sections
MORE

അന്ന് പുസ്തകം വിറ്റു പുട്ടടിച്ചു! പൊതിരെ തല്ലും കിട്ടി: മണിയൻപിള്ള രാജു

Maniyan-Pilla
SHARE

എന്റെ കുട്ടിക്കാലത്തെ ചാലക്കമ്പോളവും ഇന്നത്തെ ചാലയുമായി വലിയ വ്യത്യാസമൊന്നുമില്ല. നഗരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും മാറിയെങ്കിലും ആ പ്രദേശത്തിനു വലിയ മാറ്റമൊന്നുമില്ല. പ്രത്യേകിച്ചു കേത്തൽ റസ്റ്ററന്റിന്.

എന്റെ അച്ഛൻ ശേഖരൻ നായർ വലിയ ഭക്ഷണപ്രിയനായിരുന്നു. സിറ്റിയിൽ എവിടെ നല്ല ഭക്ഷണം ലഭിച്ചാലും അവിടെ എന്നെയും കൊണ്ടു പോകും. അന്നു ഞങ്ങൾ തമ്പാനൂരിൽ മോഡൽ സ്കൂളിനടുത്താണു താമസം. 50 കൊല്ലം മുമ്പ് ആദ്യമായി അച്ഛനാണ് എന്നെ കേത്തലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നത്. അന്നും ഇന്നും ആ ഹോട്ടലിനു വലിയ വ്യത്യാസമൊന്നുമില്ല.

മോഹൻലാൽ, പ്രിയദർശൻ, ജി.സുരേഷ്കുമാർ, സനൽകുമാർ തുടങ്ങിയവരെല്ലാം ചെറുപ്പകാലത്ത് എന്നെപ്പോലെ കേത്തലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരാണ്. അന്നു കടയ്ക്കുള്ളിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ഒരു ചിത്രം വച്ചിരുന്നു. കേത്തലിലെ ഭക്ഷണത്തോടുള്ള കൊതി മൂത്ത് അക്കാലത്തു ഞാനൊരു കടുംകൈ കാട്ടി. ഒരു ദിവസം രാത്രിയിൽ വീടിന്റെ മുറ്റത്തുള്ള പിച്ചള ടാപ്പ് ഊരിയെടുത്തു മണ്ണിൽ കുഴിച്ചിട്ടു. രാവിലെ അച്ഛൻ ഉണർന്നു നോക്കുമ്പോൾ മുറ്റം നിറയെ വെള്ളം ഒഴുകുകയാണ്. ആരാണ് ടാപ്പ് കൊണ്ടുപോയതെന്നായി വീട്ടിലെ ഡിസ്കഷൻ. സിറ്റിയിൽ കള്ളന്മാരുടെ ശല്യം കൂടിവരികയാണെന്നും ആരോ ഊരിക്കൊണ്ടു പോയതാണെന്നും പറഞ്ഞു ഞാൻ തടിതപ്പി. കുഴിച്ചിട്ടിരുന്ന ടാപ്പ് പിറ്റേദിവസം മാന്തിയെടുത്തു ചാലയിൽ കൊണ്ടുപോയി വിറ്റു. കിട്ടിയ കാശുമായി കേത്തലിൽ കയറി മൂക്കറ്റം കഴിച്ചു. അന്ന് ഇന്നത്തെ പോലെ ഭക്ഷണത്തിനു വലിയ വിലയൊന്നുമില്ല.

വീട്ടിലെ ടാപ്പ് പ്രശ്നം അച്ഛൻ ഗൗരവപൂർവം ചർച്ച ചെയ്തു. ഇനി കള്ളൻ വന്നാലും മോഷ്ടിക്കാതിരിക്കാൻ അദ്ദേഹം പ്ലാസ്റ്റിക് ടാപ്പ് വാങ്ങി സ്ഥാപിച്ചു. അങ്ങനെയാണ് ഞങ്ങളുടെ വീട് പ്ലാസ്റ്റിക് യുഗത്തിലേക്കു കടക്കുന്നത്. അച്ഛൻ മരിക്കുന്നതു വരെയും ആ ടാപ്പ് മോഷ്ടിച്ചതു ഞാനാണെന്ന് അറിഞ്ഞിരുന്നില്ല.

