ഈസ്റ്റർ ദിനത്തിൽ പൊലീസുകാർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ച് ഭക്ഷണപ്രിയരുടെ കൂട്ടായ്മ

easter-day-food
SHARE

കൊറോണക്കാലത്തും വ്യത്യസ്തമായ സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് കൊച്ചിയിലെ ഭക്ഷണ പ്രിയരുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ കൊച്ചിൻ ഫുഡിസിന്റെ സേവന വിഭാഗമായ കൊച്ചിൻ ഫുഡിസ് റിലീഫ് ആർമി (കെ.ആർ.എ). 'വിശപ്പകറ്റാൻ കൈകോർക്കാം' എന്ന സന്ദേശത്തോടെ ഈസ്റ്റർ ദിനത്തിൽ എറണാകുളം സിറ്റിയിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ പോലീസുകാർക്കും ഭക്ഷണവും,വെള്ളവും,ലഘുപാനീയങ്ങളും എത്തിച്ചു നൽകിയിരിക്കുകയാണ് കൊച്ചിൻ ഫുഡിസ് പ്രവർത്തകർ. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് അതാത് പോലീസ് പോസ്റ്റുകളുടെ അടുത്തു താമസിക്കുന്ന വോളന്റിയർ മുഖേനയാണ്  ഈസ്റ്റർ സ്നേഹ സന്ദേശമായി പ്രത്യേകം തയാറാക്കിയ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകിയത്. കൊഴുക്കട്ട, പുഴുങ്ങിയ മുട്ട, ജ്യൂസ്, വെള്ളം തുടങ്ങിയവ അടങ്ങിയ ഭക്ഷണപ്പൊതികളാണ് എത്തിച്ചു നൽകിയത്. പാക്കറ്റിലുള്ള പുഴുങ്ങിയ മുട്ടയിൽ കെ.ആർ.എ യുടെ സ്നേഹം (LOVE) എന്നെഴുതി കൂടെയുള്ള  'Happy Easter' കവറിനുള്ളിലാക്കി  വിതരണത്തിനെത്തിച്ചത് വ്യത്യസ്തമായ ഒരനുഭവമായി.

easter-police

ലോക്ഡൗൺ  തുടങ്ങിയത് മുതൽ തന്നെ "Let’s talk & break corona" എന്ന സന്ദേശവുമായി ഫോണിലൂടെയും സോഷ്യൽ മീഡിയായിലൂടെയും സാന്ത്വനമേകുന്ന പദ്ധതിയ്ക്ക് കെ.ആർ.എ  തുടക്കമിട്ടിരുന്നു. ഇതിലൂടെ കോവിഡ് 19 നിരീക്ഷണത്തിലുള്ളവർക്കും ഈ സാഹചര്യത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും സാന്ത്വനമായി കെ. ആർ. എ വാളന്റിയർമാർ രംഗത്ത് വരുകയും ചെയ്തു. എല്ലാ ജില്ലയിലും കെ.ആർ.എ  അഡ്മിൻസിന്റെ നിയന്ത്രണത്തിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ അതാത് പ്രദേശത്ത് ഉള്ളവർക്ക് ഈ ഗ്രൂപ്പുകളിൽ അംഗമാവാം. കൂടാതെ മാനസ്സിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും സഹായം വേണ്ടവർക്കും വിദഗ്ദ്ധരായ വോളന്റിയർമാരുടെ സേവനം ലഭ്യമാക്കി. ഗ്രൂപ്പുകളിൽ മാനസ്സിക സമ്മർദ്ദം കുറയ്ക്കാനുള്ള ചെറിയ ഗെയിമുകൾ ഉണ്ടാകും. . വായിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈൻ പുസ്തകങ്ങളും സിനിമാ പ്രേമികൾക്ക് ഇഷ്ടസിനിമകളുടെ ലിങ്കുകളും നൽകും. 'ആരും ഒറ്റയ്ക്കല്ല' എന്ന ചിന്തയുണ്ടാക്കി മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും, ഇനിയും നേരിട്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും സംഘാടകനായ ഷാസ് ഷബീർ പറയുന്നു.

easter-food

പാലാരിവട്ടം പോലീസുമായി ചേർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയും തുടങ്ങി. അംഗങ്ങളുടെ സംഭാവനയിൽ നിന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. പൊരി വെയിലത്ത്‌ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഭക്ഷണ പാനീയങ്ങൾ എത്തിച്ചു നൽകാനും കെ.ആർ.എ മുന്നിൽ തന്നെയുണ്ട്. കൂട്ടങ്ങൾ ഒഴിവാക്കി അതാത് പ്രദേശത്തെ പ്രവർത്തകരെ കണ്ടെത്തി തൊട്ടടുത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും മറ്റ് ആവശ്യക്കാർക്കും സഹായമെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രവർത്തന രീതി. ഈസ്റ്റർ ദിനത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്നും പോലീസിനും മറ്റും ഭക്ഷണം എത്തിക്കുന്ന പരിപാടി തുടരുമെന്നും ഷാസ് ഷബീർ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കെ.ആർ.എ  മുന്നിലുണ്ടായിരുന്നു. 

ഷബീറിനൊപ്പം ഫാസ ഇസ്മായിൽ, അരുൺ തോട്ടുങ്കൽ എന്നിവരാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

English Summary: Easter Day, Food, Relief Army

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA