ADVERTISEMENT

കൊറോണ വൈറസ് ചിലരുടെ ജീവിത മാർഗം ഇല്ലാതാക്കി, മറ്റു ചിലർക്കാകട്ടെ വരുമാനത്തിനുള്ള പുതിയ മാർഗം തുറന്നു കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ ഈ കൊറോണക്കാലത്ത് ബിരിയാണി വിൽപനയിലൂടെ ശ്രദ്ധേയയായ ഒരു വ്യക്തിയാണ് സജിന ഷാജി. ട്രാൻസ്ജെൻഡറായ സജനയുടെ സ്വദേശം കോട്ടയമാണ്. ഇപ്പോൾ വഴിയോരത്ത് ബിരിയാണി വിൽക്കുന്നു. കൊറോണക്കാലം സജിനക്ക് സമ്മാനിച്ച പുതിയ തൊഴിലാണ് 60  രൂപക്ക് ബിരിയാണി വിൽപ്പന. സജനയുടെ ബിരിയാണി ഇപ്പോൾ കൊച്ചിയിൽ ഹിറ്റോട് ഹിറ്റാണ്. ടിക് ടോക് മുഖാന്തിരം നടത്തിയ ബ്രാൻഡിങ്ങാണ് സജനാസ് ഇലപ്പൊതി ബിരിയാണിക്ക് ആരാധകരെ എത്തിച്ചത്. എന്നാൽ ടിക് ടോക്ക് പൂട്ടിയ ദിവസം കിട്ടിയ തിരിച്ചടി സജന മറക്കില്ല. അന്ന് ബാക്കിയായത് 178  പൊതി ബിരിയാണിയാണ്. പിന്നെ പയ്യെ ആ ക്ഷീണം മാറ്റി എടുത്തു. താൻ ബിരിയാണി വച്ച കഥ സജന പറയുന്നു...

ജോലി പോയപ്പോൾ ബിരിയാണി വച്ചു!

കൊച്ചിയിൽ ഒരു ഓൺലൈൻ ഡെലിവറി ഷോപ്പിൽ ആയിരുന്നു എനിക്ക് ജോലി. എന്നാൽ കൊറോണ വ്യാപിച്ചതോടെ എന്റെ ജോലി പോയി. മാസം പതിനായിരം രൂപ വാടക കൊടുത്താണ് ഞാൻ വീടെടുത്ത് താമസിക്കുന്നത്. അത് കൊണ്ട് വരുമാനമില്ലാതാകുന്ന അവസ്ഥ ആലോചിക്കാനേ പറ്റുമായിരുന്നില്ല. ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് ആലോചിച്ച് വിഷമിച്ചു വരുമ്പോഴാണ് വഴിയോരത്ത് നടക്കുന്ന ബിരിയാണി കച്ചവടം ശ്രദ്ധയിൽ പെട്ടത്. ആലോചിച്ചപ്പോൾ അതൊരു നല്ല ജോലിയായി എനിക്ക് തോന്നി. കാരണം ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യുമായിരുന്നു. ആ ഒരു വിശ്വാസത്തിൽ തുടങ്ങിയതാണ് ബിരിയാണി നിർമാണം. 

sajna-03
സജന ബിരിയാണി വിൽപ്പനയിൽ

അയൽവാസികൾക്കായി ബിരിയാണി ഉണ്ടാക്കി 

മനസ്സിൽ ഇത്തരത്തിൽ ഒരു ആശയം വന്നപ്പോൾ തന്നെ അത് പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഞാൻ  വാഴക്കാലയിൽ  അയൽവാസികൾക്കായി ബിരിയാണിയുണ്ടാക്കി. ഏകദേശം 50  പേർക്ക് വിതരണം ചെയ്യുകയും എല്ലാവരിൽ നിന്നും അഭിപ്രായം സ്വീകരിക്കുകയും ചെയ്തു. ചിലർ ഗംഭീരമായി എന്ന് എന്ന് പറഞ്ഞു. ചിലർ പോരായ്മകൾ പറഞ്ഞു. ഇതിൽ പോരായ്മകൾ പറഞ്ഞവരിൽ നിന്നും ഞാൻ കൂടുതൽ അഭിപ്രായങ്ങൾ സ്വീകരിച്ചു. ആ പോരായ്മകൾ നികത്തി ബിരിയാണി നിർമാണം ആരംഭിച്ചു. എല്ലാവരും കൊടുക്കുന്ന പോലെ കൊടുക്കുന്നതിൽ കാര്യമില്ല എന്ന് തോന്നിയത്  കൊണ്ടാണ് ഇലപ്പൊതി ബിരിയാണി എന്ന ആശയം കൊണ്ടു വന്നത്. അത് ഹിറ്റാകുകയും ചെയ്തു.