പുസ്തകം വിറ്റു പുട്ടടിച്ചു ! 

മോഡൽ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. മധ്യവേനൽ അവധിക്കു സ്കൂൾ അടച്ചയുടൻ പാഠപുസ്തകങ്ങളും നോട്ടു ബുക്കും ഞാൻ ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു. അന്നു കിട്ടിയ കാശുകൊണ്ടു കേത്തലിൽ പോയി ഇറച്ചി കഴിച്ചു വീട്ടിലെത്തി. എന്റെ കഷ്ടകാലം നോക്കണേ. കൃത്യം പോലെ ആറാം ക്ലാസിൽ ഞാൻ തോറ്റു. അന്ന് അച്ഛൻ എന്നെ പൊതിരെ തല്ലി. പരീക്ഷയിൽ തോറ്റതിനു മാത്രമല്ല, പഴയ പുസ്തകം വിറ്റതിനും കൂടിയായിരുന്നു അടി. അക്കൊല്ലം അച്ഛൻ വീണ്ടും ആറാം ക്ലാസിലെ പുസ്തകം വാങ്ങിത്തരേണ്ടി വന്നു.

താജിൽ താമസിക്കുന്ന സമയത്തു മമ്മൂട്ടിക്കു കേത്തൽ ചിക്കൻ വേണമെന്നു പറഞ്ഞപ്പോൾ ഞാൻ പാഴ്സൽ കൊടുത്തയച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെട്ട അദ്ദേഹം ഒരിക്കൽക്കൂടി കേത്തൽ ചിക്കൻ വാങ്ങി. അത് ഉണ്ടാക്കാൻ പഠിക്കണമെന്നു ഭാര്യയോടു പറഞ്ഞു. അവർ ചിക്കൻ പരിശോധിച്ച് ഉണ്ടാക്കുന്ന വിധം ഏതാണ്ട് പഠിച്ചു.

അടുത്ത കാലത്തു മമ്മൂട്ടിയുടെ വീട്ടിൽ ഞാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കിയ ചിക്കൻ കഴിച്ചു. ഏതാണ്ട് കേത്തൽ ചിക്കൻ പോലെ തന്നെയുണ്ടായിരുന്നു. രതീഷ്, ജഗദീഷ് തുടങ്ങിയവർ താരങ്ങളായശേഷം ഞാൻ ചാലയിൽ കൊണ്ടുപോയി ചിക്കൻ വാങ്ങിക്കൊടുത്തിട്ടുണ്ട്.

രണ്ടര വർഷം മുമ്പു കൊച്ചിക്കാരനായ ഒരു സുഹൃത്ത് ദുബായിൽനിന്ന് എന്നെ കാണാൻ തിരുവനന്തപുരത്തു വന്നു. ഞാൻ അദ്ദേഹത്തെയുംകൂട്ടി കേത്തലിൽ പോയി ഭക്ഷണം വാങ്ങിക്കൊടുത്തു. ആറു മാസം കഴിഞ്ഞ് അദ്ദേഹം എന്നെ ദുബായിൽനിന്നു വിളിക്കുമ്പോൾ ഞാൻ ഷൂട്ടിങ് സ്ഥലത്തായിരുന്നു. ‘‘രാജുവേട്ടാ...ഞാൻ തിരുവനന്തപുരത്തേക്കാണ് ഇത്തവണ ടിക്കറ്റ് എടുത്തിരിക്കുന്നത്....’’ അദ്ദേഹം പറഞ്ഞു.

ഞാൻ തിരുവനന്തപുരത്തില്ലെന്ന് അറിയിച്ചപ്പോൾ ഞെട്ടിക്കുന്ന മറുപടി വന്നു. ‘‘അന്നു രാജുവേട്ടൻ വാങ്ങിത്തന്ന ഭക്ഷണത്തിന്റെ രുചി നാവിൽനിന്നു പോകുന്നില്ല. അവിടെ ഇറങ്ങി അതേ ഭക്ഷണം കഴിച്ചശേഷം ടാക്സി പിടിച്ചു കൊച്ചിയിലേക്കു പോകാനാണ് എന്റെ പ്ലാൻ’’.

ഇതാണ് അനന്തപുരിയുടെ ഭക്ഷണപ്പെരുമ !!!

