പൊറോട്ടയോടു ചിറ്റമ്മനയം ; ഇത് ഫുഡ് ഫാസിസം, പ്രതിഷേധ ഹാഷ് ടാഗ് വൈറൽ

parotta
SHARE

പൊറോട്ടയെ റൊട്ടിയുടെ കാറ്റഗറിയില്‍പെടുത്താനാവില്ല; 18% ജിഎസ്ടി തന്നെ ചുമത്തും. പൊറോട്ടയോടു ജിഎസ്ടി അധികൃതർക്കു ചിറ്റമ്മനയം. പായ്ക്കറ്റിൽ നിന്നു നേരെയെടുത്തു കഴിക്കാവുന്ന ചപ്പാത്തിയോ റൊട്ടിയോ പോലെയല്ല, ചൂടാക്കി കഴിക്കേണ്ടതാണ് പൊറോട്ടയെന്നും 18% ജിഎസ്ടി നൽകണമെന്നും ഉത്തരവ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ് (എഎആർ) കർണാടക ബെഞ്ചിന്റേതാണു വിധി. ചപ്പാത്തിക്കും ഉത്തരേന്ത്യൻ ഭക്ഷണമായ റോട്ടിക്കും നിലവിൽ ചുമത്തുന്ന 5% കുറഞ്ഞ ജിഎസ്ടി തന്നെ തങ്ങളുടെ മലബാർ, ഗോതമ്പ് ബ്രാൻഡ് പൊറോട്ടകൾക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഡി ഫ്രഷ് ഫുഡ്സ് നൽകിയ അപേക്ഷയിലാണു വിധി. ഈ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ രോഷം. #HandsOfPorotta എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ തരംഗമായി. #handsoffporotta എന്ന ഹാഷ്ടാ​ഗിൽ കേരള ടൂറിസവും വിഷയത്തിൽ പ്രതികരണവുമായി എത്തിയതോടെ സംഭവം മലയാളികളും ഏറ്റെടുക്കുകയാണ്. ഫുഡ് ഫാസിസമെന്നാണ് പലരും കർണാടക എഎആറിന്റെ തിരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

പായ്ക്കറ്റിൽ കിട്ടുന്ന ചപ്പാത്തിയും റൊട്ടിയും പാകം ചെയ്യാതെ അതേപടി കഴിക്കാമെന്നും (റെഡി ടു ഈറ്റ്) എന്നാൽ പായ്ക്കറ്റ് പൊറോട്ട ചുട്ടെടുക്കാതെ (റെഡി ടു കുക്ക്) പറ്റില്ലെന്നുമാണു ഡോ.രവി പ്രസാദും മഷൂദ് ഉർ റഹ്മാൻ ഫറൂഖിയും ഉൾപ്പെട്ട ബെഞ്ച് പറയുന്നത്. 

എന്നാൽ, റൊട്ടിയുടെ അതേ നിർമാണ രീതിയും അസംസ്കൃത വസ്തുക്കളും തന്നെയാണ് പൊറോട്ടയുടേതെന്നും ഇവ ഒരേ താരിഫിനു കീഴിൽ പരിഗണിക്കണമെന്നും ആണു ഐഡി ഫ്രഷ് ഫുഡ്സിന്റെ വാദമെന്ന് സിഇഒ പി.സി മുസ്തഫ പറഞ്ഞു. 

സാധാരണ റൊട്ടിക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തുമ്പോഴാണ് പൊറോട്ടയുടേത് 18 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്.  പൊറോട്ട റൊട്ടിയുടെ ഗണത്തില്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇതോടെ നിരസിക്കപ്പെട്ടത്.  റൊട്ടിയില്‍ നിന്ന് വ്യത്യസ്തമായാണ് പൊറോട്ടയുടെ നിര്‍മ്മാണം.  വ്യത്യസ്തയിനം പൊറോട്ടകളില്‍ വേവിച്ച മറ്റു ഭക്ഷ്യ വസ്തുക്കളായ ഉരുളക്കിഴങ്ങ് പോലെയുള്ളവയും ചേര്‍ക്കപ്പെടുന്നുണ്ട്.  അതുകൊണ്ടുതന്നെ പൊറോട്ട ശീര്‍ഷകം 1905ല്‍ ഉള്‍പ്പെടുന്നില്ല.  1905 എന്ന ശീര്‍ഷകത്തില്‍ ഉള്‍പ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ക്കാണ് 5 ശതമാനം ജിഎസ്ടി കണക്കാക്കുന്നത്. ശീര്‍ഷകം 1905 ല്‍ പൂര്‍ണമായും വേവിച്ചതും ഉപയോഗിക്കാന്‍ തയ്യാറായവയുമാണ് ഉള്‍പ്പെടുന്നത്.  ഉപയോഗത്തിന് മുമ്പ് പൊറോട്ട ചൂടാക്കേണ്ടതായതിനാല്‍ റൊട്ടിയുടെ വകഭേദത്തില്‍ വരികയില്ല അതുകൊണ്ടുതന്നെ ശീര്‍ഷകം 1905ല്‍ പൊറോട്ടയെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ ജിഎസ്ടി നിരക്ക് 18% ആയിരിക്കും ചുമത്തുക.   ഗോതമ്പു പൊറോട്ട, മലബാര്‍ പൊറോട്ട തുടങ്ങിയവയെ എല്ലാം റൊട്ടിയുടെ കാറ്റഗറിയായ 1905ല്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇഡലി ദോശ എന്നിവയ്ക്കുള്ള മാവ്, പൊറോട്ട, തൈര്, പനീര്‍ തുടങ്ങിയവ വിപണനം നടത്തുന്ന ഐഡി ഫ്രഷ് ഫുഡ് അധികൃതര്‍ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊറോട്ടയെ 1905 ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് എഎആര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടി വരുന്നതിനു മുൻപ് 5% വാറ്റ് ആണു പൊറോട്ടയ്ക്കു നൽകിയിരുന്നത്. ഇതു തുടരാമെന്നു മുംബൈ ജിഎസ്ടി അധികൃതർ അറിയിച്ചതുമാണ്. ചില ഉദ്യോഗസ്ഥർ ഇതിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് എഎആറിനെ സമീപിച്ചത്. നിലവിലെ ഉത്തരവിനെതിരെ അപ്പീലിനു പോകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Parotas are not rotis and will attract 18% GST, says authority

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA