ADVERTISEMENT

കുടിക്കുന്ന വെള്ളത്തിൽ ആരംഭിക്കുന്നു നല്ല ആഹാരത്തിന്റെ തുടക്കം. നമ്മുടെ ശരീരഭാരത്തിന്റെ ഏതാണ്ട് 60 ശതമാനം വെള്ളമാണ്. രണ്ടു ശതമാനമോ അതിലേറെയോ നഷ്ടപ്പെട്ടാൽപ്പോലും ഏറെ ദോഷം ചെയ്യും. ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ ശരീരത്തിനുള്ളിലെ ജലാംശത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ്.  ശരീരത്തിൽ ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ ആരോഗ്യത്തെ വല്ലാതെ ബാധിക്കും. ശരീരത്തിന്റെ ചൂട് കൂടും. ക്ഷീണം അനുഭവപ്പെടും. ദഹനപ്രക്രിയയെ ബാധിക്കും. പേശികളുടെയും എല്ലുകളുടെയും പ്രവർത്തനങ്ങൾക്ക് ദോഷം ചെയ്യും. ഫലമോ നാം രോഗത്തിന് പെട്ടെന്ന്  കീഴ്പ്പെടും.   ശരാശരി ആരോഗ്യമുള്ള ഒരാൾ ദിവസം ഒന്നര മുതൽ മൂന്നു ലീറ്റർ വരെ വെള്ളം കുടിക്കണം. നന്നായി തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളമാണ് ഉപയോഗിക്കേണ്ടത്. 

കരിക്കിൻ വെള്ളം, മോരിൻ വെള്ളം, കഞ്ഞിവെള്ളം,  ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ദിവസവും ഒരു നേരം നിർബന്ധമാക്കാം. ഇലക്ട്രോലൈറ്റുകളും ധാതുക്കളും അടങ്ങിയ ഇവ ശരീരത്തിന് ഉൗർജവും ഉൻമേഷവും പകരും. ഒപ്പം ശരീരത്തിനുള്ളിലെ ജലാംശവും നിലനിർത്തും. 

ചായ നിർബന്ധമെങ്കിൽ കടുപ്പവും മധുരവും കുറച്ച് ദിവസവും രണ്ടു നേരം മാത്രം.  പാലാണെങ്കിൽ ദിവസം ഒരു ഗ്ലാസ് മാത്രം മതി. പോഷകങ്ങളാൽ സമ്പന്നമായ തൈര് ഒരു കപ്പ് ആവാം. ജീവകങ്ങളും കാൽസ്യവും പോഷകങ്ങളും നിറഞ്ഞ തൈര് ശരീരത്തെ കടുത്ത ചൂടിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കും.

ലളിതം ഉത്തമം

എളുപ്പം ദഹിക്ക‌ുന്നതും ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമായ ലളിതമായ ഭക്ഷണക്രമം വേണം ഇക്കാലത്ത് പാലിക്കാൻ.പെട്ടെന്ന് ദഹിക്കുന്ന ആഹാരം കഴിക്കുന്നതിലൂടെ ദാഹവും വിശപ്പും ശമിക്കും, ക്ഷീണം ഇല്ലാതാവും. അതിനായി തനിനാടൻ ഭക്ഷണങ്ങളെ ഒപ്പംകൂട്ടാം.

ജീവനാണ് ജീവകങ്ങൾ

ജീവകങ്ങൾ അടങ്ങിയ ഭക്ഷണത്തിനുവേണം കൂടുതൽ ശ്രദ്ധ നൽകാൻ. ജീവകം–എ, ബി–6, സി, ഡി, ഇ എന്നിവയുള്ള ആഹാരമാണ് നല്ലത്. കാരറ്റ്, ബീറ്റ്റൂട്ട്, പാൽ, ഇലക്കറികൾ, മുട്ട, പഴങ്ങൾ, നെല്ലിക്ക എന്നിവയൊക്കെ ജീവകങ്ങളാൽ സമ്പന്നമാണ്. പ്രൊട്ടീൻ നിറഞ്ഞ പഴയറുവർഗങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചവയാണ്. 