sajana-05

ജീരകശാല അരിയിൽ നുറുങ്ങുവിദ്യ 

ജീരകശാല അരി ഉപയോഗിച്ചാണ് ബിരിയാണി  ഉണ്ടാക്കുന്നത്.   സാധാരണ രീതിയിൽ ദം ചെയ്ത ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയോ അത് പോലെ തന്നെയാണ് നിർമാണ രീതി. എന്നാൽ റെസിപ്പിയിൽ എന്റേതായ ചില നുറുങ്ങു വിദ്യകൾ ഞാൻ പരീക്ഷിക്കാറുണ്ട്. അതാണ് എന്റെ ട്രേഡ് സീക്രട്ട് . അത് ഞാൻ ആർക്കും പറഞ്ഞു തരില്ല. പാചകം ഞാൻ ഒറ്റയ്ക്കാണ്. പൊതികളാക്കുന്നതിനു മാത്രം സഹായികൾ ഉണ്ട്. 

sajna-02
സജന

50  ബിരിയാണി പൊതിയിൽ നിന്നും തുടക്കം

അധ്വാനിച്ചു ജീവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ബിരിയാണി നിർമാണം ആരംഭിച്ചത്. ആദ്യം 50  പൊതി ബിരിയാണിയാണ് ഉണ്ടാക്കിയത്. ഇതിൽ 38  എണ്ണം ആദ്യ ദിവസം വിറ്റുപോയി. ബാക്കി വന്ന ബിരിയാണി ഞാൻ തെരുവിലെ പാവപ്പെട്ടവർക്ക് നൽകി. ഇപ്പോഴും അങ്ങനെ തന്നെയാണ്. 50  ബിരിയാണിയുണ്ടാക്കിയാൽ 5  എണ്ണം പാവങ്ങൾക്ക് നൽകും. നൂറെണ്ണം ഉണ്ടാക്കിയാൽ പത്തെണ്ണം സൗജന്യമായി നൽകും. ഞാൻ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട് അതിനാൽ വിശപ്പിന്റെ വില എനിക്കറിയാം. 

sajana-04
സജന ബിരിയാണി വിൽപ്പനയിൽ

ടിക് ടോക് തന്ന കയ്യടിയും ഷോക്കും 

ഞാൻ ടിക്ക് ടോക്ക് വീഡിയോകളിലൂടെ സജീവമായി നിൽക്കുന്ന സമയത്താണ് ബിരിയാണി കച്ചവടം തുടങ്ങുന്നത്. അപ്പോൾ ഞാൻ അതിന്റെ വിഡിയോകൾ ടിക് ടോക്കിൽ പങ്കു വച്ചിരുന്നു. മാത്രമല്ല, എന്റെ ബിരിയാണി കഴിക്കുന്നവരോട് ടിക് ടോക്കിൽ അഭിപ്രായം രേഖപ്പെടുത്താനും പറഞ്ഞിരുന്നു. ഇതോടെ സജിനാസ് ഇലപ്പൊതി ബിരിയാണി ടിക് ടോക്കിൽ ഹിറ്റായി. പറഞ്ഞു കേട്ട് പലരും ബിരിയാണി കഴിക്കാനായി വന്നു. അങ്ങനെ ടിക് ടോക് മൂലം എന്റെ ബിരിയാണി കച്ചവടം അൻപതിൽ നിന്നും ഇരുന്നൂറിലേക്ക് എത്തി. അങ്ങനെ ഒരിക്കൽ 200  ബിരിയാണി പൊതികളുമായി വില്പനക്ക് ഞാൻ വന്നപ്പോഴാണ് ടിക് ടോക് പെട്ടന്ന് നിരോധിക്കുന്നത്. അതോടെ തൊട്ടടുത്ത ദിവസം മുതൽ ബിരിയാണി വില്പന കുറഞ്ഞു. 200  ബിരിയാണിയുമായി വില്പനയ്ക്ക് എത്തിയ അന്ന് വിറ്റു പോയത് ആകെ 22  ബിരിയാണിയായിരുന്നു. ബാക്കി 178  എണ്ണം ഞാൻ തെരുവിൽ വിതരണം ചെയ്തു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞതോടെ ടിക് ടോക് ഇല്ലെങ്കിലും ബിരിയാണിയുടെ രുചി തേടി ആളുകൾ എത്താൻ തുടങ്ങി. അതോടെ വീണ്ടും കച്ചവടം ഉഷാറായി. 

