വണ്ണമുള്ളവരെല്ലാം അമിത ഭക്ഷണം കഴിക്കുന്നവരല്ല: രശ്മി ബോബൻ

actress-resmi
രശ്മി ബോബൻ
SHARE

പാചകം ചെയ്യുക, ചെയ്യാതിരിക്കുക ഇതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. ആർക്കും ആരെയും നിർബന്ധിച്ച് ചെയ്യിക്കാൻ പറ്റില്ല. ഒരു കടമയായി ചെയ്താൽ പണിപാളും. എന്നാൽ ഇത് എല്ലാവർക്കും പറ്റുകയും ചെയ്യും. ഞാൻ ആദ്യമായി ഉണ്ടാക്കിയ ചമ്മന്തിയൊക്കെ വൻ ദുരന്തമായിരുന്നു. പിന്നെ പതിയെ കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കും. ജീവിക്കാനാണല്ലോ ഭക്ഷണം കഴിക്കുന്നത്. ചിലർക്ക് പാചകത്തിൽ പാരമ്പര്യമായി കിട്ടിയ കൈപ്പുണ്യം കാണും, അവർ എന്ത് ഉണ്ടാക്കിയാലും ടേസ്റ്റായിരിക്കും. ഒരിക്കലും പാചകം പെണ്ണുങ്ങളിൽ മാത്രം അടിച്ച് ഏൽപ്പിക്കേണ്ട കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ എന്റെ രണ്ട് ആൺകുട്ടികളെയും പാചകം പഠിപ്പിക്കുന്നുണ്ട്. ലോക്ഡൗൺ സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പാചകം ചെയ്യുന്നതും രസകരമാണ്. കുട്ടികളെ പാചകം ഒന്നിച്ച് പഠിപ്പിക്കാമെന്നു വച്ചാൽ നടക്കില്ല. ഇവിടെ കുട്ടികൾക്ക് ആദ്യത്തെ ടാസ്ക് കഴിച്ച പാത്രം എടുത്ത് വയ്ക്കുക എന്നതായിരുന്നു. കുറച്ചും കൂടി വലുതായപ്പോൾ ആ പാത്രങ്ങൾ കഴുകി വയ്ക്കാൻ ശീലിപ്പിച്ചു. പിന്നെ നമ്മൾ വീട്ടിൽ ചെല്ലുമ്പോൾ ഏതൊക്കെ പാത്രങ്ങളുണ്ടോ അത് കഴുകി വയ്ക്കുക. അങ്ങനെ പടിപടിയായി വേണം പഠിപ്പിക്കാൻ. ഇതൊക്കെ അവരുടെ ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ഉപകരിക്കുകയാണെങ്കിൽ സന്തോഷം.

വണ്ണത്തിന്റെ പേരിൽ ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ആളുകൾ ചോദിക്കുമായിരുന്നു മോൾ ഏതു കോളജിലാണെന്ന്. പൊതുവേ ആൾക്കാർക്ക് ഒരു ധാരണയുണ്ട് ഭക്ഷണം ഒരുപാട് കഴിക്കുന്ന ആൾക്കാർ മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്. വണ്ണം വയ്ക്കുന്നതിന് പല ഘടകങ്ങൾ ഉണ്ട് എന്ന കാര്യം പലരും ഓർക്കാറില്ല. മാനസിക സമ്മർദ്ദം, തൈറോയ്ഡ്, കഴിക്കുന്ന മരുന്നുകൾ, ആരോഗ്യ പ്രശ്നങ്ങൾ... ഏതു പ്രശ്നത്തിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്നത് ചോദിക്കുന്നവർ പലപ്പോഴും ശ്രദ്ധിക്കാറില്ല, അവരോട് പറഞ്ഞിട്ടും കാര്യമില്ല. ഞാനിപ്പോൾ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഈ ചോദ്യങ്ങൾ വിഷമിപ്പിച്ചിരുന്നു, ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാൻ എന്താണെന്നും എന്തുകൊണ്ടാണെന്നും. ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയും അത്രയേയുള്ളു. തീരെ മെലിഞ്ഞിരിക്കുന്ന ആൾക്കാരെയും ആളുകൾ വെറുതെ വിടില്ല. അവർ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവർക്കല്ലേ അറിയൂ, നമ്മൾ മുൻവിധികൾ മാറ്റി വയ്ക്കുക. ആരെക്കണ്ടാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്ന അവസ്ഥയാണ് പൊതുവേ. മുടി ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിൽ കുഴപ്പം. എന്താണ് കുഴപ്പമില്ലാത്തതെന്ന് മാത്രം മനസ്സിലാകുന്നില്ല. ആൾക്കാരാരും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലെന്നാണ് തോന്നുന്നത്.

സൗഹൃദങ്ങളും  രുചിയോർമകളും

ഓരോ സൗഹൃദവും ബന്ധവും ഓർമിക്കുന്നത് അവർക്കൊപ്പം പങ്കുവച്ച രുചിയും ചേർത്താണ്. കുട്ടിക്കാലത്ത് എന്റെ വീട്ടിൽ വ്യത്യസ്ത വിഭവങ്ങൾ തയാറാക്കുന്നത് അമ്മയുടെ ചേച്ചിയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ബേക്ക്ഡ് വിഭവങ്ങൾ, ബിസ്ക്കറ്റ് പുഡ്ഡിങ്, മധുരപലഹാരങ്ങൾ എന്നിവയൊക്കെ ഉണ്ടാക്കി തരുന്ന വല്ല്യമ്മയുടെ വീട്ടിലേക്ക് പോകാൻ വലിയ ആവേശമാണ്. എന്റെ അമ്മയും നല്ലൊരു പാചകക്കാരിയാണ്, നാടൻ വിഭവങ്ങൾ ഉഗ്രനായി തയാറാക്കും. അമ്മയുണ്ടാക്കുന്ന അവിയലും ഓലനുമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ. നല്ല കറുമുറു ഉണ്ണിയപ്പവും അമ്മയുടെ സ്പെഷലാണ്. അതുപോലെ ഭർത്താവിന്റെ അമ്മ തയാറാക്കുന്ന കൊഞ്ച് തീയൽ... ഞാനും മഞ്ജുപിള്ളയും അടുത്ത സുഹൃത്തുക്കളാണ്, സംസാരത്തിൽ അമ്മമാരുടെ സ്വഭാവം, ഭക്ഷണം ഈ കാര്യങ്ങളിലെ പൊരുത്തമാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങാനുള്ള കാരണം. മഞ്ജുവിന്റെ അമ്മയും നല്ലൊരു പാചകക്കാരിയാണ്, ഉള്ളിത്തീയൽ രുചിക്കൂട്ടൊക്കെ പറഞ്ഞു തന്നിട്ടുണ്ട്.

actress-resmi-boban
രശ്മി ബോബൻ

ലോക്ഡൗൺ സ്പെഷൽ ചിക്കൻ ബിരിയാണി

എന്റെ രണ്ടു മക്കൾക്കും നോൺ വിഭവങ്ങളാണ് കൂടുതൽ ഇഷ്ടം, ഈ വീട്ടിൽ പച്ചക്കറി കഴിക്കുന്നത് ഞാൻ മാത്രമേയുളളു. ഒരേ രീതിയിൽ ചിക്കൻ കറി വച്ചാൽ പിള്ളേർക്കും രുചി മടുക്കും. യൂട്യൂബിൽ നോക്കി നമ്മുടെ സ്വൽപം ചേരുവകളും ചേർത്ത് തയാറാക്കുന്ന വിഭവങ്ങൾ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്. ലോക്ഡൗണിൽ തയാറാക്കിയതിൽ ചിക്കൻ ബിരിയാണിയാണ്  താരം. ഇനി എന്നാണ് അടുത്ത ബിരിയാണിയെന്നാണ് ഇപ്പോൾ ചോദ്യം. മാസത്തിൽ ഒന്നോ രണ്ടോ തയാറാക്കാം, അടുപ്പിച്ച് തയാറാക്കിയാൽ അതിനോട് ഇഷ്ടം ഇല്ലാതായിപ്പോകും. മക്കൾ രണ്ടുപേർക്കും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി കൊടുക്കുന്നത് ഇഷ്ടമാണ്, രണ്ടുപേരും പാചകത്തിൽ അത്യാവശ്യം സഹായിക്കും. മൂത്തയാൾ ചെറിയ പാചക പരീക്ഷണങ്ങളും ചെയ്യാറുണ്ട്. ആൺകുട്ടികൾ അടുക്കളയിൽ കയറരുത് എന്നു പറയുന്ന ഒരു തലമുറയിൽ അല്ലല്ലോ നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. എല്ലാവരും എല്ലാക്കാര്യങ്ങളും അറിഞ്ഞിരിക്കണം. അത്യാവശ്യം ജീവിച്ചു പോകാനുള്ള കാര്യങ്ങൾ പഠിക്കണം, ആണാണെങ്കിലും പെണ്ണാണെങ്കിലും. ഇല്ലെങ്കിൽ കല്ല്യാണം കഴിയുമ്പോൾ അമ്മയൊന്നും പഠിപ്പിച്ചില്ലല്ലോ എന്ന പഴി കേൾക്കേണ്ടി വരും. 

സിനിമാ അഭിരുചിപോലെ ഭക്ഷണരുചിയും

ഓരോ വീട്ടിലും ഓരോ രുചിയാണ്, ചിലർക്ക് ചില ചേരുവകൾ ഇഷ്ടമുണ്ടായിരിക്കുകയില്ല. വീട്ടിലുള്ളവരുടെ രുചി നമുക്ക് കൃത്യമായി അറിയാമല്ലോ, അതിന് അനുസരിച്ച് പാചകത്തിനുള്ള ചേരുവകളിൽ മാറ്റം വരുത്തും. എനിക്ക് ഭക്ഷണം തയാറാക്കുമ്പോൾ മല്ലിയില ചേർക്കുന്നത് ഇഷ്ടമാണ്. ഒരിക്കൽ വീട്ടിൽ ഒരു അതിഥി വന്നപ്പോളാണ് മനസിലായത്, ആൾക്ക് മല്ലിയിലയുടെ മണംപോലും ഇഷ്ടമല്ല, ഞാൻ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും മല്ലിയിലകൊണ്ട് അലങ്കരിച്ചാണ് വിളമ്പിയിരിക്കുന്നത്! സിനിമാ അഭിരുചിപോലെ തന്നെയാണ് ഭക്ഷണരുചിയും. ചില സിനിമകൾ എല്ലാവർക്കും ഇഷ്ടപ്പെടില്ല. അതുപോലെ ചില സ്ഥലത്തെ ഭക്ഷണം മികച്ചതാണെന്ന് കേട്ട് അവിടെ ചെന്ന് കഴിക്കുന്ന എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. 

പാചകത്തിൽ മനോധർമ്മം പ്രധാനം

കൃത്യമായ പാചകകുറിപ്പ് സൂക്ഷിക്കാറില്ല, വീട്ടുകാരുടെ അഭിരുചി മനസ്സിലാക്കിയുള്ള ചേരുവകളും പരീക്ഷണങ്ങളുമാണ് വീട്ടിൽ ചെയ്യുന്നത്.

കുട്ടിക്കാലത്ത് വിഷുവിനൊക്കെ അമ്മയുടെ തറവാട്ടിൽ എല്ലാവരും ഒത്തുകൂടിയുള്ള കൂടിച്ചേരലുകളും പലവിധ പലഹാരങ്ങളും രുചിയോർമകളും ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുന്നില്ല. ഇന്നിപ്പോൾ വിരൽതുമ്പിൽ പാചകക്കൂട്ടുകൾ ലഭ്യമാണ്, ആരെയും പാചകക്കുറിപ്പ് ചോദിച്ച് വിളിക്കേണ്ടി വരുന്നില്ല. യൂട്യൂബിൽ എല്ലാം എളുപ്പത്തിൽ ലഭ്യമാണ്. ഈ സമയത്ത് വീട്ടിലെ ചക്കയും മാങ്ങയും ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്ന സങ്കടം മാത്രമാണ് ഈ ലോക്ഡൗണിൽ. വീട്ടിൽ വിളിക്കുമ്പോൾ അമ്മ അതെല്ലാം വിഡിയോയിലൂടെ കാണിക്കാറുണ്ട്. ഇതും കടന്ന് പോകും എന്ന വിശ്വാസത്തിൽ നിൽക്കുന്നു.

കുടുംബം

ജനിച്ചു വളർന്നത് കണ്ണൂർ കണ്ണപുരത്തുള്ള അമ്മയുടെ തറവാട്ടിലാണ്. അച്ഛൻ, അമ്മ, ഞാൻ, അനിയൻ. ഇതായിരുന്നു കുടുംബം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ട് അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതവും പറിച്ചുനടപ്പെട്ടു കൊണ്ടേയിരുന്നു. പത്തു പതിനഞ്ചു വീടുകളിലെങ്കിലും ഞങ്ങൾ താമസിച്ചിട്ടുണ്ട്. ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ കണ്ണൂർ അഞ്ചാംപീടിക എന്ന സ്ഥലത്ത് ഒരു വീട് വയ്ക്കുന്നത്. പക്ഷേ  അവിടെ മൂന്നു വർഷം കഴിയാനുള്ള ഭാഗ്യമേ ഞങ്ങൾക്ക് ലഭിച്ചുള്ളൂ. അപ്പോഴേക്കും അച്ഛന് വയനാട്ടിലേക്ക് സ്ഥലം മാറ്റമായി. അവിടുന്ന് നേരേ നോർത്ത് ഇന്ത്യയിലേക്ക്. പ്രീഡിഗ്രി കാലം ഉത്തർപ്രദേശിൽ. ഡിഗ്രി ആയപ്പോൾ കോട്ടയത്തേക്ക് വീണ്ടും സ്ഥലമാറ്റം. കോട്ടയം സിഎംഎസിൽ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോൾ  തിരുവനന്തപുരത്തേക്ക് വീണ്ടും മാറ്റം. എന്തായാലും അതോടെ സ്ഥലംമാറ്റം തീർന്നു. ആ സമയത്ത്  ഓഡിഷൻ വഴി ഒരു ടിവി പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി. അതുകഴിഞ്ഞ് എന്റെ ഡാൻസ് ടീച്ചർ വഴിയാണ് സീരിയലിലേക്ക് അവസരം തുറക്കുന്നത്.

അക്കാലത്തൊക്കെ നല്ല വിഷമം തോന്നിയിരുന്നു. കാരണം എവിടെയെങ്കിലും ഒന്ന് സെറ്റ് ആയി വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമെടുത്ത് അടുത്ത സ്ഥലത്തേക്ക് പോകാനുള്ള സന്ദേശം വരും. വീട് മാത്രമല്ല, സുഹൃത്തുക്കളെയും വിട്ടു പോകേണ്ടി വരും. പക്ഷേ  ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉപകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പല സ്ഥലങ്ങളിൽ വ്യത്യസ്തരായ സുഹൃത്തുക്കളെ ലഭിച്ചു. എവിടെയും അഡ്ജസ്റ്റ് ചെയ്യാനുള്ള  കഴിവ് ലഭിച്ചു. കൊച്ചി വാഴക്കാലയിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം.

ഭർത്താവ് ബോബൻ സാമുവൽ. റോമൻസ് എന്ന ചിത്രം സംവിധാനം ചെയ്താണ് ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം അൽ മല്ലു എന്ന ചിത്രവും സംവിധാനവും ചെയ്തിരുന്നു. മൂത്ത മകൻ നിധീഷ്. ഇപ്പോൾ ബെംഗളൂരുവിൽ ഒന്നാം വർഷ ഡിഗ്രി കഴിഞ്ഞു. ഇളയ മകൻ ആകാശ്. ഇപ്പോൾ പത്താം ക്‌ളാസിൽ പഠിക്കുന്നു.

അമ്മ സ്പെഷൽ രുചികരമായ ഉണ്ണിയപ്പത്തിന്റെ രുചിക്കൂട്ട്

unniyappam

ചേരുവകൾ

  • പച്ചരി – ഒരു ഗ്ലാസ് (വെള്ളത്തിൽ കുതിർത്ത് വച്ചത്)
  • മൈസൂർ പഴം അല്ലെങ്കിൽ റോബസ്റ്റ പഴം – 3 എണ്ണം
  • ശർക്കര – 250 ഗ്രാം (പാനിയാക്കിയത്)
  • ഏലയ്ക്കാപ്പൊടി
  • എള്ള്
  • ഉപ്പ് – അൽപം
  • തേങ്ങാകൊത്ത് – വറുത്തെടുത്തത്

തയാറാക്കുന്ന വിധം

പച്ചരിയും പഴവും ചേർത്ത് മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക. ഇതിലേക്ക് ശർക്കര പാനി, ഏലയ്ക്കാപ്പൊടി, എള്ള്, ഉപ്പ് ,തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് മൂന്ന് നാല് മണിക്കൂർ വച്ചതിനു ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഒഴിച്ച് ഉണ്ണിയപ്പം തയാറാക്കാം. നല്ല കറുമുറു രുചിയിൽ ലഭിക്കും

English Summary: Actress Resmi Boban Food Talk

തയാറാക്കിയത് :  അൽഫോൻസാ ജിമ്മി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA