ADVERTISEMENT

കൊറോണകാലത്ത് വീട്ടിൽ ലോക്കായിപ്പോയ കൂട്ടുകാർക്ക് ആറാം ക്ലാസുകാരന്റെ സമ്മാനം. സ്വന്തമായി ഒരു യുട്യൂബ് ചാനൽ തന്നെ തുടങ്ങി തന്റെ വിഡിയോകൾ കാണാനും പരീക്ഷിക്കാനും കൂട്ടുകാരെ ക്ഷണിക്കുകയാണ് അദ്വൈത് മാനവ് എന്ന ആറാം ക്ലാസുകാരൻ. ആക്കുളം ദ് സ്കൂൾ ഒഫ് ഗുഡ് ഷപ്പേർഡിലെ വിദ്യാർഥിയായ അദ്വൈതിന് ഇതിനകം തന്നെ നിരവധി ഫോളേവേഴ്സുമായി. സ്വന്തം സ്കൂളിലെ സഹപാഠികൾക്കിടയിലും താരമായിരിക്കുകയാണ് ഈ കൊച്ചു കൂട്ടുകാരൻ. 

ചാനലിന് പേരിട്ടതും ലോഗൊ നിർമിച്ചതുമെല്ലാം അദ്വൈത് തന്നെ. 'ടൈംസ് ബെറി' (Timez Burry) എന്നാണ് ചാനലിന്റെ പേര്. തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കൂട്ടുകാർക്കിടയിലും ചാനൽ ഹിറ്റ്. ഫോൺ ഉപയോഗം പോലെ തന്നെ പുസ്തക വായനയും ചെറുപ്പത്തിലേ കൂടെക്കൂട്ടിയ അദ്വൈതിന്റെ സ്വന്തം ആശയമായിരുന്നു യുട്യൂബ് ചാനലെന്നത്. പിതാവ് രാജീവിന് മാധ്യമമേഖലയുമായി ബന്ധമുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും മകനെ സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ നടക്കാറുള്ള പതിവ് മാധ്യമ ചർച്ചകളിലൊക്കെ പങ്കാളിയാകാറുണ്ട്. ഒരു ദിവസം സ്വന്തമായി വിഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് കാണിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ബാക്കിക്കാര്യങ്ങളും സ്വന്തം സൃഷ്ടിതന്നെ.

കൊറോണ കാലമായതുകൊണ്ട് എങ്ങനെ കൈകഴുകണമെന്നായിരുന്നു ആദ്യ വിഡിയോ.. കെഎഫ്സി ചിക്കൻ എങ്ങനെ വീട്ടിലുണ്ടാക്കാം എന്നതാണ് ഏറ്റവും പുതിയ വിഡിയോ. അമ്മ പാർവതിയുടെ സഹായം ഷൂട്ടിങ്ങിനും അടുക്കളക്കാര്യത്തിലുമുണ്ടെന്ന് അദ്വൈത് പറയും. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ 'കുടുക്കുപൊട്ടിയ കുപ്പായം' എന്ന ഗാനം ഗിത്താറിൽ വായിച്ചതും വാഹനങ്ങളെക്കുറിച്ചുള്ള റിവ്യുവും എല്ലാം തന്റെ ചാനലിൽ പോസ്റ്റ് ചെയ്താണ് പുതിയ ചുവടുവയ്പ് പുരോഗമിക്കുന്നത്. ഇംഗ്ലിഷിലാണ് വീഡിയോയുടെ അവതരണം എന്നത് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലുമാണ് അദ്വൈത്. 

ഫെമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അദ്വൈതിന്റെ പിതാവ് രാജീവ് കുമാർ. ടെക്നോപാർക്കിലെ നാവിഗന്റ് ഇന്ത്യ അസി. ഓപ്പറേഷൻ മാനേജരാണ് അമ്മ ജി.എസ്. പാർവതി. എന്തായാലും മകന്റെ അവധിക്കാല ഉദ്യമത്തിന് കട്ടസപ്പോർട്ടുമായി രണ്ടാളും കൂടെയുണ്ട്. 

English Summary: Little Chef Adhwaith Manav shows how to make KFC fried chicken at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com