ADVERTISEMENT

മലയാളികൾക്കെന്നും പ്രിയമാണ് പൊറോട്ട. മൂന്ന് വ്യത്യസ്ത മസാല രുചികൾ നാലു പൊറോട്ടയ്ക്കുള്ളിൽ ഒളിപ്പിച്ച ഒരു നിധിവേട്ടയ്ക്ക് കൊച്ചിയിലെ ഭക്ഷണപ്രേമികൾ തയാറാണോ? ഭക്ഷണപ്രിയരുടെ മനം കവർന്ന ഒരു ‘നിധി’പൊറോട്ടയാണിപ്പോൾ ഇൻസ്റ്റഗ്രാം ഫൂഡികളുടെ താരം. ഈ രുചിപൊറോട്ടയ്ക്ക് പിന്നിൽ കൊച്ചി പൊന്നുരുന്നി സ്വദേശി ജിൻജുവാണ്. ജിൻജു നല്ല ഭക്ഷണപ്രിയയാണ്, പാചകത്തിലും താത്പര്യം, ജോലി ഫ്രീ ലാൻസ് മേക്കപ്പ് ആർട്ടിസ്റ്റ്. ഭക്ഷണം ഉണ്ടാക്കാൻ താത്പര്യവും കൈപ്പുണ്യവും ഉള്ളപ്പോൾ ഈ ലോക്ഡൗൺ സമയത്ത് ഫ്ലാറ്റിലെ അടുക്കളയിൽ നിന്നു ചെറിയൊരു ഹോം മേയ്ഡ് രുചിയുമായി കൊച്ചിയിലെ ഭക്ഷണപ്രേമികളിലേക്ക് എത്താൻ ജിൻജുവിന് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല.

നിധി പൊറോട്ട
കൊല്ലത്തുനിന്നു പരിചയപ്പെട്ട ഒരു രുചിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വന്തം രുചിക്കൂട്ടിൽ തയാറാക്കിയതാണ് ‘നിധി’ പൊറോട്ട. ആദ്യം ഒരു പൊറോട്ട, അതിനു മുകളിൽ ബീഫ് റോസ്റ്റ് വീണ്ടും ഒരു പൊറോട്ട അതിന് മുകളിൽ വറ്റൽമുളകും തേങ്ങയും വറുത്തരച്ച് തയാറാക്കിയ ചിക്കൻ ഫ്രൈ, വീണ്ടും ഒരു പൊറോട്ട അതിനു മുകളിൽ കാടമുട്ട റോസ്റ്റ്, വീണ്ടും ഒരു പൊറോട്ട.

ഹെവിയാകില്ലേ...?
കൊയിൻ പൊറോട്ടയെക്കാൾ കുറച്ചും കൂടി വലുപ്പത്തിലുള്ള പൊറോട്ട, പുറത്തുനിന്നു രണ്ട് പൊറോട്ട കഴിക്കുന്ന അത്രയും മാത്രം. ഫൂഡി അല്ലാത്തവർക്ക് രണ്ട് പേർക്ക് പങ്കിട്ട് കഴിക്കാം. പിന്നെ എല്ലാം ചെറിയ അളവിലുമാണ്. കറികളുടെ പാചകത്തിന് ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. മസാലക്കൂട്ടിനുള്ള പൊടികൾ വീട്ടിൽ തന്നെ പൊടിച്ച് എടുക്കുന്നതാണ്. ഒരു ദിവസം മുപ്പത് എണ്ണത്തിൽ കൂടുതൽ ഉണ്ടാക്കാറില്ല. ഇതുകൊണ്ടൊക്കെ ക്വാളിറ്റി ഒട്ടും കുറയാതെ വിശ്വസിച്ച് കഴിക്കാവുന്നതാണെന്നും ജിൻജു പറയുന്നു.

പാചകത്തിലും ഭക്ഷണം കഴിക്കാനുമുള്ള താത്പര്യം കൊണ്ടാണ് ഇങ്ങനെ ഒരു സംരംഭം വീട്ടിൽ തന്നെ തുടങ്ങിയത്. ‘നിധി’പൊറോട്ടയെക്കാൾ ആൾക്കാർ ആവശ്യപ്പെടുന്നത് ഉച്ചഭക്ഷണത്തിനുള്ള കോഴിക്കോടൻ ബിരിയാണിയാണ്. 150 രൂപയ്ക്ക് ബിരിയാണിയും 200 രൂപയ്ക്ക് നിധി പൊറോട്ട മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും ലഭ്യമാകും. ഫ്ലാറ്റിലെ ബാൽക്കണിയിലാണ് ഇതിനുള്ള അടുക്കള സൗകര്യങ്ങൾ തയാറാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com