ADVERTISEMENT

കേക്ക് മേക്കിങ് പാഷനാക്കിയ തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി അഖിലയ്ക്ക് ലോക്ഡൗൺ സമയം തിരക്കിന്റേതാണ്. പലനിറത്തിലും രുചിയിലുമുള്ള ഹോം മേയ്ഡ് കേക്കുകൾ ഓർഡർ അനുസരിച്ച് വീട്ടിൽതന്നെ തയാറാക്കുകയാണ്  ബിരുദ വിദ്യാർഥിയായ അഖില പ്രസാദ്. പാചകത്തിൽ വളരെ ചെറുപ്പത്തിലേ താത്പര്യം ഉണ്ടായിരുന്നു, രണ്ട് വർഷം മുൻപ് യാദൃച്ഛികമായാണ് ബേക്കിങ്ങിലേക്ക് എത്തിയത്. രണ്ട് ദിവസത്തെ ബേക്കിങ് ക്ലാസിൽ പങ്കെടുത്തതും യുട്യൂബുമാണ് ബേക്കിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ സഹായിച്ചത്. 

‘ബേക്കിങിൽ ‘ടേസ്റ്റ്’ എല്ലാം സ്വന്തം ഐഡിയയിൽ ചെയ്തെടുക്കും. യൂട്യൂബ് വിഡിയോകളിൽ ചിലപ്പോൾ ചില ചേരുവകളുടെ അളവ് കൂടുതലാകും അത് സ്വന്തമായി മാറ്റി പരീക്ഷിച്ച് നോക്കും.  ബേക്കിങ് സീരിയസാക്കാൻ തീരുമാനിച്ചു കഴിഞ്ഞാണ് അവ്നും കേക്ക് തയാറാക്കാനുള്ള സാധനങ്ങളൊക്കെ മേടിച്ചത്. ആദ്യം ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്കാണ് തയാറാക്കിയത്. വീട്ടിൽ അനിയനെ ട്യൂഷൻ പഠിപ്പിക്കാൻ വന്ന സാറും അനിയന്റെ കൂട്ടുകാരുമാണ് അത് ആദ്യം ടേസ്റ്റ് ചെയ്തത്. എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ഇത് സീരിയസ് ആയി തുടങ്ങാൻ അവർ പ്രോത്സാഹിപ്പിച്ചു. അതോടെ ആത്മവിശ്വാസം കൂടി. ഇതു കഴിച്ച കുട്ടികൾ മാതാപിതാക്കളോടു പറഞ്ഞു. തുടർന്ന് രുചി അറിയാനായി അവരും കേക്കിന് ഓർഡറുകൾ തന്നു. ഒരു കേക്ക് ഉണ്ടാക്കി എന്റെ കൂട്ടുകാർക്കു കൊടുത്തതോടെ, അതുവരെ കളിയാക്കിയിരുന്ന കൂട്ടുകാർക്കെല്ലാം സംഗതി സീരിയസ് ആണെന്നു മനസ്സിലായി. അതോടെ അവർ കട്ട സപ്പോർട്ടായി. കൂട്ടത്തിൽ പ്രിയ സുഹൃത്ത് ആനിയും അവളുടെ അമ്മയും തുടക്കം മുതൽ നൽകിയ പ്രോത്സാഹനം പറയാതിരിക്കാനാകില്ല. അതുപോലെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ളവരും കേക്കുകൾ വാങ്ങാൻ തുടങ്ങി. അവിടെ എന്തു ഫങ്ഷൻ നടന്നാലും എന്റെ കേക്ക് മസ്റ്റായതോടെ ഇതെനിക്കൊരു വരുമാനമാർഗം കൂടിയാകുകയായിരുന്നു. ഇവരൊക്കെ  തന്നെയാണ് എന്റെ കേക്കിനെ കുറിച്ച് മറ്റുള്ളവരോടൊക്കെ പറഞ്ഞത്. അങ്ങനെ പലയിടത്തു നിന്നും ഓർഡറുകൾ വന്നു തുടങ്ങി.’ തയാറാക്കുന്ന കേക്കുകളുടെ ചിത്രങ്ങളുമായി ‘പീസ് ഓഫ് കേക്ക്’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും സജീവമാണ് അഖില.

View this post on Instagram

Butter Icing Cakes.

A post shared by Piece Of Cake by akhila (@_piece_of_c.a.k.e) on

‘ആഴ്ചയിൽ മൂന്നും നാലും കേക്ക് ചെയ്ത് കൊടുക്കാറുണ്ട്. റെസിപ്പികളിൽ സ്വന്തമായി മാറ്റങ്ങൾ വരുത്തിയാണ് കേക്കുകൾ തയാറാക്കുന്നത്. വീണ്ടും വീണ്ടും ആൾക്കാർ ചോദിക്കുന്നത് റെഡ് വെൽവെറ്റ് കേക്കാണ്. കേക്ക് ഉണ്ടാക്കാൻ വേണ്ട സാധനങ്ങളെല്ലാം വാങ്ങിത്തരുന്നത് അമ്മ ശാന്തിയാണ്. ഒഴിവുസമയങ്ങളിൽ അമ്മയും എന്നോടൊപ്പം കൂടാറുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന സഹോദരൻ അനന്ദുവും കേക്ക് രുചിച്ച് അഭിപ്രായം പറയാറുണ്ട്. എന്റെ ഏറ്റവും വലിയ സപ്പോർട്ടറും വിമർശകനും അവന്‍ തന്നെയാണ്. ഏതെങ്കിലും രുചി ഇഷ്ടപ്പെട്ടില്ലെങ്കിൽ അതുപോലെ അവൻ പറയാറുണ്ട്. 

കേക്കിലൂടെ ലഭിക്കുന്ന വരുമാനം ഞാൻ പഠനാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. പിന്നെ ചെറിയൊരു സമ്പാദ്യവും. അമ്മയെ വെറുതേ കഷ്ടപ്പെടുത്താതെ സ്വന്തമായി വരുമാനമാർഗമുണ്ടാക്കിയപ്പോൾ ഏറെ ആത്മവിശ്വാസം ആയി. ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ഓർഡറുകൾ തന്നതും അവർ പറയുന്ന നല്ല അഭിപ്രായങ്ങളും ഏറെ സപ്പോർട്ടു നൽകി. അതുതന്നെയാണ് കേക്ക് ബേക്കിങ് സീരിയസ് ആയി കാണാൻ എന്നെ പ്രേരിപ്പിച്ചത്. ആദ്യമൊക്കെ നാട്ടിലുള്ളവരും ബന്ധുക്കളും കൂട്ടുകാരമൊക്കെയായി അറിയാവുന്നവരടെ ഓർഡറുകളാണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫോൺ വഴിയും സമൂഹമാധ്യമം വഴിയുമൊക്കെ കൂടുതൽ ഓർഡറുകൾ കിട്ടുന്നുണ്ട്.’ എന്തായാലും കേക്ക് മേക്കിങ്ങിൽ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് അഖില എന്ന ഈ കൊച്ചുമിടുക്കി.

ബേക്കിങ് തുടങ്ങാൻ എന്തൊക്കെ വേണം

‘നമുക്ക് എങ്ങനെ വേണമെങ്കിലും കേക്ക് ബേക്കിങ് തുടങ്ങാം. കുറച്ച് സാധനങ്ങൾ മേടിച്ച് തുടങ്ങാം അല്ലെങ്കിൽ എല്ലാ സാധനങ്ങളും മേടിച്ചിട്ട് തുടങ്ങാം. ഞാൻ തുടക്കത്തിൽ ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മേടിച്ചിട്ടുള്ളു. എല്ലാം മേടിക്കാൻ പണം മുടക്കിയിട്ട് വിജയിച്ചില്ലെങ്കിൽ അത് നഷ്ടമാകും. OTG അവ്ൻ, കേക്ക് ടിൻ, ഡിസൈൻ ചെയ്യാനുള്ള സാമഗ്രികൾ ഇത്രയും സാധനങ്ങൾ മാത്രമാണ് തുടക്കത്തിൽ കൈവശമുണ്ടായിരുന്നത്. നൂറ് കണക്കിന് കേക്കുകൾ ചെയ്തു കഴിഞ്ഞു, അത്യാവശ്യം സമ്പാദ്യവും കേക്ക് വിൽപനയിലൂടെ ഉണ്ട്. ലോക്ഡൗൺ സമയത്ത് ഹോം മേയ്ഡ് കേക്കുകൾക്ക് കൂടുതൽ ആവശ്യക്കാരുമുണ്ട്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com