sections
MORE

പ്രാചീന മനുഷ്യരുടെ പാലിയോ ഡയറ്റിന് ആരാധകർ കൂടുന്നു!

Paleo Diet
SHARE

പ്രാചീന ശിലായുഗ മനുഷ്യരെ പോലെ ഇന്നു നമുക്ക് ജീവിക്കാൻ സാധിക്കുമോ? പൂർണ നഗ്നരായി, വേട്ടയാടി, ഗുഹയിൽ താമസിച്ച്....എന്ത് അസംബന്ധമാണല്ലേ. പക്ഷേ പ്രാചീന ശിലായുഗ മനുഷ്യർ കഴിച്ചിരുന്ന ഭക്ഷണം ഇന്നും കഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാചീന മനുഷ്യരുടെ ആഹാര ശീലത്തിന് ആരാധകർ ഏറുന്നുണ്ട്. പാലിയോ ഡയറ്റ് അഥവ ശിലായുഗ ഭക്ഷണരീതി എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. പുതിയ കാലത്തെ പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രാചീന ഭക്ഷണ രീതി പരിഹാരമാകാമെന്നാണ് പാലിയോ ഡയറ്റ് വക്താക്കൾ അവകാശപ്പെടുന്നത്. പുതിയ കാലത്തെ കൃഷിയും ഫാമിങ്ങുമാണ് മനുഷ്യന്റെ ജീവിതശൈലീ രോഗങ്ങൾക്കും പൊണ്ണത്തടിക്കും കാരണമെന്നാണ് ഇവരുടെ പക്ഷം. 

അതേസമയം, പോഷകങ്ങളുടെ ശരിയായ ചേരുവ ഉറപ്പാക്കാത്ത പാലിയോ ഡയറ്റ് മനുഷ്യാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇതിനെ എതിർക്കുന്നവർ കട്ടായം പറയുന്നു. 

തർക്കമവിടെ നിൽക്കട്ടെ പാലിയേറ്റീവ് ഡയറ്റ് പിന്തുടരുന്നവർ എന്തൊക്കെ കഴിക്കണം? ഉദ്ദേശ്യ‌ം 10000 വർഷം മുൻപ് വരെ ലോകത്തുണ്ടായിരുന്ന ആഹാരങ്ങളൊക്കെ കഴിക്കാം. 

കൃഷിയും മറ്റും തുടങ്ങുന്നതിനു മുൻപ് വേട്ടയാടിയും മീൻപിടിച്ചും പലയിടത്തു നിന്നു ശേഖരിച്ചും മറ്റുമാണ് മനുഷ്യൻ വിശപ്പ് അകറ്റിയിരുന്നത്. അത്തരത്തിൽ ഉള്ള ഇറച്ചി, മീൻ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട എന്നിവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് പാലിയോ ഡയറ്റുകാർ.  കൃഷി ചെയ്യുന്ന പയർ, പരിപ്പ്, ഉരുളക്കിഴങ്ങ്, ഉപ്പ്, പഞ്ചസാര, പാൽ ഉൽപന്നങ്ങൾ, ധാന്യങ്ങളായ അരി, ബാർളി, ഗോതമ്പ്, ചോളം, സോയാബീൻ എന്നിവയൊന്നും തൊട്ടുകൂട്ടാനേ പാടില്ല. ബർഗർ, ബിസ്കറ്റ്, സോസ്, ജ്യൂസ് ഇവയൊന്നും ഏഴയലത്ത് കയറ്റില്ല പാലിയോ ഡയറ്റുകാർ.

എന്നുവച്ച് പാലിയോ ഡയറ്റുകാർ വീട്ടിൽ പലഹാരങ്ങളൊന്നും ഉണ്ടാക്കാതിരിക്കില്ല കേട്ടോ. തേങ്ങയാണ് പലഹാരങ്ങൾക്കായി കൂടുതലായി ഉപയോഗിക്കുന്നത്. തെങ്ങ് കാർഷിക യുഗത്തിനു മുൻപേ ഇവിടെ ഉണ്ടായിരുന്നു എന്നതാണ് അതിന്റെ ന്യായം. എണ്ണയ്ക്കായി ഒലിവ് എണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുന്നു. മധുരത്തിനായി തേനും.