പച്ചക്കറിയും പഴവും 

പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ഉത്തമമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും മികച്ച പ്രതിരോധം തീർക്കു‌ം. പഴങ്ങളിലെ നാരുകൾ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ഇവ രോഗങ്ങൾക്കെതിരെ പ്രതിരോധമതിൽ തീർക്കുകയും ചെയ്യും. ഇവയിലെ ജലാംശം  ശരീരത്തിന് കുളിർമ പകരും.  മാങ്ങ, പൈനാപ്പിൾ, പപ്പായ, ഓറഞ്ച്, പേരയ്ക്ക, പാഷൻഫ്രൂട്ട് എന്നിവ മികച്ചത്. ഉച്ചഭക്ഷണത്തിന് 1–2 മണിക്കൂർ മുൻപ് തൈര് ചേർത്ത സ‌ാലാഡ് ശരീരത്തെ പോഷിപ്പിക്കും. ജലാംശം ഏറെയുള്ള ഉള്ളി, തക്കാളി, വെള്ളരി എന്നിവ സാലഡിൽ നിർബന്ധമാക്കണം. ജലാംശവും പോഷകഗുണവും നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ ഇവ അധികം വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം.   

കഞ്ഞിയെവിടെ

രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം. കഞ്ഞിയും പ്രൊട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ  ആഹാരമാവണം.  ഒപ്പം ചുട്ടെടുത്ത പപ്പടവും, ചമ്മന്തിയുമൊക്കെയായാൽ ഏറെ നന്ന്.  ഇവ വയറിന് നല്ല സുഖവും ശോചനയെ സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്.  കുരുമുളക്, കൊത്തമല്ലി, ചുക്ക്, ജീരകം, അയമോദകം എന്നിവ ചേർത്തുണ്ടാക്കുന്ന കഞ്ഞി രോഗങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. 

അരിപ്രാതൽ

പ്രാതലിന് അരിയാഹാരമാണ് തിരഞ്ഞെടുക്കേണ്ടത്. ദോശ, ഇഡ്‍ഡലി, പുട്ട് തുടങ്ങിയ നാടൻ  ആഹാരങ്ങൾക്ക് മുൻഗണന കൊടുക്കാം. മൈദ അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുന്നതാണ് ഉത്തമം. പച്ചക്കറികൾ ഉൾപ്പെടുത്തിയ ഉൗണാണ് ഉച്ചയ്ക്ക് നല്ലത്. നാലു മണിക്ക് നാടൻ പലഹാരങ്ങൾ ഉൾപ്പെടുത്തിയ ലഘുഭക്ഷണം. എണ്ണ ചേർത്തത് ഒഴിവാക്കുക. 

ചൂടോടെ കഴിക്കാം

ചൂടോടെ തന്നെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ബാക്ടീരിയകൾ ഇൗർപ്പമുള്ള ഭക്ഷണപദാർഥങ്ങളിൽ  അടിയാനും രോഗങ്ങൾ പരത്താനും സാധ്യതയേറെയാണ്. അതുപോലെ ദിവസങ്ങളോളം ഫ്രിജിൽ വച്ച ആഹാരവും ഒഴിവാക്കണം. 

ഒരു നുള്ള് സുഗന്ധം

രോഗപ്രതിരോധശേഷിക്കു നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കുന്നതു പോലെ മറ്റൊന്നും ഉണ്ടാവില്ലെന്ന് ആയു൪വേദ വിദഗ്ദർ പറയുന്നു. മഞ്ഞൾപ്പൊടി, ജീരകം, കുരുമുളകുപൊടി എന്നിവയാണിതിൽ മുന്നിൽ. ജലദോഷത്തിനും ചുമയ്ക്കുമെതിരെ മഞ്ഞൾപ്പൊടി പോരാടും. ഒരു നുള്ള് പാലിൽ കല൪ത്തി കഴിച്ചാൽ നല്ലത്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കെതിരെയാണ് മഞ്ഞൾപ്പൊടിയുടെ പ്രവ൪ത്തനം. ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിലടങ്ങിയ വിഷാംശം, മാലിന്യം തുടങ്ങിയവ കഴുകിക്കളയാനും കരളിൽ ബൈലിന്റെ ഉൽപാദനത്തെ ത്വരിതപ്പെടുത്താനും ജീരകത്തിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കും. വൈറ്റമിൻ സി, എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമടങ്ങിയതാണ് കുരുമുളക്. വൈറൽ ബാധ കൊണ്ടുള്ള ജലദോഷം, പനി എന്നിവയ്ക്കെതിരെ നല്ല ഔഷധമാണിത്. 

ഇവ വേണ്ട

കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് ഉപേക്ഷിക്കാം. പഴച്ചാറുകൾ  എന്ന പേരിൽ ടിന്നുകളിലും മറ്റും ലഭിക്കുന്നവയും യഥാർഥ പഴച്ചാറുകളല്ല. ഇവയ്ക്ക് പോഷഹാകാരഗുണവും ഇല്ല.  ഇവ ദാഹത്തിന് താൽക്കാലിക ആശ്വാസം പകർന്നേക്കാം. എന്നാൽ ഇവ കൂടുതൽ ക്ഷീണത്തിലേക്കും ദാഹത്തിലേക്കും മാത്രമേ നയിക്കൂ. ഇതിൽ അടങ്ങിയിരിക്കുന്ന അമിത മധുരം ശരീരത്തിന് ഒട്ടും നന്നല്ല. അതുപോലെ മധുരം കൂട്ടാനായി  ഇവയിൽ ചേർക്കുക ഹൈ ഫ്രക്ടോസ് കോൺ സിറപ്പാണ്.  ഇത് മധുരത്തിന്റെ അളവ് നാലുമടങ്ങ് കൂട്ടും. മാത്രമല്ല കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. അതുപോലെ ഇത്തരം പാനീയങ്ങളിൽ കഫീന്റെ അളവ് ഏറെയാണ്. ഇത്തരം പാനീയങ്ങളിലൂടെ കൂടുതൽ  മൂത്രം പുറത്തുപോവുകയും ആവശ്യമായ ലവണങ്ങൾ ശരീരത്തിൽനിന്ന് നഷ്ടപ്പെടുകയും ചെയ്യും. കൃത്രിമ പാനീയങ്ങൾ വയറിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. വയറിനുള്ളിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത് വിശപ്പില്ലായ്മ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് വഴിവയ്ക്കാം.

ചൂടുകാലത്തെ ഭക്ഷണം ഇങ്ങനെ ക്രമീകരിച്ചാലോ

  • അതിരാവിലെ  മധുരവും കടുപ്പവും കുറച്ച് ഒരു ഗ്ലാസ് ചായ
  • പ്രാതൽ  ഇഡ്‍ലി / ദോശ / അപ്പം / പുട്ട്
  • പ്രാതലിന് 2 മണിക്കൂർ ശേഷം  നാരങ്ങാവെള്ളം / ഇളനീർ / സംഭാരം / പഴച്ചാറുകൾ
  • ഉൗണ്  ചോറ്, തൈര്, പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ തോരനും കറികളും, സാലഡ്
  • നാലുമണി  കടുപ്പം കുറച്ച ചായ,എണ്ണമയമില്ലാത്ത നാടൻ പലഹാരങ്ങൾ
  • അത്താഴം  കഞ്ഞി, പയർ

വിവരങ്ങൾക്ക് കടപ്പാട്

സ്വപ്ന രാജീവ്
ചീഫ് ഡയറ്റീഷ്യൻ,
റെനെ മെഡിസിറ്റി, കൊച്ചി

English Summary: Food during the COVID-19 Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com