sections
MORE

പണി പാമ്പിന്‍ വിഷത്തിലോ; ലോകം ചര്‍ച്ചചെയ്യുന്ന സ്‌നേക് വൈനിന്റെ ചില അറിയാ കഥകള്‍

kim-jong
SHARE

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ വഴിവിട്ട ഭക്ഷണശീലവും നിയന്ത്രണാധീതമായ മദ്യപാനവും ആയിരുന്നു. വിദേശ നിര്‍മിത മദ്യങ്ങളോടുള്ള കിമ്മിന്റെ ആസക്തി പ്രസിദ്ധമാണ്. ഇതില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് സ്‌നേക് വൈന്‍ എന്ന പാനീയവും കിമ്മും തമ്മിലുള്ള ബന്ധമാണ്. കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ പ്രധാനകാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതും സ്‌നേക് വൈന്‍ തന്നെ. ‘എന്താണ് സ്‌നേക് വൈന്‍, ഇതിന്റെ ഉപയോഗമെന്ത്, കിം ജോങ് ഉന്നും സ്‌നേക് വൈനും തമ്മിലുള്ള ബന്ധമെന്ത്’ എന്നീ സംശയങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിളില്‍ നിരവധിപ്പേർ എത്തിയിരുന്നു.

എന്താണ് സ്‌നേക് വൈന്‍

സാധാരണരീതിയില്‍ നിര്‍മിക്കുന്ന വൈനുകളുടെ അതേ ചേരുവകള്‍ തന്നെയാണ് സ്‌നേക് വൈനിലും ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം മാത്രം- വൈനിനുള്ള പഴച്ചാറും മറ്റും ഇട്ടുവച്ചിരിക്കുന്ന ഭരണിയിലേക്ക് ജീവനുള്ള ഒരു വിഷപ്പാമ്പിനെക്കൂടി ഇട്ടുവയ്ക്കുന്നു! ഇങ്ങനെ വിഷപ്പാമ്പിന്റെ ചാറുകൂടി ചേരുമ്പോള്‍ വീര്യം ഇരട്ടിക്കുന്നു. ഈ വൈനുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചിലയിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒപ്പം തേള്‍, പഴുതാര തുടങ്ങി വിഷമുള്ള ജീവികളെയും സ്‌നേക് വൈന്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പതിവുണ്ട്.

ഉത്ഭവം

വിചിത്രഭക്ഷണങ്ങള്‍ക്കു പേരുകേട്ട ചൈനയില്‍ തന്നെയാണ് സ്‌നേക് വൈനിന്റെയും ജനനം. 1040- 770 ബിസി കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ചൈന ഭരിച്ചിരുന്ന സൗ വംശജരുടെ കാലത്താണ് സ്നേക് വൈന്‍ ചൈനയില്‍ വ്യാപകമായതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. ഔഷധമെന്നരീതിയിലും ശരീര പുഷ്ടിക്കും ഊര്‍ജസ്വലതയ്ക്കും ഉതകുന്ന പാനീയം എന്ന രീതിയിലുമാണ് ചൈനക്കാര്‍ അന്നു സ്‌നേക് വൈന്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്‌നേക് വൈന്‍ പ്രചാരം നേടി. നിയമവിരുദ്ധമായി ഗോവയിലെ പല ഭാഗങ്ങളിലും ‌സ്‌നേക് വൈന്‍ വില്‍പനയും ഉപയോഗവും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

രണ്ടുതരം

പ്രധാനമായും രണ്ടുതരത്തിലാണ് സ്‌നേക് വൈനുകള്‍ നിര്‍മിക്കപ്പെടുന്നത്. സ്റ്റീപ് രീതിയിലും മിക്‌സ് രീതിയിലും

സ്റ്റീപ് വൈന്‍ - ധാന്യങ്ങഴോ പഴച്ചാറോ നിറച്ചുവച്ചിരിക്കുന്ന ഒരു ഭരണിയിലേക്ക് ശരാശരി വലുപ്പമുള്ള ഒരു വിഷപ്പാമ്പിനെ മുഴുവനായും ഇറക്കി വയ്ക്കുന്നു. സാധാരണ വൈന്‍പോലെ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പഴകാന്‍ അനുവദിക്കുന്നു. ഭരണിക്കുളളിലെ മര്‍ദവും പഴച്ചാറിന്റെ ഉഷ്മാവും ചേരുമ്പോള്‍ പാമ്പും അതിന്റെ വിഷസഞ്ചിയും പതിയെ ഉരുകി വൈനിലേക്ക് ദ്രവിച്ചു ചേരുന്നു. വൈനിലെ എഥനോളിന്റെയും ആല്‍ക്കഹോളിന്റെയും സാന്നിധ്യം ഇങ്ങനെ അലിഞ്ഞുചേരുന്ന പാമ്പിന്‍ വിഷത്തിന്റെ വീര്യം നിലനിര്‍ത്തുകയും എന്നാല്‍ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും എന്നു പറയപ്പെടുന്നു. എന്നാൽ വിഷത്തിന്റെ വീര്യംമൂലം കുടിക്കുന്നയാള്‍ മരണപ്പെടുന്ന സന്ദർഭങ്ങളുണ്ടായപ്പോൾ സ്‌നേക് വൈന്‍ നിയമവിരുദ്ധമായി പല രാജ്യങ്ങളും പ്രഖ്യാപിച്ചു.

