ADVERTISEMENT

വീട്ടിലിരിക്കുന്ന സമയം പലരും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുകയാണ്. പ്രശസ്ത ഗാനരചയിതാവും തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ പ്രഫസറുമായ മധു വാസുദേവന് ഈ ലോക്ഡൗൺ കാലം പാചകപരീക്ഷണത്തിന്റെതാണ്...

സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഓണാട്ടുകരയിൽ ഒരു പഴയ പ്രയോഗമുണ്ട്- 'വയറുകഴുകിപ്പുള്ള'. ഏറ്റവും ഇളയകുട്ടി എന്നാണർഥം. ഞാനൊരു വയറുകഴുകിപ്പുള്ളയാണ്. അമ്മയുടെ അഞ്ചാമത്തെ മകൻ. കുഞ്ഞുനാളിൽ വാൽസല്യം കൂടുമ്പോൾ അമ്മ പാടിത്തരും - 'അഞ്ചാമൻ ഓമനക്കുഞ്ചുവാണേ'. അമ്മയുടെകൂടെ നിന്നുകൊണ്ട് പല കാര്യങ്ങളും ഞാൻ ചെറുപ്പത്തിലേ മനസ്സിലാക്കി. പാചകം അവയിലൊന്നാണ്. പഠിപ്പിച്ചിട്ടൊന്നുമില്ല. നുറുക്കുന്നതും അരയ്ക്കുന്നതും കറിക്കൂട്ടുകൾ ചേർക്കുനതും പാകംചെയ്യുന്നതും പാത്രം മോറുന്നതും അങ്ങനെ കണ്ടുനിൽക്കും. ഒരിക്കൽ ഞാൻ ചോദിച്ചു, 'അമ്മേ എങ്ങനാ രുചി ഉണ്ടാവുന്നത് ?' അമ്മ പറഞ്ഞു, 'മോനേ, എല്ലാത്തിലും രുചിയുണ്ട്. നമ്മൾ അത് ഇഷ്ടപ്പെടണം എന്നേ ഉള്ളൂ'. അമ്മ പറഞ്ഞ വാക്യം ഭക്ഷണവിഷയത്തിൽ മാത്രമല്ല, ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും ശരിയായി വന്നു. അതു പിൻതുടരുന്നതിനാൽ ഒന്നിനോടും വിപരീത മനോഭാവമില്ല. എനിക്കു വേണ്ടാത്ത സസ്യേതര ഭക്ഷണത്തോടും വികർഷണമില്ല. അതിലുപരി, ചുറ്റുമുള്ള എല്ലാ കലാരൂപങ്ങളും തരുന്ന പരമാനന്ദം അനുഭവിക്കാനുള്ള മഹാഭാഗ്യവും അമ്മയുടെ ഉപദേശത്തിലൂടെ ലഭിച്ചു. അമ്മ തന്ന അനുഗ്രഹം !

പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി പല നാടുകളിലും തനിച്ചു താമസിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ പാചകത്തിൽ പാഷൻ ഉള്ളതുകാരണം അന്നത്തിനു മുട്ടുവന്നിട്ടേയില്ല. ഈ ലോക്ഡൗൺ സീസണിൽ കുറച്ചു സമയം ബോണസായി കിട്ടിയപ്പോൾ പാചകത്തിലേക്കു കടക്കാം എന്നു തീരുമാനിച്ചു. ഈയിടെ ഹരംകയറിയ സീതാ രാജൻ, സീതാ നാരായണൻ എന്നിവരുടെയൊക്കെ സംഗീതക്കച്ചേരികൾ തുറന്നുവച്ചങ്ങു തുടങ്ങും. പാചകത്തിൽ രണ്ടു കാര്യങ്ങൾ നിർബന്ധമുണ്ട് - പരമാവധി വേഗത്തിൽ ജോലി പൂർത്തിയാക്കണം, ഉപയോഗിച്ച പാത്രങ്ങൾ അപ്പോൾത്തന്നെ വൃത്തിയാക്കണം. വീണ, നീത, നിംഷ, അനു, മിയ എന്നിവരുടെ ചില പാചകപരിപാടികൾ യൂട്യൂബിൽ കാണാറുണ്ടെങ്കിലും റെസിപ്പികളൊന്നും സ്വന്തം പാചകത്തിൽ പ്രയോഗിക്കാറില്ല. ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കിയ കറികളുടെ പുനർനിർമാണമാണ് ലക്ഷ്യം. അറുപതെഴുപതു ശതമാനമൊക്കെ ശരിയായി വരും. പക്ഷേ ഞാൻ സമ്പൂർണമായും പരാജയപ്പെട്ടു പോകുന്ന ഇനം അമ്മ കൈവിരൽ പതിച്ചുണ്ടാക്കുന്ന ഗോതമ്പുറൊട്ടിയാണ്. പലതവണ ശ്രമിച്ചുനോക്കി, ശരിയായില്ല. പക്ഷേ കാലംചെന്നപ്പോൾ ആ റെസിപ്പിയുടെ പൊരുൾ എനിക്കു മനസ്സിലായി. ഗോതമ്പുമാവിൽ തേങ്ങ, പഞ്ചസാര, ഏലക്ക എന്നിവയുടെ പുറമേ ഈ 'വയറുകഴുകിപ്പുള്ള'യോടുള്ള അമിത വാൽസല്യവും അമ്മ നല്ലോണം ചേർത്തിരുന്നു ! അമ്മമാരുടെ കൈപ്പുണ്യത്തെപ്പറ്റി ഗൃഹാതുരതയോടെ പറയുന്ന മക്കളിൽ എത്രപേർക്ക് അമ്മരുചിയുടെ ഈ മഹാരഹസ്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് ?

English Summary: Lock Down Days Cooking, Madhu Vasudevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com