25000 രൂപയുടെ അമേരിക്കൻ ചക്കക്കുരു കറി; മറക്കാൻ പറ്റില്ലെന്നു ബിജുകുട്ടൻ

actor-bijukuttan
ബിജുകുട്ടൻ
SHARE

തനിക്കേറ്റവും ഇഷ്ടമുള്ള ചക്കകുരു-ചെമ്മീൻ കറിയെക്കുറിച്ച് രസകരമായൊരു കഥ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം ബിജുക്കുട്ടൻ. 

‘പണ്ടൊക്കെ പരിപാടികൾക്കായി മറ്റ് രാജ്യങ്ങളിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുക നമ്മുടെ വീട്ടിലെ ഭക്ഷണമാണ്. ആദ്യകാലങ്ങളിലൊക്കെ കഞ്ഞി കിട്ടുമോ, ഇത്തിരി ചോറും ചമ്മന്തിയും കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ പറയുമായിരുന്നു. പാവം അസോസിയേഷൻകാർ എവിടുന്നെങ്കിലുമൊക്കെ നമുക്ക് അതു സംഘടിപ്പിച്ച് തരികയും ചെയ്യും. പിന്നെപ്പിന്നെ ശീലങ്ങൾ ഒക്കെ മാറി. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണമെന്നാണല്ലോ. അതുകൊണ്ട് ഇപ്പോൾ അങ്ങനെ ഫുഡിന്റെ കാര്യത്തിൽ വലിയ നിർബന്ധങ്ങൾ ഒന്നുമില്ല. ദുബായിലൊക്കെ ചെന്നാൽ അറേബ്യൻ ഫുഡ് ട്രൈ ചെയ്യും. അമേരിക്കയിലാണെങ്കിൽ അവിടുത്തെ ഭക്ഷണം. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തോടാണ് താൽപര്യം കൂടുതൽ എന്നുമാത്രം.

ചക്കക്കുരുവാണ് എന്റെ ഫേവറിറ്റ്

jack-fruit-02

ചക്കക്കുരു എങ്ങനെ കറിവച്ചാലും ഞാൻ കഴിക്കും. ചക്കക്കുരു-മാങ്ങ, അല്ലെങ്കിൽ ഉണക്കചെമ്മീൻ. വല്ലാത്തൊരു കോമ്പിനേഷനാണ് അത്. നല്ല തേങ്ങയരച്ചു വച്ചാൽ പിന്നെ വേറെ ഒരു കറിയും വേണ്ട. ചക്കയുടെ സീസണിൽ വീട്ടിൽ എന്നും ചക്കക്കുരു കറിയുണ്ടാകും. പരിപ്പും ചക്കക്കുരുവുംകൂടി ഒരു കറിയുണ്ടാക്കും വീട്ടിൽ. അങ്ങനെയൊരു കോംബിനേഷൻ അധികം കേട്ടിട്ടുണ്ടാകില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണത്. വീട്ടിൽ ചക്കയുണ്ടായാൽ അയൽക്കാർക്കൊക്കെ കൊടുക്കും, എന്നിട്ടു പറയും കുരു ഞങ്ങൾക്കു തരണമെന്ന്. 

