ഓണസദ്യയുടെ രുചിഭേദങ്ങളിലേക്കൊരു യാത്ര

onam-sadhya-special
SHARE

കൊറോണ എന്ന മഹാവ്യാധിക്കൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തവണ ഓണമെത്തുന്നത്. ജോലിസ്ഥലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓണാഘോഷപരിപാടികളും ഒരുമിച്ചുണ്ണുന്ന ഓണ സദ്യയുമൊക്കെ നഷ്ടപ്പെടുന്നതിന്റെ സങ്കടത്തിലാണ് പലരും. നല്ല നാളേക്കുവേണ്ടിയാണ് ഇന്നത്തെ ചെറുത്യാഗങ്ങളെന്നോർത്ത് ആശ്വാസം കൊണ്ട് ഇക്കുറി ആഘോഷം വീടുകളിൽ മാത്രമൊതുക്കാം. 

തൂശനില നിറയെ ചോറും പലകൂട്ടം കറികളും പേരിനൊരു പായസവുമുണ്ടെങ്കിൽ അത് ഓണസദ്യയാവില്ല. അതിനു ചില ശീലങ്ങളും ചിട്ടവട്ടങ്ങളുമൊക്കെയുണ്ട്. മലയാളികളുടെ ഓണസദ്യയിങ്ങനെയൊക്കെയാണ്... 

ഓണസദ്യ എന്ന സ്വകാര്യ അഹങ്കാരം 

ഓണത്തിന് സ്വന്തം വീട്ടിൽനിന്ന് ഒരു പിടി ചോറുണ്ണുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്. ഓണ സദ്യയ്ക്ക് അവർ അത്രമേൽ പ്രാധാന്യം കൽപിക്കുന്നു. ദേശഭേദമനുസരിച്ച് അൽപസ്വൽപ്പം വ്യത്യാസങ്ങളുണ്ടെങ്കിലും ഓണസദ്യ എന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. മറ്റു ദേശക്കാർക്കൊന്നും അവകാശപ്പെടാനാവാത്ത സദ്യയുടെ രുചിഭേദങ്ങളിലേക്കൊരു യാത്ര നടത്താം ഈ ഓണക്കാലത്ത്. 

ഇങ്ങനെവേണം ഓണം ഉണ്ണാൻ

നിലത്ത് തഴപ്പായ വിരിച്ച് അതിൽ ചമ്രം പടിഞ്ഞിരുന്ന് ഇടതു വശത്ത് നാക്കു വരുന്ന വിധം തൂശനില വയ്ക്കണം. പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്ത്. അതിനടുത്ത് മുകളിലായി പഴം. പപ്പടത്തിന്റെ വലതു വശത്തായി ഉപ്പും വയ്ക്കും. ഇടതു വശത്ത് താഴെ കായ വറുത്തത്, ശർക്കര വരട്ടി ഇങ്ങനെയാണ് ഉപ്പേരികൾ വിളമ്പുക. ഇലയുടെ ഇടത്തുനിന്ന് വലത്തേക്ക് പിന്നീടു വിളമ്പേണ്ടത് ഉപ്പിലിട്ടത് (അച്ചാറുകൾ). സാധാരണയായി 3 കൂട്ടം ഉപ്പിലിട്ടതാണ് വിളമ്പുക– കടുമാങ്ങ, നാരങ്ങ, ഇഞ്ചി. ചിലയിടങ്ങളിൽ ഇഞ്ചിത്തൈരും കൂട്ടി 4 ഇനം ഉപ്പിലിട്ടതാണ് വിളമ്പുക. പിന്നീട് ഓലൻ, കിച്ചടി, പച്ചടി, അവിയൽ, തോരൻ എന്നിവ വിളമ്പും. ചിലയിടങ്ങളിൽ എരിശ്ശേരിയുമുണ്ടാവും. കറികൾ വിളമ്പിയ ശേഷം ഇലയുടെ നടുവിലായി ചോറു വിളമ്പും.

എത്രവട്ടം ചോറുവിളമ്പാം?

ചോറു വിളമ്പിയ ശേഷം ഒഴിച്ചു കറികൾ ഓരോന്നായി വിളമ്പും. ആദ്യം വിളമ്പിയ ചോറ് രണ്ടായി പകുത്ത് വലത്തേ പകുതിയിൽ പരിപ്പൊഴിക്കും. അതിനു മുകളിൽ നെയ്യ്. ഇതിൽ പപ്പടം പൊടിച്ചു ചേർത്താണ് ഉണ്ണുക. പരിപ്പൊഴിച്ച ചോറുണ്ടതിനു ശേഷം മറു പകുതിയിൽ സാമ്പാറൊഴിക്കും. മലബാർമേഖലയിൽ തേങ്ങയും മല്ലിയും വറുത്തരച്ചാണ് സാമ്പാർ ഉണ്ടാക്കുക. എന്നാൽ തെക്കൻ കേരളത്തിൽ ആ രീതിയല്ല. ഓരോ കറി വിളമ്പുമ്പോഴും ചോറു വിളമ്പുന്ന പതിവും വടക്കോട്ടില്ല. ചോറും പ്രധാന കറികളും തോരനും പായസവും ആവശ്യമനുസരിച്ച് ഒരു വട്ടം കൂടിയേ വിളമ്പുകയുള്ളൂ. രണ്ടാം വട്ടം വിളമ്പുന്ന ചോറിനൊപ്പമാണ് പുളിശ്ശേരി, കാളൻ എന്നിവ വിളമ്പുക.

അടുത്ത ഊഴം പായസത്തിന്റേതാണ്. അടപ്രഥമൻ, പരിപ്പ് ഇവയാണ് പ്രധാന പായസങ്ങൾ. ഇലയുടെ നടുവിൽ പായസമൊഴിച്ച് പഴം ചേർത്ത് കഴിക്കുന്നവരുമുണ്ട് .ചില സ്ഥലങ്ങളിൽ പായസത്തിന്റെ കൂടെ പപ്പടം പൊടിച്ച് കഴിക്കാറുമുണ്ട്. ഏറ്റവുമൊടുവിൽ പച്ച മോരു വിളമ്പും. പായസത്തിന്റെ മധുരം തലയിൽ കയറി മത്തു പിടിക്കാതിരിക്കാനാണ് ഈ പുളി പ്രയോഗം. പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തുവിളമ്പുന്ന പച്ചമോരു കുടിച്ചാൽ ദഹനം എളുപ്പമാകുമെന്ന ഗുണംകൂടിയുണ്ട്.

ബഹുരസം പലവിധം

വിഭവസമൃദ്ധമായ സദ്യയിൽ എരിവ്, പുളി, ഉപ്പ്, മധുരം കയ്പ്പ്, ചവർപ്പ് എന്നീ ആറു രസങ്ങളുണ്ടായിരിക്കും. വടക്കൻ കേരളം തൊട്ട് തെക്കൻ കേരളം വരെ ഉള്ള നാടുകളിൽ വിളമ്പുന്ന ഒരേ വിഭവങ്ങൾ വ്യത്യസ്തമായ ചേരുവ ചേർത്താണ് ഉണ്ടാക്കുന്നത്. വടക്കു ഭാഗത്തൊക്കെ അവിയലിനൊപ്പം കയ്പക്ക അഥവാ പാവക്ക ചേർക്കാറുണ്ട്. അരപ്പ് ചേർത്ത ശേഷം തൈര് ഒഴിക്കും. തെക്കൻ കേരളത്തിൽ അവിയലിൽ തൈരിനു പകരം പുളിയാണു ചേർക്കുക. ചില സ്ഥലങ്ങളിൽ തക്കാളിയും ചേർക്കാറുണ്ട്.

ഈ ഉപ്പേരി എന്നു പറഞ്ഞാൽ... 

തെക്കൻ കേരളത്തിൽ പയർ, ചേന, വഴുതനങ്ങ മുതലായവ എണ്ണയിൽ മൊരിച്ച് പാകം ചെയ്യുന്നതിനെ മെഴുക്കുപുരട്ടി  എന്നാണ് പറയുക വടക്കോട്ട് ഇവയെ ഉപ്പേരികൾ എന്നാണ് പറയുക. തെക്ക് ഉപ്പേരിയെന്നാൽ കായയും ചക്കയും മറ്റും വറുത്തെടുക്കുന്നതാണ്. ദേശഭേദമനുസരിച്ച് ഈ മെഴുക്കുപുരട്ടികളും ചിലപ്പോൾ സദ്യകളിൽ ഇടം പിടിക്കാറുണ്ട്. 

വടക്ക് മൽസ്യവും മാംസവും

വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയ്ക്ക് മീൻ കറിയുണ്ടാവും. ചിലയിടത്ത് ചിക്കനും. എന്നാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഓണസദ്യ പൂർണമായും വെജിറ്റേറിയനാണ്.

ഒത്തൊരുമയുടെയും പങ്കുവയ്ക്കലിന്റെയും സന്തോഷം ഏറ്റവും കൂടതൽ അനുഭവിക്കാനാവുക എല്ലാവരും ചേർന്നിരുന്ന് ഓണമുണ്ണുമ്പോഴാണ്. പക്ഷേ സാമൂഹിക അകലം പാലിക്കേണ്ട ഈ കാലത്ത് അത് പ്രായോഗികമല്ലാത്തതിനാൽ മനസ്സുകൊണ്ടു ചേർന്നിരുന്ന് ഇക്കുറി ഓണമുണ്ണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA