ADVERTISEMENT

കൊതിയൂറുന്ന വിഭവങ്ങളൊരുക്കി ലോക്ഡൗണിനോട് മധുര പ്രതികാരം ചെയ്യുകയാണ് പി.പി.മിൻഷയെന്ന കൊച്ചുമിടുക്കി. കൂട്ടുകാരും യാത്രകളുമൊന്നുമില്ലാത്ത ഈ അടച്ചിടൽ കാലം പാചകത്തിനും കുറച്ചുപേരെ പാചകം പഠിപ്പിക്കാനും സമർപ്പിക്കുകയാണ് മിൻഷ. മലപ്പുറം മഞ്ചേരി നസ്രത്ത് സ്കൂളിലെ മൂന്നാംക്ലാസുകാരി, വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ മാത്രമല്ല, നല്ല കെട്ടിലും മട്ടിലും കാഴ്ചക്കാരുടെ നാക്കിൽ രുചിയെത്തും വിധം അവതരിപ്പിക്കുന്നതിലും വമ്പത്തിയാണ്.

‘മിൻഷാസ് വേൾഡ്’ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് മിൻഷയുടെ പാചക പരീക്ഷണങ്ങൾ പുറംലോകമറിയുന്നത്.  ചിക്കൻ പക്കവട, ചോക്കലേറ്റ് കേക്ക്, വാട്ടർമെലൻ മൊജീറ്റോ, ഡൽഗോണ കോഫി തുടങ്ങി പലതരം ഐറ്റങ്ങളാണ് ലോക്ഡൗൺ കാലത്ത് പിറന്നത്. വിഭവങ്ങൾ പോലെ തന്നെ ആകർഷകമാണ് മിൻഷയുടെ ഒഴുക്കൻ ഇംഗ്ലിഷിലുള്ള അവതരണം.ഉമ്മയ്ക്കൊപ്പം അടുക്കളയിൽ പതിവു സന്ദർശകയായ മിൻഷയ്ക്ക് പാചകത്തിൽ നല്ല താൽപര്യമാണ്. വീട്ടിൽ അടച്ചുപൂട്ടിയിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണമല്ലോയെന്ന് തീരുമാനിച്ചപ്പോഴാണ് 2 വർഷം മുൻപ് ഉണ്ടാക്കിയ യൂ ട്യൂബ് ചാനൽ ഓർത്തത്.

പിന്നെ ചറ പറ വിഡിയോകൾ ആയിരുന്നു. 12 വിഡിയോകൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടു വന്നു. മൂത്ത സഹോദരൻ ഷാനിഖ് ആണ് യൂ ട്യൂബിലൂടെയുള്ള പാചക യുദ്ധത്തിൽ മിൻഷയുടെ മന്ത്രി. വിഡിയോ പിടിക്കുന്നതും എഡിറ്റ് ചെയ്ത് യൂ ട്യൂബിൽ ഇടുന്നതും ഈ പത്താംക്ലാസുകാരനാണ്. ഏഴിൽ പഠിക്കുന്ന ഇഷാനാണ് മറ്റൊരു സഹോദരൻ. പാചകഗുരു വീട്ടമ്മയായ ഉമ്മ ഷബ്ന തന്നെ. പിതാവ് തുറക്കൽ പന്തപ്പാടൻ വീട്ടിൽ ഷാനവാസ് മഞ്ചേരിയിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുകയാണ്.

English Summary: Minshas World, Kids Cookery Show

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com