ഷാജി എന്ന ഭൂതകാലം 

കോട്ടയം സ്വദേശിയായ എന്റെ പേര് ഷാജി എന്നായിരുന്നു. ചെറുപ്പം മുതൽക്ക് പെൺകുട്ടികളുടെ സംസാരത്തോട് സാദൃശ്യമുളള സംസാരവും പെരുമാറ്റവും ആണെന്ന് പറഞ്ഞിട്ട് എനിക്ക് ധാരാളം കളിയാക്കലുകൾ നേരിടേണ്ടി വന്നു. പതിമൂന്നാം വയസിൽ ഇതിൽ മനം നൊന്ത് ഞാൻ ഒരു ആൺകുട്ടി തന്നെയാണ് എന്ന് തെളിയിക്കാനായി വീട് വിട്ടിറങ്ങി. ഭിക്ഷാടനം വരെ നടത്തിയാണ് പിന്നീട് ജീവിച്ചത്. എന്നാൽ വളരുംതോറും എന്റെ ഉള്ളിലെ സ്ത്രീ കൂടുതൽ ശകതയായി പുറത്ത് വരൻ തുടങ്ങി. കൊച്ചിയിൽ എത്തിയപ്പോഴാണ് എന്നെ പോലെ ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമായി ധാരാളം ആളുകൾ ഉണ്ടെന്നു മനസിലായത്. പിന്നീട് അവരിൽ ഒരാളായി സ്വന്തം ജീവിതം കണ്ടെത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു. 

ഉമ്മ വീട്ടിൽ  നിന്നും ഇറക്കി വിട്ടു 

6 വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പെണ്ണായി ജീവിക്കാൻ തീരുമാനിച്ച കാര്യം ഉമ്മയോട് വിളിച്ചു പറഞ്ഞു. അന്ന് ഞാൻ എടുക്കുന്ന തീരുമാനങ്ങൾ എന്റേത് മാത്രമാണ്, നല്ലത് സംഭവിച്ചാലും മോശം സംഭവിച്ചാലും ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് ഉമ്മ എന്നെ ഓർമിപ്പിച്ചു. എന്നാൽ ഒരിക്കൽ എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടവർ ഇന്ന് എന്നെ അംഗീകരിക്കുന്നു എന്നതിൽ സന്തോഷം. എന്നാൽ ഈ നിലക്ക് എത്തി ചേരുന്നതിനായി പലവിധത്തിലുള്ള ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. 

സർജറിക്ക് വച്ച പണം കൊണ്ട് ബിരിയാണിക്കച്ചവടം 

പെട്ടന്ന് ജോലി നഷ്ടപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാണ് ബിരിയാണി കച്ചവടം തുടങ്ങിയത്. ട്രാൻസ് വുമൺ ആകുന്നതിനായുള്ള ഓപ്പറേഷൻ ഈ ഏപ്രിലിൽ നടത്താനിരുന്നതായിരുന്നു. കാലങ്ങളായി ജോലിയെടുത്തും മറ്റും ലിംഗമാറ്റ ശസ്ത്രക്രിയക്കായി സ്വരുക്കൂട്ടിയ പണമാണ് ഞാൻ സജിനാസ് ഇലപ്പൊതി ബിരിയാണി തുടങ്ങുന്നതിനായി ചെലവിട്ടത്. ഇപ്പോൾ കാറിൽ ബിരിയാണിയുമായി സഞ്ചരിച്ചാണ് വിൽപന. കാക്കനാട് ഭാഗത്താണ് കൂടുതലും വിൽക്കുന്നത്. ഭാവിയിൽ ഓൺലൈൻ ഡെലിവറി ആരംഭിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം തട്ടുകട ആരംഭിക്കാനും ആഗ്രഹിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com