ADVERTISEMENT

ഒരുപാട് യാത്രകൾ നടത്തുന്ന അതുപോലെ തന്നെ ഭക്ഷണപ്രിയനുമായ ആളാണ് ഷിയാസ്. അഭിനേതാവും മോഡലുമൊക്കെയായ ഷിയാസിനിഷ്ടം നാടൻ ഭക്ഷണങ്ങളാണ്. എന്നാൽ എന്നും ഓർത്തിരിക്കുന്നൊരു രുചി ഒരിക്കൽ ഗോവയ്ക്ക് പോയപ്പോൾ വഴിയിൽനിന്നു കിട്ടിയ ഭക്ഷണത്തിന്റേതാണെന്ന് ഷിയാസ്. 

ഞാൻ കുറേ യാത്രകൾ നടത്തുന്ന ഒരാളാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ ആ പ്രദേശങ്ങളിലെ ഫുഡൊക്കെ ട്രൈ ചെയ്യും. ഒരിക്കൽ ഗോവയ്ക്ക് പോവുകയായിരുന്നു ഞാൻ. ഒറ്റയ്ക്ക് എന്റെ ബൈക്കിലാണ് യാത്ര. യാതൊരു പ്ലാനിങ്ങും ഇല്ലാതെ പെട്ടെന്ന് തീരുമാനിച്ചൊരു യാത്രയായിരുന്നു അത്. കേരളവും മംഗലാപുരവും കഴിഞ്ഞ് ബത്കൽ എന്ന സ്ഥലത്തെത്തിയപ്പോൾ ബൈക്ക് പണി തന്നു. രാത്രിയാണ്, ചില ലോറികൾ മാത്രമേ റോഡിലുള്ളു. ഞാൻ ബൈക്ക് റോഡ് സൈഡിൽ നിർത്തി ചുറ്റും നോക്കി. അപ്പോൾ അങ്ങ് ദൂരെ ഒരു വെളിച്ചം കണ്ടു. വല്ല സഹായവും കിട്ടുമോ എന്നറിയാൻ ഞാൻ രണ്ടും കൽപ്പിച്ച് റോഡിൽ നിന്നു താഴോട്ട് ഇറങ്ങി നടക്കാൻ തുടങ്ങി. എന്റെ ലക്ഷ്യം ആ വെളിച്ചമായിരുന്നു. കുറേ നടന്നുകഴിഞ്ഞപ്പോൾ ആ വെളിച്ചം വരുന്നത് ഒരു ചെറിയ കുടിലിൽ നിന്നുമാണെന്ന് മനസ്സിലായി. ഞാൻ ആ വീടിന് അടുത്തെത്തുമ്പോൾ ഒരു മനുഷ്യൻ അവിടെ ഇരുപ്പുണ്ട്. പാവപ്പെട്ടവൻ എന്നുപറഞ്ഞാൽ പോരാ, അതിലും ദയനീയമായൊരവസ്ഥയിലായിരുന്നു ആ വീടും ആ വീട്ടുകാരും. 

വന്ന കാര്യം ഞാൻ ഹിന്ദിയിൽ പറഞ്ഞു, അദ്ദേഹം എന്നോട് വരാന്തയിലേയ്ക്ക് കയറിയിരിക്കാൻ പറഞ്ഞു. ഞാനാണെങ്കിൽ ഒന്നും കഴിച്ചിട്ടുമുണ്ടായിരുന്നില്ല. അവർ കഴിക്കാൻ ഇരിക്കുന്ന സമയത്താണ് എന്റെ എൻട്രിയെന്ന് എനിക്ക് സീൻ കണ്ടപ്പോൾ മനസ്സിലായിരുന്നു. കുടുംബനാഥനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ആ കുടുംബത്തിന് കഷ്ടിച്ച് കഴിക്കാനുള്ള വകയേ അവിടെയുള്ളുവെന്ന് വ്യക്തമാണ്, ഞാനതുകൊണ്ട് ഒന്നും ചോദിച്ചില്ല. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആ മനുഷ്യൻ അവരുടെ ആഹാരത്തിൽ നിന്ന് എനിക്കും ഒരു പങ്ക് തന്നു, രണ്ട് ചപ്പാത്തിയും കുറച്ച് മസാലക്കറിയും. ശരിക്കും ചപ്പാത്തിയല്ല കേട്ടോ. വലിയ കുഴിയിൽ തീകൂട്ടി ഉണ്ടാക്കിയെടുക്കുന്ന റൊട്ടിയാണത്. സത്യം പറയാമല്ലോ ഞാൻ ഇത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. കണ്ണുനിറഞ്ഞാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. തങ്ങളുടെ കഷ്ടപ്പാടിനിടയിലും ഒരു വഴിപോക്കനായ എന്റെ വിശപ്പടക്കാൻ അവർ കാണിച്ച കരുണയുടെ രുചിയായിരുന്നു ആ ഭക്ഷണത്തിന്. ആ വീട്ടിൽ ആകെ മൂന്നോ നാലോ പാത്രങ്ങളേ കാണു, ഒരാൾ കഴിച്ചു കഴിഞ്ഞ് അത് കഴുകിയാണ് എനിക്ക് തന്നത്. അദ്ദേഹം പറഞ്ഞത് അവർക്ക് അങ്ങനെ അതിഥികളൊന്നും വരാറില്ലെന്നായിരുന്നു. അത്രയും കഷ്ടപ്പാടിൽ ജീവിക്കുന്ന സാധാരണയിൽ സാധാരണക്കാരനായ മനുഷ്യർ. 

അന്ന് രാത്രി ഞാനും ആ മനുഷ്യനും വീടിന്റെ വരാന്തയിലാണ് കിടന്ന് ഉറങ്ങിയത്. കറന്റ് ഇല്ല, യാതൊരു സൗകര്യവുമില്ല, ദാരിദ്ര്യത്തിൽ ജീവിക്കുന്ന മനുഷ്യർ. ശരിക്കും സിനിമയിലൊക്കെ കാണുന്ന സീൻ പോലെയുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ നല്ല ചൂടാവി പറക്കുന്ന പാൽച്ചായയായിരുന്നു എന്റെ കണി. നമ്മളൊക്കെ കുടിയ്ക്കുന്ന സാദാചായയൊന്നുമല്ല അത്. അവർ വളർത്തുന്ന ആടിനെ കറന്നെടുത്ത നല്ല ഫ്രഷ് പാലൊഴിച്ച് അവരുടെ സീക്രട്ട് മസാലയുമൊക്കെ ഇട്ട് ഉണ്ടാക്കിയെടുത്ത നല്ല കിടിലൻ ചായ. അതിനൊടൊപ്പം വലിയ പയർ മസാലയിട്ട് ഉണ്ടാക്കിയ ഒരു ഡിഷും, അവരുടെ ബ്രേക്ക് ഫാസ്റ്റ് അതാണ്. പല തരത്തിലുള്ള ഫുഡ് ഐറ്റംസ് ഞാൻ കഴിച്ചിട്ടുണ്ടെങ്കിലും അത്രയും രുചിയുള്ളൊരു ഭക്ഷണവും എനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ല. ഞാൻ അവരോട് ഒരു സഹായവും ചോദിച്ചിട്ടില്ല. അവരെനിക്ക് അറിഞ്ഞ് നൽകിയതാണ് എല്ലാം. മൊബൈൽ കവറേജ് പോലുമില്ലാത്ത ഏതോ ഒരു നാട്. പക്ഷേ ആ ഭക്ഷണവും ആ മനുഷ്യരും ഇന്നും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 

ഉമ്മാന്റെ പുട്ടും മീൻകറിയും പിന്നെ കൂട്ടുകാരന്റെ ബീഫ് ബിരിയാണിയും

എനിക്ക് ഏറ്റവും ഇഷ്ടമെന്താണെന്ന് ചോദിച്ചാൽ ഇതാണ് മറുപടി. എന്റെ ഉമ്മ ഉണ്ടാക്കുന്ന വീട്ടിലെ ഫുഡ്. അതാണ് എന്റെ ഫേവറിറ്റ്. ഉമ്മയുണ്ടാക്കുന്ന പുട്ടും മീൻകറിയും അല്ലെങ്കിൽ ബീഫ് കറിയും അത് എപ്പോൾ കിട്ടിയാലും ഞാൻ തട്ടും. പിന്നെ എനിക്കേറ്റവും ഇഷ്ടം എന്റെ കൂട്ടുകാരൻ ബുനയ ഉണ്ടാക്കുന്ന ബീഫ് ബിരിയാണിയാണ്. പെരുമ്പാവൂർ വല്ലത്തെ ന്യൂ സാഗർ ഹോട്ടലിലെ ബീഫ് ബിരിയാണിയാണത്. അതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്. ഇതുരണ്ടുമാണ് എന്നെ സംബന്ധിച്ച് ഏറ്റവും രുചിയുള്ള ഭക്ഷണങ്ങൾ.

English Summary : Shiyas Kareem is a model-turned-Malayalam actor Food Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com