അമേരിക്കയിലെ ചക്കക്കുരു കറി

ഒരിക്കലും മറക്കാൻ പറ്റില്ല ആ സംഭവം. കുറച്ചു വർഷം മുമ്പ് അമേരിക്കയിൽ ഒരു പരിപാടിക്കു പോയതാണ്. ഫ്രീടൈമിൽ സംഘാടകരിൽ ഒരാൾ വീട്ടിലേക്കു ക്ഷണിച്ചു. കഴിക്കാൻ എന്താണു വേണ്ടത്, നമ്മുടെ വീട്ടിലുണ്ടാക്കുന്ന എന്തു ഭക്ഷണവും തയാറാക്കിതരാം എന്നവർ പറഞ്ഞു. ഞാൻ ചാടിക്കേറി ചക്കക്കുരു- ഉണക്കചെമ്മീൻ കറി കിട്ടുമോ എന്നുചോദിച്ചു. സത്യം പറഞ്ഞാൽ അമേരിക്കയിലാണെന്ന കാര്യം ഓർക്കാതെയാണെന്ന് തോന്നുന്നു അങ്ങനെ പറഞ്ഞത്. എന്നാൽ അവർ തരാമെന്നുപറഞ്ഞു. ഇനിയാണ് സംഭവം. ഉച്ചയായിട്ടും ഫുഡ് കിട്ടുന്നില്ല. രണ്ടു മണി കഴിഞ്ഞു, മൂന്നു മണി കഴിഞ്ഞു, ഫുഡ് വരുന്നില്ല. അവസാനം മൂന്നരയൊക്കെ കഴിഞ്ഞപ്പോൾ ചോറും ഈപ്പറഞ്ഞ കറിയുമെല്ലാം റെഡിയായി. 

ഞാൻ ആസ്വദിച്ച് കഴിക്കുകയും ചെയ്തു. പിന്നീട് ആ കറിക്കു പിന്നിലെ കഥ കേട്ടപ്പോൾ എനിക്കാതെ വിഷമമായി, സംഭവം എന്താന്നുവച്ചാൽ ചക്കക്കുരുവും ഉണക്കചെമ്മീനുമൊന്നും നമ്മുടെ വീട്ടിൽ കിട്ടുന്നതുപോലെ അവിടെയുണ്ടാകില്ലല്ലോ. വല്ല കടയിലും പോയി വാങ്ങാമെന്നു വച്ചാൽ ഇവിടുത്തെപ്പോലെയാണോ, അതെവിടെകിട്ടുമെന്ന് അറിയില്ലല്ലോ. ഉണ്ടെങ്കിൽത്തന്നെ ഒടുക്കത്തെ വിലയുമായിരിക്കും. എന്നിട്ടും അവർ എംബസിയിലും കുറേ സ്ഥലങ്ങളിലുമൊക്കെ വിളിച്ച് കഷ്ടപ്പെട്ട് 3-4 ചക്കക്കുരുവും ചെമ്മീനും സംഘടിപ്പിക്കുകയായിരുന്നുവത്രേ. ആ ചക്കക്കുരുവിന് നമ്മുടെ നാട്ടിലെ 25000 രൂപ വരെ വിലയുണ്ടായിരുന്നുവെന്നുകൂടി കേട്ടപ്പോൾ ഞാൻ പകച്ചുപോയി. പിന്നീട് ഒരിക്കലും നമ്മുടെ നാടൻ ഭക്ഷണം വേണമെന്ന് ഞാൻ എവിടെയും പറഞ്ഞട്ടില്ല. 

ഭക്ഷണപ്രിയനല്ല, ഭക്ഷണവിരോധിയുമല്ല

എനിക്കങ്ങനെ പുതിയ ഭക്ഷണങ്ങൾ ട്രൈ ചെയ്യാനൊന്നും ഇഷ്ടമല്ല. എന്തുകിട്ടുന്നോ അത് കഴിക്കാൻ ശ്രമിക്കും. പിന്നെ നമ്മൾ കൊച്ചിക്കാർക്ക് ഒരു ടേസ്റ്റ് ഉണ്ട്. അത് മറ്റൊരു നാട്ടിൽ ചെന്നാലും കാണാൻ കിട്ടില്ല. ഇപ്പോ സാമ്പാറിന്റെ കാര്യം തന്നെയെടുക്കാം. കൊച്ചിയിലെ സാമ്പാറിന്റെ രുചിയല്ല, തിരുവനന്തപുരത്ത്. അവിടെനിന്നു വളരെ വ്യത്യസ്തമാണ് കണ്ണൂരും പാലക്കാടും. അങ്ങനെ ഒരു വിഭവം തന്നെ പല രുചിയിൽ കിട്ടും. എല്ലാ രുചികളേയും സ്വീകരിക്കാൻ നമ്മൾ തയാറാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA