ADVERTISEMENT

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കാൻ ആരംഭിച്ചതാണ് അമ്മ കാന്റീനുകള്‍. ഒരു രൂപയ്ക്ക് ഇഡ്ഡലിയും അഞ്ച് രൂപയ്ക്ക് സാമ്പാര്‍ സാദവും മൂന്നു രൂപയ്ക്ക് തൈര്‍ സാദവുമൊക്കെ നല്‍കുന്ന അമ്മ കാന്റീന്‍ തമിഴ്‌നാട്ടിലെങ്ങും വന്‍ ഹിറ്റായിരുന്നു. കൊറോണ കാലത്തെ ലോക്ഡൗണിനിടയിലും വിശന്നിരിക്കുന്നവന് അന്നമൂട്ടിക്കൊണ്ട് അമ്മ കാന്റീനുകള്‍ സജീവമാണ്. ഈ അമ്മ കാന്റീനിലേക്ക് കഴിഞ്ഞ ദിവസം രാവിലെ അപ്രതീക്ഷിത അതിഥിയായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എത്തി. 

ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനു‌മായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. ഒരു പ്ലേറ്റ് ഇഡ്ഡലി നല്‍കിയാണ് അമ്മ കാന്റീന്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കഴിക്കാനെത്തിയവരോട് സംസാരിച്ച മുഖ്യമന്ത്രി ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റി അന്വേഷിച്ചു. പാചകരീതികളും സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രീതിയും അദ്ദേഹം പരിശോധിച്ചു. 

2011-2016 കാലത്തെ ജയലളിതയുടെ ഭരണകാലത്താണ് അമ്മ കാന്റീനുകള്‍ ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് മാത്രമല്ല മധ്യവര്‍ഗ്ഗക്കാര്‍ക്കും വലിയ ആശ്വാസമാണ് ഈ കാന്റീനുകള്‍. ചെന്നൈ നഗരത്തില്‍ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫണ്ടിന്റെ അഭാവം പദ്ധതിയെ ബാധിച്ചു തുടങ്ങിയിരുന്നു. കോര്‍പ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ നിന്ന് അമ്മ കാന്റീനുകള്‍ക്ക് ധനസമാഹരണം നടത്താന്‍ ഗവണ്‍മെന്റ് ശ്രമിച്ചു വരികയാണ്. 

ലോക്ഡൗണ്‍ കാലഘട്ടത്തിലും തുറന്നു പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അമ്മ കാന്റീന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഒരു മാസത്തെ അധിക വേതനം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമാനരീതിയില്‍ തങ്ങള്‍ക്കും പാക്കേജ് വേണമെന്നാണ് അമ്മ കാന്റീന്‍ ജീവനക്കാരുടെ ആവശ്യം. നിലവില്‍ തങ്ങള്‍ക്ക് പ്രതിമാസം 9000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്ന് കാന്റീനിലെ വനിതാ ജീവനക്കാര്‍ പറയുന്നു.

English Summary: Tamil Nadu Chief Minister leads Surprise Check at Amma Canteen

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com