മിക്‌സ് വൈന്‍- സ്റ്റീപ് വൈനില്‍നിന്നു വ്യത്യസ്തമായി വിഷപ്പാമ്പിന്റെ ചാറെടുത്തശേഷം മുന്‍പു തയാറാക്കിവച്ച സാധാരണ വൈനിലേക്ക് ഇതു ചേര്‍ക്കുകയും ഉടനടി സേവിക്കുകയും ചെയ്യുന്നു. ചാറെടുക്കുന്നതായി പാമ്പിനെ ജീവനോടെ പുഴുങ്ങിയെടുക്കുന്ന പതിവുണ്ട്. കൂടാതെ ചില പ്രദേശങ്ങളില്‍ വിഷപ്പാമ്പിന്റെ കുടലുകീറി ആ രക്തം വൈനില്‍ ചേര്‍ത്തു കഴിക്കുന്ന പതിവും ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ വിഷം എങ്ങനെ നിര്‍വീര്യമാക്കപ്പെടുന്ന എന്ന കാര്യത്തില്‍ യാതൊരു ശാസ്ത്രീയവശവും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം അങ്ങേയറ്റം അപകടകരമാണ്.

ഔഷധഗുണം

പ്രാചീന ചൈനീസ് മരുന്നുകളില്‍ ഏറ്റവും പ്രസിദ്ധമായ ഔഷധക്കൂട്ടാണ് പാമ്പിന്‍വിഷം. വിഷബാധ, ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, യൗവനം നിലനിര്‍ത്തല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ചൈനക്കാര്‍ പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളുടെ വിഷം ഉപയോഗിച്ചുവരുന്നു. മുടികൊഴിച്ചില്‍, ക്ഷീണം, വിളര്‍ച്ച തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ഇതിനെ കാണുന്നവരും കുറവല്ല. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം സ്‌നേക് വൈനിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. മറിച്ച് മാരകമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കാരണമാകുമെന്നു മുന്നറിയിപ്പും നൽകുന്നു.

ഹോങ്കോങിലെ സ്‌നേക് റസ്റ്ററന്റ്

പാമ്പിനെ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷണവിഭവങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഹോങ്കോങിലെ ഷീ വോങ് ലാം എന്ന പ്രദേശം. ലോകത്തെ വിവധങ്ങളായ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ കലവറയാണ് ഇവിടങ്ങളിലെ റസ്റ്ററന്‌റുകള്‍. ചില്ലുപാത്രങ്ങളില്‍ ജീവനോടെ സൂക്ഷിച്ചിരിക്കുന്ന പാമ്പുകളെ നമ്മള്‍ തിരഞ്ഞെടുക്കുന്നതനുസരിച്ച് ചുട്ടോ കറിവച്ചോ ന്യൂഡില്‍സ് പരുവത്തിലോ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന പാചകരീതിയിൽ  ഇവിടെ വിളമ്പും. കൂടെ കുടിക്കാന്‍ ഒന്നാന്തരം സ്‌നേക് വൈനും. വിഷപ്പാമ്പുകളെ ഇത്തരത്തില്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി സ്ഥലത്തെ പല സംഘടനകളും പ്രതിഷേധിച്ചെങ്കിലും വിനോദ സഞ്ചാരികളെ ലക്ഷ്യംവച്ച് ഇന്നും ഇവിടങ്ങളില്‍ ഇത്തരം ഭക്ഷണശാലകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

പാമ്പ് പുറത്തുചാടിയാല്‍

വര്‍ഷം 2013. ചൈനയിലെ ഹൈലോങ്ജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന ഒരു വീട്ടമ്മയ്ക്ക് സ്‌നേക് വൈന്‍ കുടിക്കാന്‍ മോഹം. ഉടന്‍തന്നെ അടുത്തള്ള റസ്റ്ററന്‌റില്‍ നിന്നു സാധനം വാങ്ങി. കൊതിയോടെ ഭരണി തുറന്നതും അകത്തെ പാമ്പ് പുറത്തേക്കു ചാടി. മൂന്നമാസത്തോളം അകത്തിരുന്നു മുഷിഞ്ഞ പാമ്പ് ആദ്യം കണ്ട ആ വീട്ടമ്മയുടെ കഴുത്തിനുതന്നെ കടിച്ചു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടു മാത്രമാണ് അന്നവര്‍ രക്ഷപ്പെട്ടത്. പിന്നീട് ജീവനോടെ വൈനിലേക്ക് ഇടുന്ന പാമ്പുകളുടെ കാര്യത്തില്‍ വൈന്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്രേ.

English Summary: North Korean dictator Kim Jongun has taken to necking copious bottles of snake wine.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA