‘മഹാറാണി’ മദ്യത്തിന് വയനാടൻ വീര്യം; പുതുരുചി സൃഷ്ടിച്ചത് മലയാളി യുവതി

maharani-gin
ഭാഗ്യലക്ഷ്മി അയർലണ്ടിൽ ഭർത്താവ് റോബർട്ട് ബാരെറ്റിനൊപ്പം. (നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
SHARE

നാവിലേക്ക് അരിച്ചിറങ്ങുമ്പോൾ മുതൽ വായിൽ നിറയുന്ന സുഗന്ധദ്രവ്യങ്ങളുടെ രുചി കൂട്ടിന് പച്ചമലയാളം ഇതൊക്കെയാണു ‘മഹാറാണി’യെന്ന മലയാളി തയാറാക്കിയ മദ്യത്തിനു പിന്നിലെ രഹസ്യക്കൂട്ട്. ഇൗ പുതുരുചി സൃഷ്ടിച്ച യുവതിയാരാണ് എന്നതായിരുന്നു കുറച്ചു ദിവസങ്ങളായി രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികൾ തേടിക്കൊണ്ടിരുന്നത്. മലയാള രുചിയോടെ ‘മഹാറാണി’യെന്ന അയർലണ്ടിൽ പുറത്തിറങ്ങിയ മദ്യത്തിന്റെ ഉൽപാദത്തിന്റെ ബുദ്ധികേന്ദ്രമായ യുവതി. കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവിന്റെയും വിമലയുടെയും മകൾ ഭാഗ്യലക്ഷ്മി. ഇപ്പോൾ അയർലണ്ടിൽ ഭർത്താവ് റോബർട്ട് ബാരെറ്റിനൊപ്പം പുതിയ പരീക്ഷണങ്ങൾ തുടരുന്നു. 

ഡിസ്‌റ്റിലറി മേഖലയിലാണ് റോബർട്ട് പഠിച്ചതും ജോലി ചെയ്തതും. മറ്റു കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തം ഡിസ്‌റ്റിലറി. 2017ൽ ഇരുവരും കൊല്ലത്തെത്തി വിവാഹിതരായി.  നാലു കോടിയോളം രൂപ ചെലവഴിച്ചാണു ഡിസ്‌റ്റിലറി തുടങ്ങിയത്.  50 വർഷത്തിനിടെ പുതിയ ഡിസ്‌റ്റിലറികളൊന്നും തുറക്കാതിരുന്ന അയർലൻഡിലെ കോർക്ക് നഗരത്തിൽ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’ എന്ന പേരിൽ ആരംഭിച്ച സംരംഭത്തെ സർക്കാരും പിന്തുണച്ചു. കഴിഞ്ഞ ജൂൺ മുതൽ ഉൽപാദനവും തുടങ്ങി.  

maharani
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ഒട്ടേറെ ഡിസ്‌റ്റിലറികളുള്ള രാജ്യത്ത് പുറത്തിറക്കുന്ന ഉൽപന്നം വ്യത്യസ്തമാകണമെന്ന നിർബന്ധത്തെ തുടർന്നാണു കേരളത്തനിമയുള്ള രുചി തേടിയതെന്നു ഭാഗ്യ പറയുന്നു. ഇതിനായി ഒട്ടേറെ അന്വേഷണങ്ങൾ നടത്തി. ഒടുവിൽ വയനാട് ‘വനമൂലിക’ എന്ന വനിതാ സ്വയം സഹായ സംഘത്തെ ബന്ധപ്പെട്ടു. ജൈവ കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ഇറക്കുമതി ചെയ്താണു ജിൻ ഉൽപാദനം തുടങ്ങിയത്. ആദ്യം ഇംഗ്ലിഷ് പേരു തന്നെ മദ്യത്തിനു നൽകാനാണു തീരുമാനിച്ചതെങ്കിലും കേരളത്തിലെ സ്ത്രീകൾ സംഭരിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ചേർത്തുണ്ടാക്കുന്ന ഉൽപന്നമെന്ന നിലയ്ക്കാണ് ‘മഹാറാണി’ എന്ന പേരിട്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഐറിഷ് വിപ്ലവങ്ങളുടെയും സമരങ്ങളുടെയും ഭൂമിയായ കോർക്കിൽ ആരംഭിച്ച ഡിസ്‌റ്റിലറിക്ക് നൽകിയ പേരിലും വിപ്ലവം ചേരുവയായി. അങ്ങനെ കുപ്പിയുടെ താഴ്‌ഭാഗത്ത് ‘വിപ്ലവ സ്പിരിറ്റ്’ എന്ന പേര് മലയാളത്തിൽ തന്നെ രേഖപ്പെടുത്തി. കുപ്പിയുടെ കഴുത്തിൽ നോക്കിയാൽ ‘മോക്ഷം’, പിന്നിൽ ‘സർഗാത്മഗത’ എന്നും കാണാം. പ്രതിമാസം 50000 ബോട്ടിൽ വരെ ഉൽപാദിപ്പിക്കാൻ പ്ലാന്റിനു ശേഷിയുണ്ട്. 49 യൂറോയാണ് ഒരു കുപ്പിയുടെ വില. ഏതാണ്ട് നാലായിരത്തിലേറെ ഇന്ത്യൻ രൂപ.

distillery
റിബൽ സിറ്റി ഡിസ്‌റ്റിലറി

‘മഹാറാണി’ മദ്യത്തിന് വയനാടൻ വീര്യം

 അയർലൻഡിൽ മലയാളി പുറത്തിറക്കിയ മഹാറാണി മദ്യത്തിനു വീര്യം പകരുന്നതു വയനാട് വനമൂലികയിൽനിന്നുള്ള സുഗന്ധവ്യജ്ഞനങ്ങൾ. മുള്ളൻകൊല്ലിയിലെ വനമൂലിക സംഘം ജൈവകർഷകരിൽനിന്നു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയിൽനിന്നാണു കൊല്ലം സ്വദേശിയായ സമത്വമഠത്തിൽ ഭാഗ്യലക്ഷ്മിയുടെ അയർലൻഡിലെ ഡിസ്റ്റിലറിയിൽ മദ്യം ഉൽപാദിപ്പിക്കുന്നത്. 

കഴിഞ്ഞ ഒക്ടോബറിലാണ് മദ്യത്തിനുള്ള ചേരുവ തേടി ഭാഗ്യലക്ഷ്മി വയനാട്ടിലെത്തിയത്. കയറ്റുമതി ഗുണനിലവാരമുള്ള തനിനാടൻ സുഗന്ധവ്യജ്ഞനങ്ങളായിരുന്നു ആവശ്യം. മുള്ളൻകൊല്ലി വനമൂലിക സംഘത്തിൽനിന്ന് 100 കിലോ സുഗന്ധവ്യജ്‍ഞനങ്ങൾ അയർലൻഡിലെത്തിച്ചു. അടുത്ത ബാച്ച് മദ്യം ഇറക്കുന്നതിനായി ഭാഗ്യലക്ഷ്മിയുടെ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’ കൂടുതൽ ചേരുവകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്തി അവ അയച്ചുകൊടുക്കുമെന്നും വനമൂലിക സംരക്ഷണസംഘം പ്രസിഡന്റ് പി.ജെ. ചാക്കോച്ചൻ പറഞ്ഞു. 

1991ലാണ് ജൈവകൃഷി പ്രചാരണം, ഔഷധസസ്യ സംരക്ഷണം, സുഗന്ധവ്യജ്ഞനസംസ്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ വനമൂലിക പ്രവർത്തനമാരംഭിച്ചത്. 375 സ്ത്രീകളുടെ നേതൃത്വത്തിലാണു പ്രവർത്തനം.

English Summary : The gin celebrates a fusion of Cork and Kerala cultures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA