തട്ടുംപുറത്ത് ഉപേക്ഷിച്ച അവ്നിൽനിന്ന് കേക്ക് ഉണ്ടാക്കിത്തുടങ്ങി; ടീനുവിന്റെ കരവിരുത്

corona-cake
SHARE

ഡിസ്നിയുടെ ഫ്രോസൺ സിനിമയിലെ അന്ന രാജകുമാരിയുടെ അഴകാണ് ടീനു ഉണ്ടാക്കുന്ന കേക്കുകൾക്ക്. അഴകിൽ മാത്രമല്ല രുചിയിലും മേന്മയിലുമൊക്കെ ഈ കേക്കിന് പ്രത്യേകതകൾ ഉണ്ട്. ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, പ്ലം കേക്ക്, ചോക്ലേറ്റ് കേക്ക് ഇവ മാത്രമല്ല കാർ കേക്കും കറങ്ങുന്ന ‘ഫ്രോസൺ’ കേക്കും തുടങ്ങി കോവിഡ് കാലത്ത് സ്വജീവൻ പണയംവച്ചു പ്രവർത്തിക്കുന്ന ഡോക്ടർമാർക്കുള്ള കേക്കുകൾ വരെ ടീനു തയാറാക്കും. മുട്ടുചിറ സ്വദേശിയായ ടീനു മാത്യു ലോക്ഡൗൺ സമയത്ത് കേക്കുകളിൽ കരവിരുതൊരുക്കി കൈയടി വാങ്ങുകയാണ്. ഏതു പ്രായക്കാർക്കും അവരവരുടെ ഇഷ്ടത്തിനുസരിച്ചുള്ള കേക്കുകളാണ് ടീനു നിർമിച്ചു നൽകുക. കാർ മുതൽ ഡോക്ടർമാരുടെ സ്റ്റെതോസ്കോപ്പ് വരെ കേക്കിൽ ഒരുക്കും. പിന്തുണയുമായി ഭർത്താവ് ഷിജിനും ഒപ്പമുണ്ട്. കൊച്ചിയിൽ ഇംപ്രിമിസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഷിജിൻ. 6 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഓർഡറുകൾ ജോലിസമയം കഴിഞ്ഞ് ഷിജിനാണ് ഡെലിവറി ചെയ്യുന്നത്. വലിയ രീതിയിൽ കേക്ക് നിര്‍മാണം തുടങ്ങാനാണ് ഇവരുടെ പദ്ധതി.

tinu-cake02

ലോക്ഡൗൺ കാലത്താണ് ടീനുവും തന്റെ ഭക്ഷണപരീക്ഷണങ്ങൾ ആരംഭിക്കുന്നത്. ചെമ്പരത്തിച്ചായയിൽ തുടങ്ങിയ പരീക്ഷണം ആക്സ്മികമായാണ് കേക്കിൽ എത്തിച്ചേരുന്നത്.

‘ലോക്ഡൗൺ സമയത്താണ് അടുക്കള ഒരു പരീക്ഷണശാല ആയത്. ചെമ്പരത്തിച്ചായ, ചിരട്ടച്ചായ, കുബ്ബൂസ്, പൊറോട്ട അങ്ങനെ അങ്ങനെ.. ആയിടയ്ക്കാണ്‌ ഡൽഗോണ കോഫി ഹിറ്റ് ആയത്. എന്നാൽ അത് ഒന്നു നോക്കിയേക്കാം എന്നു കരുതി. അതിനായി ബീറ്റർ വാങ്ങിച്ചു. ബീറ്റർ വന്നതോടെ അടുത്ത താൽപര്യം കേക്ക് ആയി. യുട്യൂബിന്റെ സഹായത്തോടെ ഒരു സുഹൃത്തിന്റെ വെഡിങ് ആനിവേഴ്സറിക്ക്‌ സർപ്രൈസ് ആയി ഒരു വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി കൊടുത്തു. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് കേക്ക് നിർമാണം സീരിയസ് ആയി തുടങ്ങാമെന്ന് തീരുമാനിക്കുന്നത്.’ 

യൂട്യൂബിൽ പലരുടെ റെസിപ്പി കണ്ടും സുഹൃത്തുക്കളുടെ സഹായത്തോടെയും വിശദമായി പഠിച്ചും വീട്ടിലേക്കും കൂട്ടുകാർക്കും കുറേ കേക്കുകൾ ഉണ്ടാക്കി കൊടുത്തു. എന്നാൽ ഇതൊരു പ്രഫഷൻ ആക്കിക്കൂടെ എന്നായി എല്ലാവരും. അവ്ൻ ഇല്ലാത്തത് കൊണ്ട് ആദ്യത്തെ പരീക്ഷണങ്ങളെല്ലാം അപ്പച്ചെമ്പിലും കുക്കറിലും ഒക്കെ ആയിരുന്നു.. അങ്ങനെ ഇരിക്കെയാണ് വീട്ടിൽ തട്ടുംപുറത്ത് ഉപേക്ഷിക്കപ്പെട്ട പഴയ ഒരു അവ്ൻ കണ്ണിൽപെട്ടത്. അതു വന്നതോടെ ലൈഫ് അങ്ങു മാറി.. പിന്നെ ഫ്രണ്ട്‌സിന്റെ ഓർഡർ വരാൻ തുടങ്ങി.. പതിയെ ഒരു പ്രഫഷനായി.

ഇപ്പോൾ കേക്ക് സ്മിത്ത് എന്ന പേരിൽ കേക്ക് ബിസിനസ് ആരംഭിച്ചു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഗൂഗിളിലുമൊക്കെയുള്ള ഫോട്ടോസും റിവ്യൂസും കണ്ട് ഓർഡറുകൾ കിട്ടാൻ തുടങ്ങി.

കേക്ക് ഓർഡറുകൾ കൂടിയപ്പോൾ ആന്റി ഒരു അവ്ന്‍ സ്പോൺസർ ചെയ്തതോടെ ബേക്കിങ് കുറച്ചുകൂടി എളുപ്പമായി. വീട്ടിൽ അപ്പച്ചൻ, അമ്മച്ചി, ചേട്ടൻ, ചേട്ടത്തി എല്ലാരും കട്ട സപ്പോർട്ട് ആണ്. എല്ലാ വിധ കേക്കുകളും ഉണ്ടാക്കുമെങ്കിലും വാൻചോ, ചോക്ലേറ്റ് ട്രഫിൽ കേക്കുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA