഗുണങ്ങൾ ഇരുപത്തി നാല് മണിക്കൂറിന് ശേഷം നഷ്ടപ്പെടുകയാണ്. അതിനാൽ ഇത്തരത്തിലുള്ള പഴകിയ ഭക്ഷണം തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

2 ആഹാരം ഞൊടിയിടയിൽ

ചുരുങ്ങിയ സമയത്തിനുള്ളിൽ ആഹാരം തയാർ! വേഗതയേറിയ ജീവിത ക്രമത്തിൽ ഭക്ഷണം പാകം ചെയ്യുവാൻ പലപ്പോഴും സമയം ലഭിക്കാറില്ല . ഭക്ഷണം വളരെ പെട്ടന്ന് പാകം ചെയ്യാനും ചൂടാക്കാനും മൈക്രോ ഓവനിലൂടെ സാധിക്കുന്നു. എന്നാൽ ഭക്ഷണത്തിലെ നാരുകളിൽ നിന്ന് ലഭ്യമാക്കേണ്ട ഗുണങ്ങൾ മൈക്രോ ഓവനിൽ വെച്ച് ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുകയാണ്. സാധാരണ ഗതിയിൽ പാലും മറ്റു ദ്രവ രൂപത്തിലുള്ള ആഹാരങ്ങളും ഇപ്രകാരം ചൂടാക്കുന്നത് അപകടം ഉണ്ടാക്കുന്നില്ല. എന്നാൽ ആഹാരം പാകം ചെയ്യാനായി മൈക്രോ ഓവൻ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. 

3 പാക്കറ്റ് ഫുഡ് 

കൊറിക്കാൻ ഒന്നുമില്ലേ...! വൈകിട്ടത്തെ പരിപാടിയിലെ ഒഴിച്ചുകൂടാനാവാത്ത ആഹാരമാണ് ജങ്ക് ഫുഡ് അഥവാ ലഘു ഭക്ഷണം. നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ഇപ്പോൾ ധാരാളം ബേക്കറികൾ ഉണ്ട്. എന്നാൽ ബേക്കറികളിൽ നിന്നും ലഭ്യമാകുന്ന പാക്കറ്റ് ഭക്ഷണങ്ങൾ കേടു വരാതിരിക്കാനായി പല തരത്തിലുള്ള പദാർത്ഥങ്ങൾ ചേർക്കുന്നു. ആഹാരം പാകം ചെയ്യാനുള്ള സമയക്കുറവും അലസതയും കാരണം പലരും ശീതീകരിച്ച പാക്കഡ്‌ ഭക്ഷണ പദാർഥങ്ങൾ ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇത്തരം പാക്കഡ്‌ ഭക്ഷണ പദാർഥങ്ങളുടെ ദൂഷ്യ ഫലങ്ങൾ വലിയ രോഗങ്ങൾക്ക് കാരണമാകും. 

4 ശുദ്ധീകരിച്ച പഞ്ചസാരയും ഉപ്പും മൈദയും

എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്നത് കൊണ്ട് തന്നെ പ്രാതലിനായി നമ്മൾ ആശ്രയിക്കുന്ന ഭക്ഷണമാണ് ബ്രെഡും ജാമും ബട്ടറും. എന്നാൽ ഈ ഭക്ഷണത്തിൽ ചേർത്തിട്ടുള്ള മൈദയും അമിതമായ തോതിലുള്ള പഞ്ചസാരയും ശരീരത്തിന് യാതൊരു തരത്തിലുള്ള ഊർജവും പ്രദാനം ചെയ്യുന്നില്ല. ഇപ്പോൾ ഗോതമ്പ് ബ്രഡ് ആരോഗ്യപ്രദമാണെന്ന് പ്രചരിക്കുന്നു. എന്നാൽ ഗോതമ്പ് ബ്രഡിൽ ഇരുപത്‌ ശതമാനം മാത്രമാണ് ഗോതമ്പ് ചേർത്തിട്ടുള്ളത്. ബാക്കിയുള്ള എൺപത് ശതമാനവും മൈദ തന്നെയാണ്. രാവിലെ നമ്മൾ കഴിക്കുന്ന ആഹാരം വലിയ തോതിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നുണ്ട്. ഇത്തരം ഗുണപ്രദമല്ലാത്ത ഭക്ഷണം കഴിക്കുബോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നില്ല. നിങ്ങൾ മധുര പ്രിയരാണെങ്കിൽ ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം കൽക്കണ്ടം ഉപയോഗിക്കാവുന്നതാണ്. അയോഡൈസ്ഡ് ഉപ്പിന് പകരം ഇന്തു ഉപ്പ്, കറുപ്പ് ഉപ്പ് തുടങ്ങിയ ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത ചേരുവകൾ ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ ആരോഗ്യപ്രദമായ ജീവിത ശൈലി രൂപപ്പെടാൻ സാധിക്കും. 

5 ആസക്തി ഉളവാക്കുന്ന പാനീയങ്ങൾ 

സന്തോഷം വന്നാലും സങ്കടം വന്നാലും പലർക്കും മദ്യമില്ലെങ്കിൽ ഒരു ഗും ഇല്ല!. എന്നാൽ മദ്യത്തോടുള്ള ഈ വിധേയത്വം കടുത്ത നൈരാശ്യമായിരിക്കും ജീവിതത്തിൽ ഉണ്ടാക്കുക. രാവിലെ ഒരു കപ്പ്‌ ചായ കുടിക്കാതെ ദിവസം തുടങ്ങാൻ പോലും സാധിക്കാത്ത മനുഷ്യരുണ്ട്. അതുകൊണ്ട് തന്നെ ചായ കോഫി തുടങ്ങിയ പാനീയങ്ങൾ മിതമായ തോതിൽ ഉപയോഗിച്ച് ശീലിക്കേണ്ടത് മാനസികമായ ആരോഗ്യത്തിന് അനിവാര്യമാണ്. 

എന്തൊക്കെ ഭക്ഷണം കഴിക്കുന്നു എന്നത് പോലെ തന്നെ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതും പ്രധാനമാണ്. വിശപ്പില്ലാത്ത സാഹചര്യങ്ങളിൽ കഴിവതും ഭക്ഷണം കഴിക്കാതിരിക്കുക. അസ്വസ്ഥമായി ഇരിക്കുമ്പോൾ ചിലർ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന ഹോർമോണുകൾ വിപരീത ഫലം ഉണ്ടാക്കുകയും നമ്മുടെ ഊർജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ അസ്വസ്ഥമായി ഇരിക്കുന്ന സാഹചര്യങ്ങളികൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നതായിരിക്കും ഉചിതം.

English Summary: Let food be thy medicine, thy medicine shall be thy food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com