ADVERTISEMENT

സാവധാനത്തിൽ ആഹാരം കഴിച്ചൂടെ..എന്തിനാ ഇങ്ങനെ വിഴുങ്ങുന്നേ? ചിലർ ആഹാരം കഴിക്കുന്നത് കാണുമ്പോൾ ഇങ്ങനെ ചോദിച്ചു പോകും. കാരണം തിരക്കേറിയ ജീവിതത്തിനിടയിൽ സാവധാനത്തിൽ ആഹാരം കഴിക്കുവാൻ  പലർക്കും സാധിക്കാതെ വരുന്നു. എന്നാൽ ചവയ്ക്കാതെ ആഹാരം വിഴുങ്ങന്നതു പലതരത്തിലുള്ള രോഗങ്ങൾക്കും  കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ആഹാരം സാവാധാനത്തിൽ ചവച്ച് കഴിക്കുമ്പോൾ ചിലപ്പോൾ കൂടുതൽ സമയം ചിലവായേക്കാം. എങ്കിലും ആരോഗ്യമുള്ള ഒരു ജീവിതമാണ് ആ ശീലത്തിലൂടെ ലഭിക്കുന്നത്. ഇരുപതു വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ 'പതിയെ ആഹാരം കഴിക്കുക' എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെ തുടങ്ങിയിരുന്നു. പതിയെ ആഹാര കഴിക്കുന്നതിലൂടെ ജീവിത ശൈലിയിലും കാര്യമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

വണ്ണം കുറയും

പതിയെ ആഹാരം കഴിക്കുകയാണെങ്കിൽ  ശരീര ഭാരം കുറയാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്രകാരം ആഹാരം കഴിക്കുകയാണെങ്കിൽ ഒൻപതു കിലോഗ്രാം വരെ ശരീര ഭാരം കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിച്ചു കഴിയുമ്പോൾ ഇരുപതു മിനിട്ടു സമയമെടുത്തതായിരിക്കും  തലച്ചോറ് ആ അവസ്ഥ രേഖപ്പെടുത്തുക. എന്നാൽ വേഗത്തിൽ ആഹാരം കഴിക്കുമ്പോൾ തലച്ചോറിന് രേഖപ്പെടുത്താനുള്ള  സമയം ലഭിക്കാതെ പോവുകയും തുടർന്ന് അമിതമായ തോതിൽ ആഹാരം ഉള്ളിൽ ചെല്ലുകയും ചെയ്യുന്നു. ഗുണപ്രദമായ ആഹരം കഴിക്കുന്നതോടൊപ്പം തന്നെ അവ സാവധാനത്തിൽ കഴിക്കുകയും ചെയ്യണം.

ആസ്വദിച്ച് ആഹാരം കഴിക്കുക

ആഹാരം ആസ്വദിച്ച് കഴിക്കുവാൻ പരിശീലിക്കണം. ഏതു വിധത്തിലുള്ള ആഹാരം കഴിച്ചാലും അവ ആസ്വദിച്ച് കഴിക്കുമ്പോൾ മാത്രമേ ആഹാരം കഴിക്കുന്നതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. സ്വാദിഷ്ടമായ വിഭവങ്ങൾ പോലും ചിലർ ആസ്വദിക്കാതെ വിഴുങ്ങുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ ആ വിഭവത്തിന്റെ തനതായ സ്വാദ് മനസ്സിലാക്കുവാൻ സാധിക്കാതെ വരുന്നു. 

സുഗമമായ ദഹനം

 വായിൽ നിന്നാണ് ദഹനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. അതിനാൽ സാവധാനത്തിൽ ഭക്ഷണം കഴിച്ചാൽ ശരിയായ വിധത്തിലുള്ള ദഹനം ഉണ്ടാവുകയും വയറിന്റെ ജോലിഭാരം അത്രയും കുറയുകയും ചെയ്യും.

മാനസിക ക്ലേശം കുറയുന്നു

 തൊട്ടടുത്ത നിമിഷത്തെ കുറിച്ച് ആലോചിച്ചു കൊണ്ടാണ് ചിലർ ആഹാരം കഴിക്കുന്നത്. എന്നാൽ ആഹാരം കഴിക്കുമ്പോൾ ആഹാരത്തെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ മാനസിക ആരോഗ്യമുണ്ടാകും.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

ആയിരം ജോലികൾ നിമിഷ നേരം കൊണ്ട് ചെയ്യാനുള്ള വെപ്രാളത്തിനിടയിൽ ഭൂരിപക്ഷം ആളുകൾ ആശ്രയിക്കുന്ന ഒരു ഭക്ഷണ സംസ്കാരമാണ് ഫാസ്റ്റ് ഫുഡ്. എന്നാൽ ഇത്തരം ഭക്ഷണ ശീലം നമ്മളെ കടുത്ത നൈരാശ്യത്തിലായിരിക്കും എത്തിക്കുക. അതിനാൽ ആഹാരം സാവധാനത്തിൽ കഴിക്കുവാൻ ശീലിക്കുക.

English Summary: There are some reasons you should consider the simple act of eating slower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com