കറികൾക്ക് കടുക് വറത്ത് ചേർക്കുന്നത് എന്തിനാണെന്നറിയാമോ...

mustard-seeds
Photo Credit : Mirzamlk / Shutterstock.com
SHARE

കണ്ണുകൊണ്ടു കടുകു വറുക്കുന്ന പെണ്ണും, കടുകു വറുത്തുചേർത്ത ആഹാരവും രണ്ടും ഗംഭീരം. ഭക്ഷ്യവിഭവങ്ങളെ കൂടുതൽ രുചികരമാക്കുന്ന കടുക് നമുക്കു പരിചയപ്പെടുത്തിത്തന്നത് അറബി വ്യാപാരികളാണ്. അഷ്‌ടാദശ ധാന്യങ്ങളിലൊന്നാണു കടുക്. ഇതു പലവിധമുണ്ട്. കരിങ്കടുക്, കാട്ടുകടുക്, ചെങ്കടുക്, നായ്‌ക്കടുക്, പെരുങ്കടുക്, വെൺകടുക് എന്നിങ്ങനെ. ജ്വലിക്കുക എന്നർഥം വരുന്ന ലാറ്റിൻ പദത്തിൽനിന്നാണ് കടുകിന്റെ ഇംഗ്ലീഷ് പേരായ മസ്‌റ്റാർഡിന്റെ ജനനം. കടുകിനും കടുകെണ്ണയ്‌ക്കും വളരെയധികം ഔഷധ ഗുണങ്ങളുണ്ട്. ഔഷധങ്ങളുടെ ദേവനായ ഈസ്‌ക്കൽപ്പസാണ് കടുകു കണ്ടുപിടിച്ചതെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. റോമാക്കാർ പണ്ടേ കടുകുപയോഗിച്ച് സോസ് ഉണ്ടാക്കിക്കഴിച്ചിരുന്നത്രേ.

കറികൾക്കു കടുകു വറുക്കുന്ന സമ്പ്രദായം മൂവായിരം വർഷങ്ങൾക്കു മുൻപുതന്നെ നിലവിലുണ്ട്. കടുകു വറക്കുന്നതു കറികളുടെ രുചി വർധിപ്പിക്കുമെന്നു മാത്രമല്ല നമ്മുടെ വിശപ്പിന് ആക്കം കൂട്ടാനും സഹായിക്കും. ഔഷധപ്രാധാന്യവുമുണ്ട്. കറി ഉപയോഗിക്കുന്നതിനു തൊട്ടുമുൻപു മാത്രമേ കടുകു വറക്കാവൂ. ഇതു കറിക്കു കൂടുതൽ സ്വാദും പരിമളവും നൽകും.

ചുക്കില്ലാത്ത കഷായമില്ലെന്നു പറയുന്നതുപോലെ, കടുകില്ലാത്ത കറികൾ ചുരുക്കമാണ്. ഇതിന്റെ വാതഹരഗുണമാണ് ഇത്രമേൽ പ്രാധാന്യം നിത്യോപയോഗസാധനങ്ങളിൽ നൽകാൻ കാരണമായിട്ടുള്ളത്. കൂടാതെ, ഭഷ്യപദാർഥങ്ങൾക്കു രുചികൂട്ടാനും അവയെ കേടുവരാതെ സൂക്ഷിക്കാനും കടുക് സഹായകമായി വർത്തിക്കുന്നു. അച്ചാറിലും മറ്റും കടുകരച്ചുചേർത്താൽ പെട്ടെന്നു പൂപ്പലുണ്ടാകില്ല.

ആസ്‌മയുടെ ആധിക്യം കുറയ്‌ക്കാൻ സഹായിക്കുന്ന സെലനിയം എന്ന പോഷകത്തിന്റെ ഉറവിടമാണു കടുക്. പല അസുഖങ്ങൾക്കും കടുക് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് ആർക്കെങ്കിലും ബോധക്കേടുണ്ടായി എന്നിരിക്കട്ടെ. കടുകരച്ച് കുറച്ചുവെള്ളത്തിൽ തിളപ്പിച്ച്, ആറുമ്പോൾ കയ്യിൽ പരത്തിയിടുക. ഗുണം കിട്ടും. കുട്ടികളോ മറ്റോ അറിയാതെ വിഷവസ്‌തുക്കൾ വയറ്റിലാക്കിയാൽ ആദ്യ ചികിൽസയെന്ന നിലയിൽ ഛർദിപ്പിക്കുവാൻ ആയുർവേദം വിധിക്കുന്ന ഔഷധങ്ങളിലൊന്നാണു കടുക്. മോഹാലസ്യത്തിലെന്നപോലെ അപസ്‌മാരത്തിനും കടുകിന്റെ ഔഷധശക്‌തി എടുത്തു പറയത്തക്കതാണ്.

വീട്ടമ്മമാർ പൊതുവേ കടുകിനെ ഒരു വാതരോഗസംഹാരിയായിട്ടാണു കാണുന്നത്. കൈകാൽ കഴപ്പിനും തണ്ടെൽ വേദനയ്‌ക്കും വളംകടിക്കും കടുകെണ്ണ വിശേഷമാണ്. ഉഷ്‌ണകാലത്തുണ്ടാകുന്ന ചുടുവാതത്തിനും കടുക് ഒന്നാന്തരം മരുന്നാണ്. പ്രഭാതസമയങ്ങളിലലട്ടുന്ന ചുമ മാറാൻ കുറച്ചു കടുകരച്ച് കുന്നിക്കുരു അളവിൽ ദിവസേന മൂന്നു പ്രാവിശ്യം തേനിൽ കഴിക്കുക. വളരെ ആശ്വാസം കിട്ടും.

വളരെക്കാലം മുൻപുതന്നെ കടുക് യൂറോപ്പിലും മറ്റും കൃഷി ചെയ്‌തുവന്നിരുന്നു. ഒരു ശൈത്യകാലവിളയെന്ന നിലയിൽ കുറഞ്ഞ തോതിൽ ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, മൈസൂർ എന്നിവിടങ്ങളിൽ ഇതു കൃഷി ചെയ്യുന്നുണ്ട്. ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ വിപുലമായ തോതിൽ എണ്ണയെടുക്കാൻവേണ്ടി മാത്രം പ്രത്യേകയിനം കടുക് കൃഷി ചെയ്യുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കടുക് ഉപയോഗിക്കുന്നു. ഹിമാലയസാനുക്കളിൽ തവിട്ടുനിറമുള്ള കടുക് ലഭ്യമാണ്. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലും വെളുത്ത കടുകാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും രുചിയുള്ളത് ഇന്ത്യയിലെ കറുത്ത കടുകിനാണ്.

കറികളിലും മറ്റും ചേർത്തു രുചിയും മണവും ഉണ്ടാക്കുന്നതിനു പുറമേ, കടുക് പല രോഗങ്ങളുടെ ചികിൽസയ്‌ക്കും പ്രയോഗിക്കുന്നുണ്ട്. കടുകെണ്ണ ഞരമ്പു രോഗങ്ങൾ, വീക്കങ്ങൾ എന്നിവയ്‌ക്കു സ്വേദമായും ലേപമായും ഉപയോഗിച്ചുവരുന്നു. കടുകെണ്ണ പ്രമേഹത്തിനും ഉപയോഗിക്കാറുണ്ട്. ഔഷധഗുണത്തിൽ വെള്ളക്കടുകിനാണു പ്രധാന്യം. തലവേദനയ്‌ക്ക് കടുകരച്ചു നെറ്റിയിലിട്ടാൽ ആശ്വാസം കിട്ടും. കടുകരച്ചു കാലിന്റെ വെള്ളയിൽ പുരട്ടുന്നതും നല്ലതാണ്.

