ADVERTISEMENT

മോഡേൺ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്തും അഭിനയിച്ചും ടിക് ടോകിൽ നിറഞ്ഞു നിന്നിരുന്ന ടിക് ടോക് താരം ജാനകി മുത്തശ്ശിക്ക് നൂറ് വയസ്സ്. ചാലക്കുടി കാഞ്ഞിരപ്പള്ളി സ്വദേശിയായ മുത്തശ്ശിയുടെ നൂറാം പിറന്നാൾ  ജൂൺ ഇരുപത്തിയെട്ടിനായിരുന്നു. നാട്ടുകാരെയൊക്കെ വിളിച്ച് വിപുലമായി ആഘോഷിക്കണമെന്നായിരുന്നു കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ കാരണം മക്കളും കൊച്ചു മക്കളും ചേർന്ന് ചെറിയ ചടങ്ങിൽ ആഘോഷം ഹൃദ്യമാക്കി.

മുത്തശ്ശി ടിക്ടോകിൽ എത്തിയ കഥയിങ്ങനെ

ഏഴുമക്കളിൽ ഇളയ മകൾ ഉഷയോടും കുടുംബത്തോടുമൊപ്പമാണ് ജാനകി മുത്തശ്ശി കഴിയുന്നത്. ഉഷയും ഭർത്താവും ജോലിക്ക് പോയാൽ  മുത്തശ്ശിയും കൊച്ചുമകൾ ഗ്രീഷ്മയുമാണ് വീട്ടിൽ ഉണ്ടാവുക. കൊരട്ടിയിൽ ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ഗ്രീഷ്മ ഇടുന്ന ഫാഷൻ വസ്ത്രങ്ങൾ കാണുമ്പോൾ, അതു പോലെയുള്ള ഡ്രസ്സ് തനിക്കും വേണമെന്ന് മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നു. ഗ്രീഷ്മയാവട്ടെ,  സ്വന്തം വസ്ത്രങ്ങൾ മുത്തശ്ശിയെ അണിയിച്ച് ഫോട്ടോ എടുത്ത് കസിൻസിനൊക്കെ അയച്ചു കൊടുത്തു. ജീൻസും ടീഷർട്ടും, മിഡിയും ടോപ്പുമൊക്കെയിട്ട് മുത്തശ്ശിയെക്കൊണ്ട് നൃത്തചെയ്യിച്ചും അഭിനയിപ്പിച്ചും വിഡിയോയും എടുത്തു. ആ വിഡിയോ കസിൻസാണ് ടിക്ടോക്കിൽ ഇട്ട് മുത്തശ്ശിയെ പ്രശസ്തയാക്കിയത്. ലൈക്ക് കിട്ടണമെങ്കിൽ താൻ വേണമെന്ന് മുത്തശ്ശിക്ക്  അറിയാം. പക്ഷേ ടിക് ടോക് നിരോധിച്ചതോടെ കുടുംബാംഗങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇപ്പോൾ മുത്തശ്ശിയുടെ ആട്ടവും പാട്ടും നിറഞ്ഞു നിൽക്കുന്നത്.

janaki-100
ജാനകി മുത്തശ്ശി

ആരോഗ്യരഹസ്യം ആട്ടിൻ പാൽ ആട്ടിൻ സൂപ്പ് പിന്നെ ചിക്കനും

മുത്തശ്ശിയുടെ ആരോഗ്യരഹസ്യത്തിൽ പ്രധാനം ആട്ടിൻ സൂപ്പാണ്. ഒപ്പം ആട്ടിൻ പാലും ചിക്കനും നിർബന്ധം. ചോറ് കഴിക്കുന്നത് കുറവാണ്. ചെറുപ്രായത്തിൽ പച്ചക്കറി വിഭവങ്ങളോടായിരുന്നു പ്രിയം. ഇപ്പോൾ ചിക്കനില്ലാതെ ചോറണ്ണില്ല. ചിക്കൻഫ്രൈ വെറുതെ തിന്നാനും ഇഷ്ടം. ചെറുപ്രായത്തിൽ തുടങ്ങിയതാണ് ആട്ടിൻ സൂപ്പ് കഴിക്കുന്ന ശീലം. പണ്ടൊക്കെ വർഷത്തിൽ ഒരിക്കലായിരുന്നു. പിന്നെ, അടുത്ത വർഷം അതേ മാസമായിരുന്നു കഴിച്ചിരുന്നത്.  പക്ഷേ, ഇപ്പോൾ എല്ലാ മാസവും രണ്ടു ദിവസം ആട്ടിൻ സൂപ്പ് നിർബന്ധം. കാലുകൾക്ക് ബലം കിട്ടണമെങ്കിൽ സൂപ്പ് കഴിക്കണമെന്നാണ് മുത്തശ്ശിയുടെ അഭിപ്രായം. ഇറച്ചി പതിവായി തിന്നുന്നതുകൊണ്ട് മലബന്ധമുണ്ടാകുമെന്നു കരുതി, ഒരു കുപ്പി ദശമൂലാരിഷ്ടം കട്ടിലിന്റെ തൊട്ടടുത്ത് കയ്യെത്തും ദൂരത്ത് വച്ചാണ് മുത്തശ്ശിയുടെ കിടത്തം. ഇടയ്ക്കിടയ്ക്ക് അതിൽ നിന്ന് അൽപമെടുത്ത് കുടിക്കും. വായിൽ ഒരൊറ്റ പല്ലില്ലെങ്കിലും മുറുക്കും ചിക്കൻഫ്രൈയുമൊക്കെ കടിച്ച് മുറിച്ചു തിന്നാൻ മുത്തശ്ശിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ചെറുപ്രായത്തിൽത്തന്നെ, വിട്ടുമാറാത്ത ഒരു തലവേദനയെത്തുടർന്ന് പല്ലുകളെല്ലാം എടുത്തുകളഞ്ഞിരുന്നു. പക്ഷേ, വെപ്പ് പല്ല് വയ്ക്കാൻ മുത്തശ്ശി തയാറായില്ല. 

ആരോഗ്യം പെർഫെക്ട് ആഗ്രഹം സിനിമ

പ്രഷർ ഷുഗർ കൊളസ്ട്രോൾ ഇതൊന്നും മുത്തശ്ശിക്കില്ല. അതൊക്കെ എന്താണെന്നു പോലും അറിയില്ല. കാഴ്ചയും - കേൾവിയും പെർഫെക്ട്. മുത്തശ്ശിയുടെ ഭർത്താവ് ശങ്കരനും ആരോഗ്യകാര്യത്തിൽ നല്ല ചിട്ടയുള്ള ആളായിരുന്നു. 92 - ാം വയസ്സിലാണ് മരിച്ചത്. നാട്ടിലാകെ എന്തോ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചുകൊണ്ടിക്കുന്നുണ്ടെന്ന് മുത്തശ്ശിക്കറിയാം. പണ്ട് തന്റെ ചെറുപ്പത്തിൽ വസൂരി പടർന്നു പിടിച്ച കഥയാണ് മുത്തശ്ശിയിപ്പോൾ കൊച്ചുമക്കളോട് പറഞ്ഞു കൊടുക്കുന്നത്. ദിവസവും സിനിമ കാണുന്നതാണ് മുത്തശ്ശിയുടെ മറ്റൊരിഷ്ടം.  ഏറ്റവും ഇഷ്ടപ്പെട്ട നടൻ സ്വന്തം നാട്ടുകാരനായിരുന്ന കലാഭവൻ മണിയാണ്. മണി മരിച്ചുപോയയൊന്നും മുത്തശ്ശി മനസ്സ് കൊണ്ട് അംഗീകരിച്ചിട്ടില്ല. പിന്നെ ഇഷ്ടം മോഹൻലാലിനെയാണ്. സിനിമയിൽ അഭിനയിക്കണമെന്നാണ് ഈ പ്രായത്തിലും മുത്തശ്ശിയുടെ ആഗ്രഹം.

ആട്ടിൻ സൂപ്പ് ഉണ്ടാക്കാം:

  • ആടിന്റെ കാല് നാലെണ്ണം (സൂപ്പ് ഉണ്ടാക്കുന്ന വിധത്തിൽ വെട്ടിനുറുക്കി വാങ്ങണം)
  • വൈദ്യശാലയിൽ നിന്ന് സൂപ്പ് ഉണ്ടാക്കാനുള്ള പച്ചമരുന്ന് കൂട്ട് കിട്ടും.
  • ആട്ടിൻ കാൽ കഴുകി മൺപാത്രത്തിൽ നിറയെ വെള്ളമൊഴിച്ച് പച്ചമരുന്ന് കൂട്ടു ചേർത്തു വേവിക്കുക. അര മണിക്കൂർ കൊണ്ട് വറ്റി വരും. ചൂടാക്കി രണ്ടു ദിവസം വരെ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com