ADVERTISEMENT

വീട്ടിലിരുന്നപ്പോഴാണു മനസിലായത് അടുക്കള തീരുമ്പോള്‍ തീരുമ്പോള്‍ പണിതരുന്ന ഭൂതമാണെന്ന്. അതിന്‍റെ ക്രെഡിറ്റ് ലോക്ഡൗണിനുള്ളതാണ്. നോക്കുന്നിടത്തെല്ലാം പണിയാണ്. കൈയ്ക്കും കാലിനും മാത്രമല്ല വയറിനും പണിയാണ്.

അടുക്കളയില്‍ ആദ്യം പരീക്ഷിച്ചതു മിനിമലിസം ആയിരുന്നു. കുക്കിങ് ഗ്യാസിന്‍റെ ഉപയോഗം കുറച്ച് വിറകടുപ്പിലേക്കു മാറി. ഉപയോഗിക്കാതിരുന്ന മണ്‍ചട്ടിയൊക്കെ പുകകൊണ്ടു. പതിയെ മനസിലായി ഇതെന്‍റെ ഗ്യാസ് തീരുന്ന പരിപാടിയാണെന്ന്. 

പൂര്‍ണ്ണമായും സസ്യഹാരി ആകേണ്ടി വരുമോ എന്നു ഭയന്നിരിക്കുമ്പോഴാണ് കായലിലെ കൊഴുവയും കൂരിയുമൊക്കെ അടുക്കളയില്‍ എത്തിയത്. ഒന്നുകൂടി ഉണ്ടായിരുന്നു നങ്ക്‌. ഇരുവശത്തെയും തൊലി പൊളിച്ചെടുക്കേണ്ട മീനാണു നങ്ക്‌. അതും പാതി ജീവനുള്ളത്, അന്ത്യകൂദാശ കൊടുത്തിട്ടു വേണം പൊളിച്ചെടുക്കാന്‍. മീന്‍ കണ്ട ആവേശത്തിനു വൃത്തിയാക്കാനുള്ള ജോലി ഏറ്റെടുത്തു. എന്റെ മുന്നില്‍ മുട്ടുമടക്കാതെ മീനും. ആഫ്ടര്‍ ഇഫക്ട് തള്ളവിരലിലെ നഖം ചൂണ്ടുവിരലില്‍ അഴ്ന്നിറങ്ങി മുറിഞ്ഞു. വച്ചുതരുന്നതു തിന്നു മാത്രം പരിചയമുള്ളവര്‍ക്കു ലോക്ഡൗണ്‍ ഒരു പഠമാണ്. 

മേയ് മൂന്നാം തീയതി അവസാനിക്കുന്ന ഈ അങ്കം കഴിയുമ്പോള്‍ പലരും ലക്ഷ്മി നായരെ വെല്ലുന്ന കുക്ക് ആയിട്ടുണ്ടാകും. ചോറുണ്ണാന്‍ വിളിക്കുമ്പോള്‍ മൂന്നരവയസ്സുകാരി മകള്‍ കറി എന്താണെന്നു ചോദിച്ചു തുടങ്ങിയിരിക്കുന്നു. ആ ചോദ്യം പലപരീക്ഷണങ്ങള്‍ക്കും പ്രചോദനമാകുന്നു. അടുക്കളയില്‍ വിപ്ലവം നടക്കുന്നു. ക്യൂബയിലായലും അടുക്കളയിലായലും വിപ്ലവം നടന്നാല്‍ ചോരവീഴും.

അയലത്തെ വീട്ടില്‍ നിന്നും കിട്ടുന്ന മാങ്ങയ്ക്കും കാച്ചിലിനുമൊക്കൊ നല്ല രുചിയാണ്. വീട്ടിലെ പിള്ളേര്‍ കാച്ചില്‍ കഴിക്കില്ലത്രേ. സാമ്പാറില്‍ കിടന്ന ചേമ്പ് കഷണം കാച്ചിലാണെന്നു ധരിച്ചു കറിപോലും കൂട്ടിയില്ലെന്നും. ചേമ്പും കാച്ചിലും തിരിച്ചറിയാത്ത ന്യൂജെന്‍. ഹെല്‍ത്ത് ഡ്രിങ്ക്സിനു പകരം അമൃതം ന്യൂട്രിമിക്സ് കഴിച്ചു ശീലിച്ച മകള്‍ മടിയുമില്ലാതെ കാച്ചില്‍ കഴിക്കുമ്പോള്‍ അഭിമാനം.

English Summary: Lockdown Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com