സുലുവും ദിനേശേട്ടനും മിസ് ചെയ്യുന്നുണ്ട് അമ്മയുണ്ടാക്കുന്ന ഊത്തപ്പത്തിന്റെ രുചി

malabar-cafe
വിജിലും ഭാര്യ അംബികയും
SHARE

മലബാറി കഫെ എന്ന വെബ്‌സീരീസ് കണ്ടവരാരും തന്നെ മറക്കാത്ത രണ്ട് കഥാപാത്രങ്ങളാണ് കടുക് പൊട്ടിത്തെറിക്കുന്ന വർത്തമാനം പറയുന്ന സുലുവും സുലുവിന്റെ അതിബുദ്ധികളിൽ പെട്ടുപോകുന്ന ഭർത്താവ് ദിനേശനും. വളരെ ചെറിയ സമയത്തിനുള്ളിൽ മലയാളികളുടെ ഗുഡ്ബുക്കിൽ ഇടം പിടിച്ച സുലുവും ഭർത്താവ് ദിനേശേട്ടനും യഥാർത്ഥ ജീവിതത്തിലും ഭാര്യാ ഭർത്താക്കന്മാരാണ്. കണ്ണൂർ അഴീക്കോട് സ്വദേശികളായ വിജിലും ഭാര്യ അംബികയും പ്രവാസ ജീവിതത്തിലെ വിരസതകൾ ഒഴിവാക്കാനായാണ് മലബാറി കഫേയുമായി വന്നത്. 

ദുബായ് ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്താണെന്നു ചോദിച്ചാൽ ഇരുവരുടെയും ഭാഗത്ത് നിന്നും ഉടനടി ഉത്തരമെത്തും... ''സംശയമെന്താ...നാട്ടിലെ രുചിയുള്ള ഭക്ഷണം തന്നെ''. കൂട്ടത്തിൽ വിജിലിന് ഭക്ഷണ പ്രിയം അല്പം കൂടുതലാണ്. വെബ്‌സീരീസുകളിൽ ദിനേശേട്ടനാണ് പാചകത്തിന്റെ ചുമതല, യഥാർത്ഥ ജീവിതത്തിലും പാചക പരീക്ഷണങ്ങളിൽ 'ദിനേശേട്ടൻ' ഒട്ടും പിന്നിലല്ല. തന്റെ ഭക്ഷണ ശീലങ്ങളെപ്പറ്റി വിജിൽ പറയുന്നതിങ്ങനെ...

ഭക്ഷണപ്രിയം പിന്നെ ഇല്ലാതിരിക്കുമോ ?

നല്ല ഭക്ഷണം എവിടെ നിന്നും ലഭിച്ചാലും അത് ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിലാണ് ഞങ്ങൾ. എന്നാൽ നാടിനോടും നാട്ടിലെ രുചികളോടുമുള്ള താല്പര്യം കുറച്ചു കൂടുതലാണ് എന്ന് മാത്രം. നാട്ടിലെ രുചികൾ വല്ലാതെ മിസ് ചെയ്യുമ്പോൾ ഞങ്ങൾ നാടൻ രുചികളിലുള്ള ഭക്ഷണം ഉണ്ടാക്കും. വാചകത്തിൽ മാത്രമല്ല, പാചകത്തിലും ഞങ്ങൾ അത്ര പിന്നിലല്ല. 

സുലുവിന്റെ തലശ്ശേരി ബിരിയാണി 

നിങ്ങളുടെ സുലു, എന്റെ അംബിക നല്ല കിടു തലശ്ശേരി ബിരിയാണി വയ്ക്കും. അവൾ എല്ലാ വിഭവങ്ങളും നന്നായി പാചകം ചെയ്യുമെങ്കിലും എനിക്ക് ഏറെ പ്രിയം അവളുണ്ടാക്കുന്ന തലശ്ശേരി ദം ബിരിയാണിയോടാണ്. നല്ല ജീരകശാല അരികൊണ്ട് ഉണ്ടാക്കുന്ന നെയ്യൊഴിച്ചുള്ള ചിക്കൻ ബിരിയാണി. ആഹാ... ആലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു. തലശ്ശേരി ബിരിയാണി ലോക പ്രശസ്തമാകാതിരിക്കുന്നത് എങ്ങനെയാണ്? അമ്മാതിരി ടേസ്റ്റ് അല്ലേ അതിന്.

അമ്മയുണ്ടാക്കുന്ന ഊത്തപ്പം 

ഊത്തപ്പം എന്ന് കേൾക്കുമ്പോൾ സാധാരണയായി എല്ലാവർക്കും മനസിലേക്ക് വരിക, ദോശ പോലെ വട്ടത്തിൽ ഉള്ളിയും പച്ചമുളകും ഒക്കെ ചേർത്തുള്ള ഒരു പലഹാരമാണ്. എന്നാൽ വ്യത്യസ്തമായൊരു ഊത്തപ്പം എന്റെ അമ്മയുണ്ടാക്കും. അതിന് ദോശയുടെ അത്ര വലുപ്പമൊന്നുമില്ല. പുളിപ്പിച്ച മാവ് കട്ടി കൂട്ടി ചെറിയ വട്ടത്തിൽ ചുട്ടെടുക്കുന്ന ഒന്നാണ് അമ്മയുണ്ടാക്കുന്ന ഊത്തപ്പം. ഈ ഗൾഫ് ജീവിതത്തിൽ ഞങ്ങൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആ ഊത്തപ്പത്തിന്റെ രുചിയാണ്. 

സയാമീസ് ഇരട്ടകളെ പോലെ അമ്മയുടെയും ഭാര്യയുടെയും എഗ്ഗ് റോസ്റ്റ് 

അമ്മയുണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് ഏറെ ഇഷ്ടമുള്ള മറ്റൊന്ന് വെള്ളയപ്പവും എഗ്റോസ്റ്റും ആണ്. വീട് എത്തിയാൽ ഏറ്റവും ആദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന വിഭവങ്ങളിൽ ഒന്നാണ് അത്. എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ കുറച്ച് ആശ്വാസം ഉണ്ട്, കാരണം അംബികയുണ്ടാക്കുന്ന എഗ്ഗ് റോസ്റ്റിന് അമ്മയുണ്ടാക്കുന്ന എഗ്ഗ് റോസ്റ്റിന്റെ അതെ രുചിയാണ്. സയാമീസ് ഇരട്ടകളെ പോലെയിരിക്കും രണ്ടു പേരുടെയും എഗ്ഗ് റോസ്റ്റിന്റെ രുചി. അത്യാവശ്യം സ്‌പൈസി ആയി ഉണ്ടാക്കുന്ന ആ ഏറ്റവും പ്രിയപ്പെട്ട ഡിഷ് ആണ്. 

നോൺ വെജ് പ്രേമി , സദ്യ കണ്ടാൽ വിടില്ല 

വാസ്തവത്തിൽ എനിക്കും അംബികക്കും നോൺ വെജ് വിഭവങ്ങളോടാണ് താല്പര്യം കൂടുതൽ. ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടം വ്യത്യസ്തമായ നോൺ വെജ് രുചികൾ തന്നെയാണ്. എന്നാൽ സദ്യ കണ്ടാൽ ഞങ്ങൾ രണ്ടു പേരും വെറുതെ വിടില്ല. പപ്പടം , പഴം , പായസം ചേർത്തുള്ള സദ്യയോട് പ്രത്യേക താല്പര്യമാണ്. കല്യാണ സദ്യയോട് വീണ്ടും ഒരിഷ്ടം കൂടുതലാണ്. സദ്യയുണ്ട് ആ ഇലയിൽ തന്നെ പായസം കുടിക്കാനുള്ള ഒരു കൊതി... ഗൾഫിൽ താമസമാക്കുമ്പോഴാണ് ഇതൊക്കെ ശരിക്കും മിസ് ചെയ്യുന്നത്.  മൊത്തത്തിൽ ഞങ്ങൾ രണ്ടു പേരുടെയും ഫുഡ് ഹാബിറ്റുകൾ ഏകദേശം ഒരു പോലെയാണ്. പക്ഷെ പായസത്തിന്റെ കാര്യത്തിൽ , എനിക്കിഷ്ടം പാലടയാണ്. അംബികക്കിഷ്ടം സേമിയയാണ്. 

ഊത്തപ്പം ഉണ്ടാക്കാം ...

  • പുഴുക്കലരി - 250ഗ്രാം 
  • ഉഴുന്ന്പരിപ്പ് - 100ഗ്രാം
  • സവാള - 4 എണ്ണം 
  • പച്ചമുളക് -4 എണ്ണം 
  • ഇഞ്ചി -2 ചെറിയ കഷ്ണം 
  • വെളിച്ചണ്ണ- 8 ടീസ്പൂണ്‍ 
  • മല്ലിയില -4 ഞെട്ട് 
  • ഉപ്പ് -പാകത്തിന് 

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വേറെ വേറെ ആട്ടി യോജിപ്പിച്ച് ഒരു ദിവസം വെക്കുക . പാകത്തിന് ഉപ്പും ചേർത്ത് ദോശ കല്ലിൽ  എണ്ണ പുരട്ടി ചെറിയ വട്ടത്തിൽ മാവ് ഒഴിച്ച് ഇരു വശവും മൂപ്പിച്ച് എടുക്കുക . ആവശ്യമുള്ളവർക്ക് സവാള പച്ചമുളക് ഇഞ്ചി മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു ചേർത്തും ഊത്തപ്പമുണ്ടാക്കാം. 

English Summary : Vijil Shivan and Ambika became a sensation on social media with their online series Malabari Cafe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA