ഭക്ഷണം കൊണ്ട് ലോകം കീഴടക്കിയവർ ഇവരാണ്, തിന്നും തീറ്റിച്ചും റെക്കോഡിട്ടവർ

food-records
SHARE

നല്ല രുചിയുള്ള ഭക്ഷണം എന്നു കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവരാണ് നമ്മൾ. പക്ഷേ നാലു തവി ചോറോ, എട്ടോ പത്തോ ദോശയോ, രണ്ടു കപ്പു പായസമോ കഴിക്കാൻ കഴിയുന്ന എത്ര പേരുണ്ട്? ഇത്തിരി കഴിക്കുമ്പോഴേ വയറുനിറഞ്ഞ് ‘കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ചേട്ടാ’ എന്നു കീഴടങ്ങുന്നവരുമാണ്. പക്ഷേ, ഭക്ഷണം കൊണ്ട് ലോകം കീഴടക്കിയ ചിലരുണ്ട്. തിന്നും തീറ്റിച്ചും റെക്കോർഡുകൾ നേടുന്നവർ. അത്തരം റെക്കോർഡ് തീറ്റകളുടെ ചില കഥകൾ ഇതാ. 

∙ തൃശൂരുകാരൻ തീറ്റ റപ്പായിയെ ഓർമയുണ്ടോ? മലയാളികൾ ഒന്നടങ്കം ഭക്ഷണത്തിലെ കേമനെന്ന് തലകുലുക്കി സമ്മതിച്ച റപ്പായിച്ചേട്ടൻ. ഇരുന്നുറ്റമ്പത് ഇഡ്‌ഡലി, പതിനഞ്ചു കിലോ ഹലുവ, രണ്ടു കുല പഴം, നൂറ് ലഡു. ഇതൊക്കെയാണ് റപ്പായിയുടെ സ്ഥിരം തീറ്റക്കണക്കുകൾ. പണ്ടൊരിക്കൽ ചെന്നൈയിൽ നടന്ന തീറ്റമൽസരത്തിൽ 550 ഇഡ്ഡലി വരെ ഒറ്റയിരുപ്പിനു തിന്ന് 50,000 രൂപ സമ്മാനം നേടിയ ചരിത്രം റപ്പായിച്ചേട്ടനുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച തീറ്റ റപ്പായിയാണ് മലയാളി ഭക്ഷണപ്രേമികളുടെ ആരാധനാപാത്രം. 

ഓർമയായിട്ട് പത്തുവർഷം കഴിഞ്ഞു. എന്നാലും തീറ്റയുടെ റെക്കോർഡ് എന്നു പറഞ്ഞാൽ മലയാളികൾക്ക് അന്നും ഇന്നും തീറ്റ റപ്പായി തന്നെയാണ്. 

∙ നാവിൽ തൊട്ടാൽ കണ്ണിൽനിന്നും മൂക്കിൽനിന്നും വെള്ളം ചീറ്റുന്ന ചുവന്ന ഉണ്ടമുളക്. അങ്ങനെയുള്ള 51 മുളകുകൾ ഒറ്റയടിക്ക് തിന്നുക. അതും വെറും രണ്ടുമിനിറ്റുകൊണ്ട്.  ആനന്ദിത ദത്ത താമുലേയയാണ് ഈ കടുംകൈ ചെയ്തത്. ഇതൊന്നും പോരാഞ്ഞിട്ട് ഒറ്റ മിനിറ്റുകൊണ്ട് 29 മുളകുകൾ പൊട്ടിച്ച കണ്ണിനുമുകളിൽ തേയ്ക്കുകയും ചെയ്തുവത്രേ. 

അസ‌ംകാരിയായ ആനന്ദിത ദത്ത താമുലേയ ലോക റെക്കോർഡിലേക്കുള്ള ചവിട്ടുപടിയിലാണ്. പരിപാടി ഷൂട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് ടിവി ചാനലിന്റെ ക്യാമറാമാൻ ഒരു കുഞ്ഞു മുളകെടുത്ത് കടിച്ചുനോക്കി. മൂന്നു ജാർ വെള്ളം കുടിച്ചിട്ടും പഞ്ചസാര വാരിത്തിന്നിട്ടും രക്ഷയില്ലാതെ വേറൊരു ക്യാമറാമാനെക്കൊണ്ട് പരിപാടി ഷൂട്ട് ചെയിച്ചുവെന്ന് ഒരു കഥയുമുണ്ട്. 

∙ ഒരു ഓറഞ്ച് തൊലിപൊളിച്ച് അല്ലികളാക്കി രുചിച്ചങ്ങനെ കഴിക്കാൻ നല്ല രസമാണ്. നല്ല മധുരമുള്ള ഓറഞ്ചാണെങ്കിൽ കെങ്കേമം. ഓറഞ്ച് തിന്നാൽ റോക്കോർഡിടാം എന്നു തെളിയിച്ചവരാണ് മനീഷ് ഉപധ്യായയും ദിനേഷ് ഉപാധ്യായയും. ലോകം കണ്ട ഏറ്റവും അദ്ഭുതകരമായ ഓറഞ്ചുതീറ്റ ഇതായിരിക്കും. 

രണ്ടുപേരും വെറുതേ ഇരുന്ന് ഓറഞ്ച് പൊളിച്ചങ്ങു തിന്നതല്ല. 17 സെക്കൻഡും 15 മില്ലി സെക്കൻഡും കൊണ്ട് ഒരു ഓറ‍ഞ്ച് പൊളിച്ച് തിന്നു. ഇതിലെന്താണിത്ര പ്രത്യേകത എന്നല്ലേ. രണ്ടുപേരും കണ്ണുമൂടിക്കെട്ടിയാണ് ഓറഞ്ചു തിന്നത്. മനീഷ് ഓറഞ്ചു പൊളിച്ചു ദിനേഷ് ഓറഞ്ചു തിന്നു. അതായത് കണ്ണുമൂടിക്കെട്ടിയതിനാൽ കൈകൊണ്ട് തപ്പിക്കണ്ടുപിടിച്ച് ഓറഞ്ച് പൊളിക്കണം, അല്ലിയാക്കണം, വായിൽ വെച്ചുകൊടുക്കണം, തിന്നണം. ഇതിനെല്ലാംകൂടി 17 സെക്കൻഡു മാത്രം. വായിൽ തിരുകേണ്ടത് മൂക്കിൽ കയറിയാൽ കഥ അപ്പോൾത്തന്നെ തീർന്നേനെ. 

ശാസ്ത്ര അധ്യാപകനായ ദിനേഷ് ഉപധ്യായക്ക് മറ്റു പല വിചിത്ര റെക്കോർഡുകൾ കൂടിയുണ്ട്. 2014 ജൂൺ ഏഴിന് ഒരു മിനിറ്റിൽ 73 മുന്തിരി തിന്ന് ലോക റെക്കോർഡ് ഇട്ടു. വായിൽ ഒരേസമയം 74 കത്തുന്ന മെഴുകുതിരികൾ കടിച്ചുപിടിച്ചതിനുള്ള റെക്കോർഡും ദിനേഷിനു സ്വന്തം! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA