ADVERTISEMENT

കർക്കടകം അണ മുറിയാത്ത മഴക്കാലമാണെന്നുവയ്പ്. തണുപ്പിൽ മഴയത്തേക്കിറങ്ങി പല രോഗങ്ങൾ പിടിക്കുന്നതു തടയാൻ പണ്ടുള്ളവർ അനേകമനേകം ആരോഗ്യ ശീലങ്ങൾ ആചരിച്ചിരുന്നു. കർക്കടത്തിലെ ഞണ്ടുകൾ പണ്ടത്തെപ്പോലെ ഇറുക്കാറില്ല എന്നാണു പുതുമൊഴി. മഴയെവിടെ, തണുപ്പെവിടെ, കർക്കടകത്തിലെ ഞണ്ടെവിടെ. എങ്കിലും കർക്കടകമാസത്തിൽ അൽപം ചിട്ടയോടെ ഭക്ഷണം കഴിക്കാം. ശരീരവും മനസും ശുദ്ധമാക്കാം.

പഞ്ഞക്കർക്കടകത്തിൽ ഏറ്റവും പ്രസിദ്ധം കർക്കടക കഞ്ഞി തന്നെയാണ്. പത്തിലത്തോരനും സൂപ്പുകളുമൊക്കെ കഴിക്കുന്നതു നല്ലതാണ്. പക്ഷേ തിരക്കുകൾക്കിടയിൽ അതൊക്കെ തേടിപ്പോവാൻ എവിടെ നേരം. അതുകൊണ്ട് കഞ്ഞി തന്നെ ശരണം.

രുചിക്കുറിപ്പ്

ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണു കഞ്ഞി തയാറാക്കുന്നത്.

കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്തു പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്തു കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം

ഇത്രയും സാധനങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കർക്കടക കഞ്ഞി റെഡി റ്റു മിക്സ് പാക്കറ്റുകൾ ലഭ്യമാണ്. സർക്കാർ സ്ഥാപനമായ ഔഷധിയടക്കം ഇത്തരം കിറ്റുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com