ADVERTISEMENT

ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ്  തന്‍റെ ലക്ഷ്യമെന്ന് തീരുമാനിച്ചൊരു മുത്തശ്ശിയുണ്ട്. ചെന്നൈയില്‍ വടിവേലംപാളയത്തെ കമലത്താൾ. കമലത്താളിന്റെ അടുത്ത് പോയവരാരും ഇഡ്ഡലിയും സാമ്പാറും കഴിക്കാതെ മടങ്ങിയിട്ടുണ്ടാകില്ല. അത്രക്ക് രുചിയാണ് കമലത്താള്‍ ഉണ്ടാക്കുന്ന ഇഡ്ഡലിക്ക്. രുചിയിലേറെ വിലയാണ് കഴിക്കാനെത്തുന്നവരെ അതിശയിപ്പിക്കുന്നത് വെറും ഒരുരൂപ മാത്രമണ് ഇഡ്ഡലിയുടെ വില. ലോക്ക്ഡൗൺ സമയത്ത്  സാധനങ്ങളുടെ വില ഉയര്‍ന്നിട്ടും ഈ മുത്തശ്ശി ഒരു രൂപയ്ക്ക് തന്നെയാണ് ഇപ്പോഴും ഇഡ്ഡലി വില്‍ക്കുന്നത്. കോയമ്പത്തൂരിലെ അലന്തുറെയിലുള്ള വടിവേലം പാളയത്ത് ഇഡ്ഡലി പാട്ടിയെന്നാണ് ഈ മുത്തശ്ശി അറിയപ്പെടുന്നത്. ഉഴുന്നിന്റെയും പരിപ്പിന്റെയും വില നൂറിനു മുകളിൽ ആയിട്ടും ആ കഷ്ടകാല സമയത്ത് വിലകൂട്ടില്ലയെന്നു തന്നെയാണ് മുത്തശ്ശി പറയുന്നത്. മുന്നൂറിലധികം ആളുകൾ ലോക്ഡൗൺ സമയത്ത് ഇവിടെ നിന്നും ഇഡ്ഡലി വാങ്ങുന്നു, വീട്ടിൽ കുടുങ്ങി പോയവർക്ക് ഇവിടെ നിന്നും പാഴ്സലായി എത്തിച്ചു കൊടുക്കും.

കഴി‍ഞ്ഞ 30 വർഷമായി കമലത്താള്‍ രുചികരമായ ഇഡ്ഡലി വിൽക്കുന്നുണ്ട്. ശുദ്ധമായ പച്ചക്കറി ചേർത്തുണ്ടാക്കുന്ന സാമ്പാർ ആണ് ഹൈലൈറ്റ്. തലേന്ന് അരച്ചുവെച്ച മാവെടുത്ത് ഇഡ്ഡലിയും. ദിവസവും ആയിരം ഇഡ്ഡലി വരെ ഉണ്ടാക്കുന്നുണ്ട് കമലത്താൾ. 

വീട്ടിൽവെച്ച് തന്നെയാണ് കമലത്താൾ ഇഡ്ഡ‍ലിയുണ്ടാക്കുന്നത്. രാവിലെ തന്നെ കമലത്താളിന്റെ കടക്കുമുന്നിൽ വലിയ ക്യൂ കാണാം. വയറും മനസ്സും നിറഞ്ഞാണ് ആളുകൾ ഇഡ്ഡലി കഴിച്ച് മടങ്ങുന്നത്. 

കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ഒരുപാടുപേര്‍ക്ക് ആഹാരമുണ്ടാക്കുന്നത് തനിക്ക് ശ്രമകരമായി തോന്നിയിട്ടേയില്ല. ആറ് കിലോ അരിയും ഉഴുന്നും അരച്ചെടുക്കാന്‍ നാല് മണിക്കൂറെടുക്കും. വൈകീട്ടുതന്നെ മാവ് അരച്ചുവയ്ക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും ഈ മുത്തശ്ശി പറയുന്നു.  ഉച്ചവരെ കമലത്താളിന്‍റെ വീട്ടില്‍ ഇഡ്ഢലി വില്‍പ്പനയുണ്ടാകും. ആലിലയിലോ തേക്കിന്‍റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക. 

വില കൂട്ടിക്കൂടെ എന്ന് ചോദിക്കുന്നവരോട് കമലത്താളിന് പറയാനുള്ളത് ഇതാണ്: ''തന്നെ തേടിയെത്തുന്നവരെല്ലാം പാവപ്പെട്ടവരാണെന്നും 10, 15 രൂപ വച്ച് ചോദിച്ചാല്‍ ദിവസവും തരാന്‍ അവര്‍ക്കാവില്ല.''

10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. പിന്നീടത് ഒരു രൂപയാക്കുകയായിരുന്നു. ഇനിയും വിലകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ മുത്തശ്ശി അതുതന്നെ ആവര്‍ത്തിക്കും 'പാവങ്ങളല്ലേ' എന്ന്. 

English Summary: The One Rupee Idli Patti, Lockdown Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com