‘നാടായ നാടൊക്കെ കണ്ടുവെന്നാകിലും വീടാണ് ലോകം, വലിയ ലോകം’ - ഒളപ്പമണ്ണ
ഖത്തറിൽനിന്നു നാട്ടിലെ രുചിയോർമ പങ്കുവയ്ക്കുകയാണ് പാലാ സ്വദേശി അനു എബി. നല്ല നാടൻ തേങ്ങാക്കൊത്തിട്ടു പറ്റിച്ച ഉണക്കമീൻ കറിയും ഉണക്കക്കപ്പയും തയാറാക്കിയാണ് നാടിന്റെ ഓർമകളും ചേർത്ത് അനു ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇനി നാട്ടിലേക്ക് എന്നെത്തും എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതു കൊണ്ട് നാടൻ രുചികളിലൂടെയെങ്കിലും സഞ്ചരിക്കാമല്ലോയെന്നാണ് അനു പറയുന്നത്.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
ഉണക്കക്കപ്പയും തേങ്ങാക്കൊത്തിട്ട് പറ്റിച്ച (ആ പറ്റീരല്ല ) ഉണക്കമീൻകറിയും. പാലായിലെയും ഇടുക്കിയിലെയും ഒക്കെ ഒരു സ്പെഷൽ ആണ്. വറുതിക്കാലം വരുമ്പോൾ, അല്ലെങ്കിൽ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടായലൊക്കെ കൂട്ടാൻ ഉണ്ടാക്കാൻ അമ്മച്ചിമാർ കണ്ടുപിടിച്ചതാവും. നാടൊക്കെ മിസ്സ് ചെയ്യുമ്പോൾ, ഇങ്ങനെ ചിലതൊക്കെ കഴിക്കാൻ തോന്നും. അതുകൊണ്ട് തന്നെ നാട്ടിൽനിന്ന് പോരുമ്പോൾ ഇതിലേക്ക് വേണ്ടതൊക്കെ ലിസ്റ്റിൽ ഉണ്ടാവും.
ഈ ഉണക്കമീൻ കറി ഒരു നാടോർമ്മയാണ്, വീടോർമ്മയാണ്. ഉണക്കമീൻ പല തരത്തിൽ ഉണ്ടാക്കാം. ചുട്ട തുണ്ടംമീൻ /ഉണക്ക തെരണ്ടി ഉള്ളിയും കാന്താരിയും കൂടി ഇടിച്ചത്, ഉണക്കമീൻ വറുത്തത്, അല്ലെങ്കിൽ തേങ്ങ അരച്ച് കുടമ്പുളിയോ മാങ്ങയോ ഇട്ടു വയ്ക്കാം... വേറെ ഒരിടത്തും ഇതൊക്കെ ഒരു സ്ഥിരം ഭക്ഷണം ആണോയെന്ന് അറിയില്ല. എന്റെ നാട്ടിൽ അതേ... ! ഈ മീൻകറി കുറച്ചു പഴങ്കഞ്ഞിയിൽ തൈരും ഒഴിച്ച് കൂട്ടി കഴിക്കണം, ഹോ... !!!
ഇന്ന്, വീട്ടിൽ ഇനിയെന്ന് പോകാൻ പറ്റുമെന്നൊക്ക ഓർത്തിരുന്നപ്പോഴുണ്ട് യൂ ട്യൂബിൽ വയനാടുള്ള ഒരു അമ്മച്ചി , നമ്മുടെയൊക്കെ വീട്ടിൽ -നമ്മൾ അമ്മച്ചി, പേരമ്മ, വല്യമ്മ എന്നൊക്കെ വിളിക്കുന്ന ആരോ പറഞ്ഞു തരുന്നത് പോലെ, " ഇച്ചിരി കരിയാപ്പെല ഇടണം (പ്ലീസ് നോട്ട്, ഞങ്ങൾക്ക് അത് കറിവേപ്പിലയല്ല കേട്ടോ ) , "ശകലം ഇഞ്ചി, ഇച്ചിരി മുളക്പൊടി... " ന്നൊക്കെ പറഞ്ഞ് ഭക്ഷണം ഉണ്ടാക്കുന്നു. ഇടക്ക് അമ്മച്ചീടെ കഥകളും ചിരിയും... ഷോക്ക് വേണ്ടി ഉണ്ടാക്കി പറയുന്ന പാലാ ഭാഷയൊന്നുമല്ല കേട്ടോ, ‘ആന്നോ’... യും ‘ആന്നു’ വും പറച്ചിൽ ഒന്നുമില്ലാതെ... പറ്റുവാണേൽ അമ്മച്ചിയെ ഒന്ന് നേരിട്ട് കാണണമെന്നുമുണ്ട്. ഇങ്ങനെയൊരാൾ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. ആളെക്കുറിച്ച് പിന്നീട് എഴുതാം.
കഴിഞ്ഞ ദിവസം അമ്മച്ചി ഉണ്ടാക്കിയത് ഈ ഉണക്കമീൻ കറിയാണ്. കണ്ടിട്ട് വേഗം പോയി ഞാനും ഉണ്ടാക്കി... ഇനി അടുത്തതൊന്നും വീട്ടിൽ പോയി ഇതൊക്കെ കഴിക്കാൻ പറ്റില്ലല്ലോ...
English Summary: Nadan Food, Facebook Post by Anu Eby