ADVERTISEMENT

വീട്ടിലെ മീന്‍കറി വയ്ക്കുന്ന ചട്ടി പരിഭവം പറയുന്നുണ്ട്. ദിവസവും അടുപ്പത്തിരുന്നു ഉപ്പും മുളകും പുളിയും ചേര്‍ത്തു മീന്‍ തിളച്ചു പറ്റിയിരുന്ന ചട്ടിക്കു പത്തുപതിനാലു ദിവസമായി വിശ്രമമാണ്. മീന്‍ വില്‍പ്പനക്കാരുടെ വരവും, നീട്ടിയുള്ള വിളിയും നിലച്ചു. മീന്‍ വേണോ എന്ന്‌ ഈണത്തില്‍ വിളിച്ചു ചോദിച്ചെത്തുന്ന പാറുഅമ്മയെ കണ്ടിട്ടു ദിവസങ്ങളായി. 

പക്ഷിപനി പണിപറ്റിച്ച ചിക്കന് ഡിമാന്‍ഡ്‌ വന്നു. വെറുതെ കൊടുത്ത ചിക്കന്‍റെ വില കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലായി. അല്‍പം ഉളുമ്പ്‌ ഇല്ലാതെ ചോറ് കഴിക്കാതിരുന്നവര്‍ പിടിച്ചു നില്‍ക്കാന്‍ ചിക്കനിലും ഉണക്ക മീനിലും അഭയം തേടി. 'വെള്ളം' കിട്ടാതെ മരിക്കേണ്ടി വരുമോ എന്നു ചിന്തിക്കുന്ന വലിയ വിഭാഗത്തിനു മീനില്ലാതെ ചോറ് കഴിക്കേണ്ടിവരുന്നവരുടെ പ്രശ്നം നിസാരം.

വീട്ടിലിരുപ്പ് കുഴപ്പമില്ല, പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് പുറത്തിറങ്ങണം. ഇല്ലെങ്കില്‍ ബോറഡിയാണെന്ന ചിന്തയില്‍ നടക്കുന്ന ചെറുപ്പക്കാര്‍ ചൂണ്ടഇട്ടു മീന്‍ പിടിക്കുന്നതു ഹോബിയാക്കി. വീട്ടിലെ മീന്‍ചട്ടി അടുപ്പത്തു വയ്‌ക്കുകയും ചെയ്യാം. വെറുതെ ഇരിക്കുന്നതിന്‍റെ മടുപ്പ് ഇല്ലാതാകുകയും ചെയ്യും. പക്ഷേ കേരള പൊലീസ് അതിനെ അത്രയ്ക്ക് അങ്ങ് പ്രോത്സഹിപ്പിച്ചില്ല. ആ ലാത്തി വീശലുണ്ടല്ലോ, അത് ശരീരത്തില്‍ വന്നു പതിക്കുമ്പോള്‍ ചുറ്റുമുള്ളതൊല്ലാം കാണാതാകും.

വെള്ളരിക്കയും മാങ്ങയും, താക്കളിയും മുരിങ്ങക്കായും ഒക്കെ അരച്ചുകൂട്ടിയത്‌് (തേങ്ങാഅരച്ചു വച്ചത്) ഒഴിച്ചു ചോറ് ഉണ്ണാന്‍ ആദ്യമൊക്കെ താത്പര്യമായിരുന്നു. സ്വന്തം കറിയില്‍ അഭിമാനം തോന്നി. പതുക്കെ രസത്തിന്‍റെ 'രസം' കുറഞ്ഞു സാമ്പറിലെ കക്ഷണങ്ങള്‍ കഴിച്ചിട്ടും കഴിച്ചിട്ടും ബാക്കിയായി.

കൊതികൂടുതലുള്ളതു കൊണ്ടാണോ എന്നറിയില്ല മുറ്റത്തു പ്ലാവ് ഉണ്ടായിട്ടും ചക്ക ഉണ്ടാകാത്തത്. മച്ചിപ്ലാവെന്ന പഴി കേള്‍ക്കെണ്ടെന്നു കരുതിയായിരിക്കാം ഒരു ചക്ക ഉണ്ട്. ചക്ക മൂത്തോ എന്നറിയാന്‍ ചെന്നു നോക്കുന്ന എന്നെ കണ്ടു പ്ലാവിനു ദയ തോന്നിയിരിക്കണം. ഒരു ചക്കകൂടി ഉണ്ടായിട്ടുണ്ട്. ചക്ക ഇട്ടിട്ടു വേണം ചക്കക്കുരുംമാങ്ങയും കറി വയ്ക്കാന്‍. ലോക്‌ഡൗണ്‍ തീരുന്നതിനു മുന്നേ ചക്ക മൂത്ത മതിയായിരുന്നു.

English Summary: Lockdown Days, Jackfruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com