വിശ്വസിക്കാറായിട്ടില്ല...

പാലുൽപന്നങ്ങൾ ഒഴിച്ചു നിർത്തുന്നതിനാൽ കാൽസ്യത്തിന്റെ കുറവുണ്ടാകുമെന്ന് എതിരാളികൾ വാദിക്കുമ്പോൾ, അത് പച്ചിലകൾ കൊണ്ടും ചൂര, അയല, മത്തി പോലുള്ള മത്സ്യങ്ങൾകൊണ്ടും പകരം വയ്ക്കുന്നു പാലിയോ ഡയറ്റുകാർ. 

സംസ്കരിച്ച പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു തരത്തിൽ ഗുണമായി കാണാമെങ്കിലും ഓട്സിലും മറ്റുമുള്ള പ്രോട്ടീനുകളുടെ കുറവ് പാലിയോ ഡയറ്റുകാരിലേക്ക് എത്താത്തത് അപകടകരമാണെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. അതുപോലെ ധാന്യങ്ങളിൽ നിന്നു കിട്ടേണ്ട ഫൈബറിന്റെ കുറവും അപകടമാണ്. 

ധാരാളമായി ഇവർ ചുവന്ന മാംസാഹാരം കഴിക്കുന്നതിനാൽ ശരീരത്തിൽ കൊഴുപ്പു കൂടി മറ്റു രോഗങ്ങൾക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പുമുണ്ട്. പക്ഷേ കൊഴുപ്പ് കുറഞ്ഞ ലീൻ മീറ്റാണ് തങ്ങൾ കഴിക്കുന്നതെന്നതിനാൽ ആ സാധ്യതയില്ലെന്ന് പാലിയോ ഡയറ്റുകാർ വാദിക്കുന്നു. 

എന്നാൽ പാലിയോ ഡയറ്റിൽ ഉപ്പ് തീർത്തും മാറ്റിനിർത്തുന്നത് രക്തസമ്മർദ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും അതിലൂടെ ഹൃദയസംബന്ധിയായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. 

ഭാരം നന്നായി കുറയുമെന്നതാണ് മറ്റൊരു പാലിയോ ഡയറ്റ് വാഗ്ദാനം. എന്നാൽ കൃത്യമായ പോഷകാഹാര പിൻബലമില്ലാതെ ഭാരം കുറയ്ക്കുന്നത് അത്ര നല്ലതല്ലെന്നു മറുഭാഗവും ഖണ്ഡിക്കുന്നു.  അവകാശ വാദങ്ങൾ ഒട്ടേറെയുണ്ടെങ്കിലും തങ്ങളുടെ ഭക്ഷണരീതി ആരോഗ്യത്തിനു മികച്ചതാണെന്നതിന് ശാസ്ത്രീയ അടിത്തറ ഉറപ്പാക്കാൻ പാലിയോ ഡയറ്റുകാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒറ്റപ്പെട്ട പല പരീക്ഷണങ്ങളും പലയിടത്തും നടക്കുന്നുണ്ട്. 

പാലിയോ ഡയറ്റിലെ ഒരു ദിവസം എങ്ങനെ?

പ്രഭാത ഭക്ഷണം

ചുട്ടെടുത്ത മീൻ, മത്തങ്ങ

ഉച്ചഭക്ഷണം

ചുട്ട ഇറച്ചി. കാരറ്റ്, വെള്ളരി, തക്കാളി എന്നിവ ചേർത്ത സാലഡ്, നാരങ്ങാ വെള്ളം.

അത്താഴം

ബീഫ് കനലിൽ ചുട്ടത്. സാലഡ്, ബദാം. അവസാനം മധുരത്തിനായി സ്ട്രോബറി.

English Summary: The Paleolithic diet, Paleo diet, caveman diet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA