ADVERTISEMENT

ജോര്‍ജ് ഫ്ലോയിഡിന്റെ മരണം ജ്വലിപ്പിച്ച, വംശീയതക്കെതിരെയുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും നൂറ്റാണ്ടിലേറെ പഴക്കമുള്ള ആന്റ് ജമൈമ എന്ന ബ്രാൻഡിന്റെ പേരു മാറ്റുന്നതിലേക്ക് എത്തിയിരിക്കുന്നു. പെപ്സികോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്വേക്കര്‍ ഓട്‌സ് തങ്ങളുടെ പാൻകേക്ക് മിക്സും മേപ്പിൾ സിറപ്പും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ബ്രാൻഡായ ആന്റ്  ജമൈമയുടെ പേരും ലോഗോയും മാറ്റുമെന്ന് പ്രഖ്യാപിച്ചു. ‘ലോഗോ നീക്കംചെയ്യുകയും പേര് മാറ്റുകയും ചെയ്തുകൊണ്ടാണ് വംശീയ സമത്വത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഞങ്ങള്‍ ആരംഭിക്കുന്നത്’. എന്നാണ് കമ്പനി അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1889 ല്‍ സ്ഥാപിതമായ ഈ ബ്രാന്‍ഡ് കറുത്ത വർഗക്കാരിയായ ഒരു സ്ത്രീകഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 

1800 കളില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരെ പരിഹസിച്ചുകൊണ്ടുള്ള വിനോദപരിപാടികളിലെ കഥാപാത്രമായ ആന്റ് ജെമൈമയിൽനിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആന്റ് ജമൈമ ബ്രാന്‍ഡ് രൂപകല്‍പന ചെയ്തത്. 1989 ല്‍ മുത്ത് കമ്മലുകളും ലേസ് കോളറും ചേര്‍ത്ത് നിരവധി പുനര്‍രൂപകല്‍പനകളിലൂടെ കടന്നുപോയതിനുശേഷവും അടിമത്തത്തിന്റെ പ്രതീകമായി ആന്റ് ജമൈമയെ പലരും ഇപ്പോഴും കാണുന്നു.   

2015 ല്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യവിഭാഗം പ്രഫസര്‍ റിച്ച് റിച്ചാര്‍ഡ്‌സണ്‍, ആന്റ്  ജമൈമയെ ‘പഴയ സൗത്ത് പ്ലാന്റേഷന്‍ നൊസ്റ്റാള്‍ജിയയുടെയും പ്രണയത്തിന്റെയും ഒരു വളര്‍ച്ച’ എന്നാണ് വിശേഷിപ്പിച്ചത്. വെളുത്ത യജമാനന്റെയും യജമാനത്തിയുടെയും മക്കളെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവരുന്ന അര്‍പ്പണ ബോധവും വിധേയത്വവുമുള്ള ഒരു ദാസി എന്ന ആശയത്തില്‍ അധിഷ്ഠിതമാണ് ആന്റ് ജമൈമ എന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. പെപ്‌സികോ 2001 ല്‍ ക്വേക്കര്‍ ഓട്‌സ് വാങ്ങുകയും ആന്റി  ജമൈമ ബ്രാന്‍ഡിന്റെ അവകാശിയായിത്തീരുകയും ചെയ്തു.   പെപ്‌സികോയ്ക്ക്  നേരത്തെ തന്നെ ആന്റ് ജമൈമ ബ്രാന്‍ഡിലെ വംശീയതയെക്കുറിച്ച് ബോധ്യപ്പെട്ടിരുന്നു. 2017 ല്‍, കെന്‍ഡാല്‍ ജെന്നര്‍ എന്ന വെളുത്ത മോഡലിനെ ഉള്‍പ്പെടുത്തി ഒരു പരസ്യം പ്രസിദ്ധീകരിച്ചതിന് പെപ്‌സികോ ക്ഷമ ചോദിച്ചിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് വംശീയതക്കെതിരെയും പൊലീസ് ക്രൂരതകള്‍ക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ പല കമ്പനികളും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.  വംശീയ സമത്വത്തിനായുള്ള യാത്ര കമ്പനിയുടെ ഡിഎന്‍എയുടെ ഭാഗമാണ് എന്നാണ് പെപ്സികോയുടെ ചീഫ് എക്സിക്യൂട്ടീവ് റാമോണ്‍ ലാഗ്വാര്‍ട്ട കുറിച്ചത്. നിരവധി സംരംഭങ്ങളിലൂടെ വംശീയ സമത്വത്തിലേക്ക് പുരോഗതി കൈവരിക്കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്വേക്കര്‍ ഫുഡ്‌സ് നോര്‍ത്ത് അമേരിക്കയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ക്രിസ്റ്റിന്‍ ക്രോപ്ഫ് പറഞ്ഞു.  ഇതിനുപുറമെ, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 5 മില്യൻ ഡോളറെങ്കിലും സംഭാവന ചെയ്യുമെന്നും പെപ്‌സികോ അറിയിച്ചു.

English Summary: Aunt Jemima's parent company, Quaker Oats, has announced it will change the name and remove the image of a black woman from its packaging. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com