5 സ്റ്റാര്‍ പകിട്ടോടെ ഭക്ഷണം വീട്ടില്‍ തയാറാക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകം

bobby-geetha
ഷെഫ് ബോബി ഗീത
SHARE

ഒന്നാന്തരം ഭക്ഷണം കഴിക്കണമെങ്കില്‍ ഏതെങ്കിലും 5 സ്റ്റാര്‍ റസ്റ്ററന്റില്‍ത്തന്നെ പോകണമെന്നില്ല. അവിടെ നൽകുന്ന പണത്തിന്റെ പത്തിലൊന്നു മാത്രം ചെലവിൽ രുചിയൂറുന്ന ഭക്ഷണം നമ്മുടെ വീട്ടില്‍ത്തന്നെ ഒരുക്കാം; അതും 5 സ്റ്റാര്‍ പകിട്ടോടെ. ഇതിനുള്ള പാചക ടെക്‌നിക്കുകള്‍, മികച്ച ചേരുവകള്‍ എന്നിവയെല്ലാം പരിചയപ്പെടുത്തുകയാണ് "Fine Dining Indian: Easy To Cook Restaurant Recipes At Home" എന്ന പുസ്തകം.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷെഫ് ബോബി ഗീതയാണ് ലോക്ഡൗണ്‍ കാലഘട്ടം ഇത്തരത്തിലൊരു പുസ്തകം പുറത്തിറക്കാന്‍ വിനിയോഗിച്ചത്. "Fine Dining Indian"  എന്ന തന്റെ യുട്യൂബ് ചാനലിനു വേണ്ടി തയാറാക്കിയ റെസിപ്പികളും വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് ബോബി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

അച്ചാറി ഒക്ടോപസ്, വൈല്‍ഡ്‌ബോര്‍ സോസേജ് വടാപാവ്, ടപ്പിയോക്ക പൊപ്പടം, ലാംപ് സ്വീറ്റ് ബ്രഡ് ഷമി കെബാബ്, ഡക് എഗ്ഗ് നാന്‍ റോള്‍ എന്നിങ്ങനെ നീളുന്നു ഈ പുസ്തകത്തിലെ കൊതിയൂറും റെസിപ്പികള്‍. ഏറ്റവും മികച്ച പാചകം എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലും റസറ്ററന്റുകളിലും എത്തിക്കുകയാണ് പുസ്‌കത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ഭക്ഷണത്തെയും അതിന് പഞ്ച ഭൂതങ്ങളോടുള്ള ബന്ധത്തെയും പുസ്തകം ചര്‍ച്ചാ വിഷയമാക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെ ഇന്ത്യക്കാര്‍ പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനമെന്ന് കണക്കാക്കുന്ന ഘടകങ്ങളെ മധുരം, പുളിപ്പ്, ഉപ്പ്, എരിവ്, കയ്പ്  എന്നീ രുചികളുമായി പുസ്തകം ബന്ധിപ്പിക്കുന്നു.

നാം എന്തു കഴിക്കുന്നോ അതായി മാറുന്നു എന്ന ചിന്തയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പുസ്തകം, ഭക്ഷണം എങ്ങനെ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു എന്നും പറഞ്ഞു തരുന്നു. പാചകകലയില്‍ 15 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള ഷെഫ് ബോബി ഗീത ബിബിസി മാസ്റ്റര്‍ ഷെഫ് യുകെ പ്രഫഷനല്‍സ് സീസണ്‍ എട്ടിന്റെ ടോപ് ഫെനലിസ്റ്റുകളില്‍ ഒരാളാണ്. ഈ ഷോയിലെത്തുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ ഷെഫ് എന്ന ക്രെഡിറ്റും ബോബിക്ക് സ്വന്തം. 

മലയാളിയായ ബോബി ഇന്ത്യയിലെയും യൂറോപ്പിലെയും മധ്യേഷ്യയിലെയും മികച്ച റസ്റ്ററന്റുകളില്‍  തന്റെ പാചക വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നോമ അടക്കമുള്ള മിഷലിന്‍ സ്റ്റാര്‍ റസ്റ്ററന്റുകളില്‍ പരിശീലനം നേടിയിട്ടുണ്ട്. ദുബായ് ആശ ഗ്രൂപ്പ് റസ്റ്ററന്റിലെ മുന്‍ ഷെഫ് കൂടിയാണ് ബോബി ഗീത. Beyond Curry, Indian Cuisine evolution എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA