ADVERTISEMENT

മൊബൈലിലെ ഒറ്റ ക്ലിക്കിൽ ഫുഡ് റെഡി. നഗരത്തിലെ മുക്കിലും മൂലയിലും കൂണ് പോലെ മുളച്ച് വരുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളും ഹോം ഡെലിവെറികളും ഇന്നൊരു പതിവ് കാഴ്ചയാണ് . പകലന്തിയോളം ജോലി ചെയ്ത് അവശരായി വീട്ടിൽ എത്തുമ്പോൾ ആഹാരം പാകം ചെയ്യാൻ മടിതോന്നും.  അങ്ങനെ ഫാസ്റ്റ് ഫുഡ് ഭക്ഷണ ശീലം നാം പോലും  അറിയാതെ നമ്മളിൽ വന്നു ചേരും. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വീടുകളാണ് ഇപ്പോൾ തൊഴിൽ ഇടങ്ങൾ. അത് കൊണ്ട് തന്നെ അമിതമായി ഹോട്ടലുകളെ ആശ്രയിക്കാതെ ഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്യണമെന്ന്  രാജ്യത്തെ ആരോഗ്യ പ്രവർത്തകർ ഒരുപോലെ പറയുന്നു. 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് ശുചിത്വമുള്ള ഭക്ഷണവും.  ഫാസ്റ്റ് ഫുഡിനെ അമിതമായി ആശ്രയിച്ചിരുന്ന മെട്രോ നഗരവാസികൾ ഇപ്പോൾ ഗാർഹിക ഭക്ഷണത്തിലേക്ക് മാറിയതായി ദില്ലി മെഡിക്കൽ കൗൺസിൽ കമ്മിറ്റി ചെയർമാനായ നരേന്ദ്ര സെയ്നി പറയുന്നു. കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടില്ല . ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആകും എന്നതാണ് പൊതുവെയുള്ള അനുമാനം. അതിനാൽ പാകം ചെയ്യാത്ത മാംസാഹാരം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വൃത്തിഹീനമായ ആഹാരത്തിൽ നിന്ന് കൊറോണ പടരാനുള്ള സാധ്യതകൾ ഉണ്ടാകുന്നില്ല. എന്നാൽ  പുറത്തെ ഭക്ഷണശാലകളിൽ ആഹാരം പാകം ചെയ്യുന്നവർക്ക്    കൊറോണ വൈറസ്  ബാധിതരുമായി   സമ്പർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ സമ്പർക്ക വലയത്തെ കുറിച്ച് ഏകദേശ ധാരണയുള്ളതിനാൽ സ്വന്തം  ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതായിരിക്കും  ഉചിതമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ സീമ സിങ്  അഭിപ്രായപ്പെട്ടു. ശ്വാസ തടസ്സം ഉള്ളവർ  ആഹാരം പാകം ചെയ്യുന്നതിൽ നിന്ന് പൂർണ്ണമായും  വിട്ട് നിൽക്കണം. 

വൈറസ് ബാധയുള്ളവർ രോഗ പ്രതിരോധ ശേഷിയുള്ളവരാണെങ്കിൽ  രോഗാവസ്ഥയിൽ  നിന്നും മുക്തരാകാൻ സാധ്യതയുണ്ട് . അതിനാൽ ശരീരത്തിന്റെ  രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരം ഉറപ്പായും കഴിക്കണം. ഫാസ്റ്റ് ഫുഡ് സംസ്കാരം ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തും. ഗ്രാമ്പു, കറുവപ്പട്ട, തൈര്, ഇഞ്ചി, ബദാം തുടങ്ങിവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ചൂട് വെള്ളവും ഗ്രീൻ ടീയും ക്രമാനുഗതമായി  കുടിക്കുന്നത്  ഉചിതമായിരിക്കും. ഐസ് ക്രീം, ഷേക്ക് തുടങ്ങിവ പൂർണ്ണമായും ഈ സാഹചര്യത്തിൽ ഒഴിവാക്കണം.

English Summary: Cooking at Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com