വായിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നൊരു നാടൻ നാരങ്ങാ അച്ചാറിന്റെ രുചികൂട്ട് ഫേസ്ബുക്കിൽ പങ്കുവച്ചത് എഴുത്തുകാരി എസ്.ശാരദക്കുട്ടിയാണ്. ലോക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ ആർക്കും പരീക്ഷിക്കാവുന്ന വളരെ എളുപ്പമുള്ള അച്ചാർ രുചിയാണ് ഇത്.
രുചികുറിപ്പിന്റെ പൂർണ്ണരൂപം
മൺകലത്തിൽ മിനിട്ടുകൾ കൊണ്ട് ഒരു നാരങ്ങാ അച്ചാർ
ചെറിയ മൺകലമോ ചെറിയ മൺചട്ടിയോ വൃത്തിയായി നല്ല പോലെ എണ്ണ പുരട്ടിയെടുക്കുക.
അരക്കിലോ ചെറുനാരങ്ങ നാലായോ ആറായോ മുറിച്ചത്, മുളകുപൊടി, കായം പൊടി, ഉപ്പ് ,ഒരു പിടി ഉലുവ, ഒരു പിടി കടുക് ഇവ ചേർത്ത് തിരുമ്മി മൺകലത്തിലാക്കി വാഴയില കൊണ്ട് മൂടിക്കെട്ടി വെക്കുക. (ഉലുവയും കടുകും പൊടിക്കരുത്. ചുമ്മാ വാരിയിട്ടാൽ മതി ). ഇഡലിച്ചെമ്പിൽ വെള്ളമെടുത്ത് താഴെ ഒരു തിരിക വെച്ച് ഈ മൺകലം അതിലേക്കിറക്കി വെച്ച് ആദ്യം ഫുൾ ഫ്ലെയിമിലും പിന്നീട് തിള വന്നു കഴിയുമ്പോൾ ചെറിയ തീയിലും അരമണിക്കൂർ വെക്കണം. പിന്നീട് ആറുന്നതു വരെ അതിൽ തന്നെ ഇരിക്കട്ടെ. ആറിയതിനു ശേഷം പുറത്തെടുത്ത് വാഴയില മൂടി തുറന്ന് 2 സ്പൂൺ പഞ്ചസാര ചേർത്തിളക്കി വീണ്ടും അതേ വാഴയില കൊണ്ട് മൂടിക്കെട്ടിവെക്കുക.
പിറ്റേന്ന് തുറന്ന്, വെള്ളമയമില്ലാത്ത ഗ്ലാസ് ജാറിലോ ഭരണിയിലോ ആക്കുക. ബാക്കി ചട്ടിയുടെ അരികുവഴിയുള്ളതെല്ലാം തോണ്ടിത്തോണ്ടി ആരും കാണാതെ നക്കിത്തിന്നണം.
ജീവിതത്തിൽ കൂട്ടിയിട്ടുണ്ടാവില്ല ഇത്ര രുചിയുള്ള നാരങ്ങാ അച്ചാർ.ഉലുവയും കടുകുമെല്ലാം ചേർന്ന് കുഴഞ്ഞ്.. ആഹഹാ..
എസ്.ശാരദക്കുട്ടി
English Summary : Nadan Lemon Pickle Recipe by Writer S. Saradakutty