വീട്ടിൽ കുക്ക് ചെയ്തു ഹിറ്റായി മാറിയ കുക്കർ ബിരിയാണിയുടെ റെസിപ്പി വായനക്കാർക്കായി പങ്കിടുകയാണ് മണിയൻ പിള്ള രാജു..

കുക്കർ ബിരിയാണി

ചേരുവകൾ

 • ബിരിയാണി അരി- രണ്ട് ഗ്ലാസ്
 • ചിക്കൻ- 16 പീസ് ചെറുതായി കട്ട് ചെയ്തത് (ഒരു കിലോ)
 • വലിയ സവോള - രണ്ട് വലുത് അരിഞ്ഞത്
 • പച്ചമുളക് - 12 എണ്ണം അരിഞ്ഞത്
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 15 അല്ലി വെളുത്തുള്ളിയും രണ്ട് വലിയ കഷണം ഇഞ്ചിയും ചതച്ച് പേസ്റ്റാക്കിയത്
 • മല്ലിയില അരിഞ്ഞത് - കുറച്ച്
 • തക്കാളി - 4 എണ്ണം അരിഞ്ഞത്
 • മല്ലിപ്പൊടി- ഒരു ടീ സ്പൂൺ
 • കുരുമുളകു പൊടി - അര സ്പൂൺ
 • മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന്
 • നെയ്യ് - 5 ടീ സ്പൂൺ
 • വെള്ളം - നാലു ഗ്ലാസ്
 • പുളിയില്ലാത്ത കട്ടത്തൈര് - രണ്ട് ഗ്ലാസ്

തയാറാക്കുന്ന വിധം

അരി വൃത്തിയായി കഴുകി വെള്ളം നന്നായി ഊറ്റിക്കളഞ്ഞ് കുറച്ച് നേരം വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി 3 സ്പൂൺ നെയ്യ് ഒഴിച്ചിട്ട് അരി വഴറ്റിയെടുക്കുക. അരി വഴറ്റിയതു മാറ്റി വച്ച ശേഷം, ബാക്കിയുള്ള നെയ്യിൽ സവോള അരിഞ്ഞത്, തക്കാളി, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റിയെടുക്കണം.

ചെറുതായി വഴറ്റിയ ശേഷം, കുക്കർ അടുപ്പത്തു വച്ച് ചൂടാക്കി, 2 സ്പൂൺ നെയ്യ് ഒഴിച്ച് ഈ വഴറ്റിയ ചേരുവകൾ കുക്കറിൽ ഇടുക. മഞ്ഞൾപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ കൂടി ചേർക്കുക. ചിക്കനും  കൂടി ചേർത്ത് നന്നായി വഴറ്റി രണ്ട് ഗ്ലാസ് കട്ടത്തൈര് ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയ ശേഷം നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അരിയും കൂടി ഇതിലേക്ക് ചേ‍ർക്കുക. രണ്ടു ഗ്ലാസ് അരിക്ക് നാലു ഗ്ലാസ് വെള്ളം ചേർക്കണം. 

ഇത്രയും വെള്ളം കൂടി ചേർത്ത് വീണ്ടും നല്ലവണ്ണം ഇളക്കിയ ശേഷം മുകളിൽ മല്ലിയില നുറുക്കിയത് നന്നായി വിതറുക. ഇനി കുക്കർ അടച്ച് വച്ച്  വേവിക്കുക. ഒരു വിസിൽ വേവ് മതി. വേണമെങ്കിൽ രണ്ടാമത്തെ വിസിൽ വരും വരെ വേവിക്കാം. രണ്ടാം വിസിലടിക്കുമ്പോഴേക്കും കുക്കർ ഓഫ് ചെയ്ത് പത്തു മിനിറ്റ് ആറാൻ വയ്ക്കുക. തുറക്കുമ്പോൾ ചൂടോടെ സൂപ്പർ ടേസ്റ്റുള്ള കുക്കർ ബിരിയാണി തയാറായിരിക്കും. അഞ്ചു പേർക്ക് വയർ നിറയെ കഴിക്കാനുണ്ടാകും ഈ ബിരിയാണി.

English Summary: Actor Maniyan Pilla Raju, Food Talk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA