ADVERTISEMENT

കുക്കറില്ലാതെ മലയാളിക്കെന്ത് അടുക്കള? തലമുറകളായി ഇന്ത്യന്‍ വീടുകളിലെ പാചകത്തില്‍ പ്രഷര്‍ കുക്കറിനു ഒരു വിശ്വസ്ത പങ്കാളിയുടെ സ്ഥാനമുണ്ട്. പ്രഷര്‍ കുക്കര്‍ ഇല്ലാത്ത ഒരു അടുക്കള സങ്കൽപിക്കാന്‍ പോലുമാവാത്ത സാഹചര്യം. പക്ഷേ ആരാധന അല്ലാതെ എത്ര പേര്‍ പ്രഷര്‍ കുക്കര്‍ നേരാംവണ്ണം പരിപാലിക്കുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഒരു പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അത് എങ്ങിനെ ഉപയോഗിക്കണമെന്നും പരിപാലിക്കണം എന്നുമുള്ള കമ്പനി നിര്‍ദ്ദേശങ്ങളടങ്ങിയ പ്രഷര്‍ കുക്കറിന്‍റെ ലഘുപുസ്തകം വായിച്ചു നോക്കുന്നത് പ്രധാനമാണ്.

ഒരു കുക്കറിന്‍റെ ദീര്‍ഘകാല ഈടിനു കാലാകാലങ്ങളില്‍ ഉള്ള കേടുപാടുകള്‍ നീക്കല്‍ അത്യന്താപേക്ഷിതമാണ്. പ്രഷര്‍ കുക്കറിന്‍റെയും ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് കമ്പനിയുടെ യഥാർഥ സ്പെയര്‍ പാര്‍ട്സുകള്‍ തന്നെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സര്‍വീസിനു വരുന്ന പ്രഷര്‍ കുക്കറുകളില്‍ 100 എണ്ണത്തില്‍ വെറും ഏഴെണ്ണം മാത്രമാണ് യഥാര്‍ത്ഥ സ്പെയര്‍പാര്‍ട്ട്സുകള്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നത്.

പ്രഷര്‍ കുക്കറിന്‍റെ കൈപ്പിടികള്‍ കേടുവന്നാൽ പേടിക്കേണ്ട. ആവശ്യമെങ്കില്‍ അത് നിങ്ങള്‍ക്ക് മുറുക്കി പിടിപ്പിക്കാവുന്നതേ ഉള്ളൂ. ഇനി പൊട്ടിയിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റിവെയ്ക്കാവുന്നതുമാണ്. ഒരു പ്രഷര്‍ കുക്കറിന്‍റെ ഗാസ്ക്കറ്റിന്‍റെ ശരാശരി ആയുസ്സ് പത്തു മുതല്‍ പന്ത്രണ്ടു മാസം വരെയാണ്. അത് കഴിഞ്ഞാല്‍ ഗാസ്ക്കറ്റ് മാറ്റിവെക്കണം. ഒറിജിനലിനു പകരം ഡ്യൂപ്ലിക്കേറ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഗാസ്ക്കറ്റ് റിലീസ് സിസ്റ്റം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വരികയും പ്രഷര്‍ കുക്കറിന്‍റെ സുരക്ഷിത ഉപയോഗത്തിന് ഭംഗം വരുത്തുകയും ചെയ്യും. അത് കൊണ്ട് എല്ലാ വര്‍ഷവും ഗാസ്ക്കറ്റ് മാറ്റുകയും പകരം ഒറിജിനല്‍ തന്നെ വെയ്ക്കുകയും ചെയ്യണം.

പ്രഷര്‍ കുക്കര്‍ കമ്പനിയുടെ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് മാത്രം സ്പെയര്‍പ്പാര്‍ട്സുകള്‍ വാങ്ങുന്നതിനു ശ്രദ്ധിക്കണം. ഒറിജിനല്‍ ഗാസ്ക്കറ്റ് നിര്‍മിക്കുന്നത് വളരെ നിയന്ത്രിത ചുറ്റുപാടില്‍ ഉയര്‍ന്ന നിലവാരമുള്ള നൈട്രൈല്‍ റബ്ബര്‍ ഉപയോഗിച്ചാണ്. ഒരു ഗാസ്ക്കറ്റിന്‍റെ അളവും ആകൃതിയും പ്രഷര്‍ കുക്കറിന്‍റെ അളവുകള്‍ക്ക് അനുസൃതമായിരിക്കും.

വെയിറ്റ് വാല്‍വ് സിസ്റ്റത്തിന് എന്തെങ്കിലും തകരാറുണ്ടായാല്‍ അധിക മര്‍ദ്ദം പുറത്തേക്ക് തള്ളുന്നതിനു വേണ്ടിയുള്ള രീതിയിലാണ് ഗാസ്ക്കറ്റിന്‍റെ രൂപകല്‍പ്പന. എന്നാല്‍ പാചകം ചെയ്ത ഭക്ഷണത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത തരത്തിലുള്ള അസംസ്കൃത വസ്തുവാണ് ഇതുണ്ടാക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറിജിനലിനു പകരം വ്യാജനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്‍റെ ആയുസ് ഒരു വര്‍ഷത്തിന് പകരം രണ്ടോ മൂന്നോ മാസം എന്ന കണക്കിലേക്ക് ചുരുക്കും എന്നും ഓര്‍ത്തിരിക്കേണ്ടതാണ്.

ലോഹനിര്‍മ്മിതമായ സേഫ്റ്റി പ്ലഗ്ഗ് നിങ്ങളുടെ പ്രഷര്‍ കുക്കറിന്‍റെ മറ്റൊരു നിര്‍ണ്ണായക ഘടകമാണ്. പാചകം ചെയ്യുമ്പോൾ പ്രഷര്‍ കുക്കറിന്‍റെ ഉള്ളിലെ ചൂടോ മർദമോ സുരക്ഷിതമായ അളവിലും കൂടുകയാണെങ്കില്‍ സേഫ്റ്റി പ്ലഗ്ഗിലെ ലോഹം ഉരുകുകയും അത് വഴി അധിക മർദം പുറത്തേക്കു പോവുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ഒരു വ്യാജ സേഫ്റ്റി പ്ലഗ്ഗ് ആണെങ്കില്‍ മേല്‍പ്പറഞ്ഞ തടസ്സമുണ്ടായാല്‍ ലോഹം ഉരുകണമെന്നില്ല. ഇത് പ്രഷര്‍ കുക്കറിന്‍റെ സുരക്ഷയെ തകിടം മറിക്കുകയും പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യും.

അത് പോലെ തന്നെ പ്രഷര്‍ കുക്കറിന്‍റെ വെയിറ്റ് വാല്‍വ് നിര്‍മ്മിച്ചിരിക്കുന്നത് കുക്കറിന്‍റെ ഉള്ളിലെ മർദം സുരക്ഷിത അളവില്‍ കൂടുകയാണെങ്കില്‍ ഉരുകി പോവുന്ന ഒരു പ്രത്യേക ലോഹസങ്കരം കൊണ്ടുള്ള മികച്ച പദാര്‍ത്ഥമുപയോഗിച്ചാണ്. ഇതിന്‍റെ ഉപയോഗം സേഫ്റ്റി പ്ലഗ്ഗിന്‍റെ ഉപയോഗം പോലെ തന്നെയാണ്.

ഒരു പ്രഷര്‍ കുക്കര്‍ വൃത്തിയാക്കുമ്പോൾ, ഉപയോഗിക്കുന്നത് അലുമിനിയം പ്രഷര്‍ കുക്കറാണെങ്കില്‍ അത് ഉപയോഗത്തിനു ശേഷം ഉടനെ തന്നെ കഴുകി വൃത്തിയാക്കേണ്ടതാണ്. കഴുകുമ്പോള്‍ കഠിനമായ കെമിക്കലുകള്‍ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. അലുമിനിയം കുക്കറുകളും ഹാര്‍ഡ് അനോഡൈസ്ഡ് കുക്കറുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് കഴുകുവാന്‍ പാടുള്ളതല്ല. ഇതെല്ലാം അറിഞ്ഞിരിക്കുകയും പ്രായോഗികമാക്കുകയും ചെയ്താൽ ഒരു പ്രഷർ കുക്കർ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാം. 

ടിടികെ പ്രസ്റ്റീജ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റാണ് ലേഖകൻ

English Summary: Tips for Cooking Safely With a Pressure Cooker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com