ADVERTISEMENT

പയ്യന്നൂർ സ്വദേശിയായ അമൃത കലേശ് പഠിച്ചത് ഫാഷൻ ഡിസൈനിങ് ആയിരുന്നു. കരിയറായി തിരഞ്ഞെടുത്തതും അതുമായി ബന്ധപ്പെട്ട അധ്യാപന ജോലി. എന്നാൽ യാദൃച്ഛികമായി ഇഷ്ടം തോന്നിയ കേക്ക് മേക്കിങ് അമൃതയുടെ ജീവിതം മാറ്റി മറിച്ചു. ഫാഷൻ ഡിസൈനിങ്ങിലെ വൈദഗ്ദ്യം കേക്കിൽ പയറ്റിയപ്പോൾ വിരിഞ്ഞത് കിടിലൻ ഡിസൈനുകൾ. രുചിയും ഡിസൈനും ഒത്തുചേർന്നപ്പോൾ അമൃതയുടെ കേക്കുകൾ സൂപ്പർഹിറ്റായി. "നല്ല ഡിസൈനർ കേക്ക് വാങ്ങാൻ മെട്രോ സിറ്റി വരെയൊന്നും പോണ്ടപ്പാ, ഈടെ പയ്യന്നൂർ ഉണ്ട്," എന്നാണ് അമൃതയുടെ കേക്കിനെക്കുറിച്ച് നടൻ സുബീഷ് സുധിയുടെ അനുഭവസാക്ഷ്യം. 

അമൃതയുടെ കേക്ക് ടെക്നോളജി

പഠിച്ചത് ഫാഷൻ ടെക്നോളജിയാണ്. അതിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. ഫാഷൻ ഡിസൈനിങ്ങിൽ ഒരു കരിയർ ഉണ്ടാക്കാൻ നല്ല ചിലവാണ്. ബൂട്ടിക്ക് തുടങ്ങാനോ ഡിസൈനർ വസ്ത്രങ്ങൾ നിർമിക്കാനോ ഉള്ള സാഹചര്യം ഉണ്ടായില്ല. ഞാൻ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലായിരുന്നു വിവാഹം. ഒരു കുഞ്ഞായതോടെ പുറത്തു പോയി അത്തരം കാര്യങ്ങൾ ചെയ്യാനൊന്നും പറ്റിയില്ല. ക്രാഫ്റ്റ് ടീച്ചറായി കാസർകോ‍ഡ് സ്കൂളിൽ ജോലി ചെയ്തു വരുന്നു. പയ്യന്നൂർ രാമന്തളിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കേക്ക് ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആയിട്ടുള്ളൂ. ലോക്ഡൗൺ സമയത്താണ് കൂടുതൽ കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ കേക്കിന്റെ ഫോട്ടോ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഒരിക്കൽ ഓർഡർ ചെയ്തവർ പറഞ്ഞറിഞ്ഞും നിരവധി പേർ കേക്കിനായി സമീപിക്കാറുണ്ട്.  കേക്കിൽ ഓരോ ഡിസൈൻ പരീക്ഷിക്കാൻ ഫാഷൻ ഡിസൈനിങ് പഠനം വളരെയേറെ സഹായിച്ചു.  

amrutha
അമൃത കലേശ്

നട്ടി ബബിളിന് ആരാധകരേറെ 

ഫാഷൻ ടെക്നോളജി ഡിപ്ലോമ കോഴ്സിനു ഞാൻ ട്യൂട്ടറായി പോകുന്നുണ്ടായിരുന്നു. അവിടെയുള്ള ഒരു വിദ്യാർത്ഥി ഉണ്ടാക്കുന്ന കേക്കിന്റെ ചിത്രങ്ങൾ കണ്ടാണ് കേക്കിനോടു ഇഷ്ടം തോന്നിയത്. ആ കുട്ടിയിൽ നിന്ന് ബേസിക്സ് പഠിച്ചു. പിന്നെ പയ്യന്നൂരുള്ള ഒരു സുഹൃത്തിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചെടുത്തു. നമ്മുടെ ക്രിയേറ്റിവിറ്റിയാണ് പ്രധാനം. അതനുസരിച്ചു കുറെ പരീക്ഷണങ്ങൾ നടത്താം. കുറെ ചെയ്യുമ്പോൾ ഫിനിഷിങ് മെച്ചപ്പെടും. അങ്ങനെ ചെയ്ത കേക്കുകൾ ഞാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ക്ലിക്കായി. അങ്ങനെയാണ് പുറത്തേക്കു ചെയ്തു കൊടുക്കാൻ തുടങ്ങിയത്. ഹോംലി ബേക്ക്സ് എന്ന പേരിൽ പേജ് തുടങ്ങി. നല്ല പ്രതികരണമാണ് ആളുകളിൽ നിന്നു ലഭിക്കുന്നത്. ഏറ്റവും ആരാധകരുള്ളത് നട്ടി ബബിൾ എന്ന കേക്കിനാണ്. അത് ഒരിക്കൽ ഓർഡർ ചെയ്തവർ റിപ്പീറ്റ് ഓർഡർ വരെ ചെയ്തിട്ടുണ്ട്. ഒരിക്കൽ ഈ കേക്കിന്റെ ഓർഡർ പയ്യന്നൂർ നിന്ന് കാസർകോഡ് വരെ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. എന്റെ മകൻ ആര്യനും ഏറ്റവും ഇഷ്ടം നട്ടി ബബിൾ തന്നെയാണ്. 

bubble-cake
നട്ടി ബബിൾ കേക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com