ADVERTISEMENT

കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ക്ഡൗൺ മൂലം ഭക്ഷ്യ ക്ഷാമം നേരിടുന്ന സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്  ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് സന്നദ്ധ സേവനത്തിന്റെ പുതിയ മാതൃകയായി മാറിയിരിക്കുകയാണ്  ഷെഫ്. വികാസ് ഖന്ന. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ്  വികാസ് ഖന്ന.  മാസ്റ്റർ ഷെഫ് ഇന്ത്യ എന്ന പാചക പരിപാടിയിലെ വിധികർത്താവായതോടെയാണ് ഇന്ത്യൻ പ്രേക്ഷർക്കിടയിൽ വികാസ് സുപരിചിതനായത്. ഇതിനോടകം 500 കിലോ റേഷൻ അരി, ആട്ട, മൈദ, ദാൽ എന്നിവ വിവിധ സന്നദ്ധ സംഘടനകൾ മുഖേനെ ഇന്ത്യയിലെ അൻപതോളം നഗരങ്ങളിൽ  വികാസ് എത്തിച്ചിട്ടുണ്ട്. 

ഇന്ത്യയിലെ ഒരു  വിദൂര ഗ്രാമത്തിലുള്ള ദാരിദ്ര്യത്തിന്റെ ദൃശ്യങ്ങൾ തന്റെ ഫോണിൽ ലഭിക്കാനിടയായി. ഇവിടത്തെ ജനങ്ങൾ കൊടും പട്ടിണിയിലാണെന്നും സാമ്പത്തിക സഹായം വേണമെന്നും മൊബൈൽ സന്ദേശത്തിലൂടെ  അഭ്യർഥിച്ചു. സന്ദേശത്തെ തുടർന്ന്  പണം നൽകിയെങ്കിലും പിന്നീട്  കബളിപ്പിക്കപ്പെട്ടതായി വികാസിനു ബോധ്യമായി. അതൊരു പഴയ ദൃശ്യമായിരുന്നു. എങ്കിലും തന്റെ രാജ്യത്തെ ജനങ്ങളുടെ ദരിദ്രാവസ്ഥയെ കുറിച്ച് അദ്ദേഹം അന്വേഷണമാരംഭിച്ചു. ഗായിക ലത മങ്കേഷ്കറും നടി ശബാന ആസ്‌മിയും ഈ ഉദ്യമത്തിൽ തന്നെ സഹായിച്ചതായും വികാസ് വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ നഗരങ്ങളിൽ മണിക്കൂറുകളോളം നിന്നുകൊണ്ടു  പാകം ചെയ്യുകയും ഭക്ഷണം വിളുമ്പുകയും ചെയ്തിരുന്ന തെരുവോര ഭക്ഷണ കച്ചവടക്കാരുടെ അവസ്ഥ ഇപ്പോൾ ദയനീയമാണ്. ഈ സാഹചര്യത്തിൽ അവർക്കു ഭക്ഷണം ഉറപ്പാക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമയായി വികാസ് വിശ്വസിക്കുന്നു. അതിനാൽ ജാർഖണ്ഡിലെ തെരുവോര ഭക്ഷണ കച്ചവടക്കാർക്കായി  അദ്ദേഹം ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു. 

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന്  ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിൽ നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു.  ദേശിയ ദുരന്ത നിവാരണ  അതോറിറ്റിയുടെ സഹായത്തോടെയാണ്  മംഗലൂരിൽ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തത്. അതെ സമയം ബാംഗ്ലൂരിലെ ഭക്ഷ്യധാന്യ  വിതരണത്തിൽ  നിരവധി തടസ്സങ്ങൾ അഭിമുഖീകരിച്ചിരുന്നു.  ഓരോ തവണ ഭക്ഷ്യ ധാന്യങ്ങൾ ആവശ്യക്കാരുടെ അരികിലെത്തുമ്പോഴും  സന്തോഷം തോന്നാറുണ്ട്.

ഒരിക്കൽ റംസാൻ നോമ്പ് നോക്കുന്ന ചിലർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് മുംബൈയിൽ നിന്നും ചില സന്ദേശങ്ങൾ എത്തി. ഉടൻ തന്നെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടു അവർക്കു ഭക്ഷ്യ ധാന്യങ്ങൾ നോമ്പ് മുറിക്കുന്ന സമയത്തിനു മുന്നേ എത്തിക്കുവാൻ സാധിച്ചു. ഇത്തരം വിജയങ്ങളാണ്  തന്നെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്നു  അദ്ദേഹം വ്യക്തമാക്കി. തന്റെ ഉദ്യമത്തിന്റെ പിന്നിലെ പ്രേരക ശക്തിയായി നിലകൊള്ളുന്നത് അമ്മയാണെന്ന് വികാസ് സമ്മതിക്കുന്നു.  

ചെറിയ തടസങ്ങളെ ഭയന്ന് ലക്ഷ്യത്തിൽ നിന്നും പിന്മാറരുതെന്നാണ്  അമ്മയുടെ ഉപദേശമെന്നു വികാസ് പറയുന്നു. 

English Summary: Chef Vikas Khanna on Lockdown Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com