അച്ചാറുകളുടെ പ്രധാന ചേരുവയാണു കടുകുപരിപ്പ്. കടുക് വെയിലിൽ നന്നായുണക്കി, റൂൾത്തടികൊണ്ട് അമർത്തിയശേഷം തൊലി പാറ്റിക്കളയുക. ഇങ്ങനെ കടുകുപരിപ്പെടുക്കാം. ചൂടായ ചീനച്ചട്ടിയിൽ കടുകിട്ടു തുടരെയിളക്കി അല്‌പം ചൂടാക്കിയും അതിന്റെ തൊലി കളഞ്ഞെടുക്കാം. ഭഷ്യവിഭവങ്ങൾ കേടുവരാതെ സൂക്ഷിക്കാനും രൂചികൂട്ടാനും കടുകു സഹായിക്കുന്നു. മീൻ അല്‌പം പഴയതാണെങ്കിൽ ഉപ്പും കടുകുപൊടിച്ചതും പുരട്ടി പതിനഞ്ചു മിനിറ്റ് വച്ചതിനുശേഷം വെട്ടിക്കഴുകി കറിവയ്‌ക്കുക. ഉലർത്താൻ കടുകും ഉലുവാപ്പൊടിയും ചേർക്കുക. ഇറച്ചി വേകാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഒന്നു രണ്ടു ടീസ്‌പൂൺ കടുകരച്ചു ചേർക്കുക. പ്രഷർകുക്കറില്ലാതെ തന്നെ വേഗം വെന്തുകൊള്ളും.

കറികൾക്കു കടുകു വറക്കുമ്പോൾ എണ്ണ തെറിക്കാതിരിക്കാൻ ആദ്യം ഉള്ളിയും കറിവേപ്പിലയും വഴറ്റി വെള്ളം വറ്റിയ ശേഷം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു മൂപ്പിക്കുക. പച്ചടികൾക്ക് - ഏതു തരമാണെങ്കിലും പൈനാപ്പിളോ, പഴമാങ്ങയോ എന്തുതന്നെയായാലും കടുകു ചതച്ചേ ചേർക്കാവൂ. നന്നായി അരയ്‌ക്കരുത്.

ഇറച്ചി റോസ്‌റ്റ്, കട്‌ലറ്റ്, സമോസ എന്നിവയുടെ കൂടെ ഉപയോഗിക്കുന്നതാണു കടുകുസോസ്. ഇതു താഴെപ്പറയും പ്രകാരമാണു തയാറാക്കുന്നത്. ഒരു ചെറിയ സ്‌പൂൺ കടുകുപരിപ്പ്, ആറു വെളുത്തുള്ളിയല്ലി, ഒരു ചെറിയ കഷണം ഇഞ്ചി, നാലു വറ്റൽമുളകിന്റെ തൊലി, 12 കിസ്‌മിസ് എന്നിവ കാൽ കപ്പ് വിന്നാഗിരി തൊട്ടരച്ച് ഉപ്പു ചേർത്തിളക്കി കുപ്പിയിലാക്കി തണുപ്പിച്ചു സൂക്ഷിച്ചാൽ ഇറച്ചി വിഭവങ്ങളുടെ കൂടെ ഉപയോഗിക്കാം.

കടുകിനെ അടിസ്‌ഥാനമാക്കി ഒട്ടേറെ പഴഞ്ചൊല്ലുകളും അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. അവയിൽ ചിലത് ഇതാ: കടുകു ചോരുന്നതു കാണും, തേങ്ങാ ചോരുന്നതു കാണില്ല - ചെറിയ ദേഷങ്ങൾ കാണും, വലുതു കാണില്ല എന്നർഥം. കടുകു ചിന്തിയാൽ കലഹം - കടുകു നിലത്തു ചിതറിവീഴുന്നതു കലഹത്തിനു കാരണമാകും. കടുകു കയ്യിൽക്കൊടുത്താൽ മുഷിയും. ഏതെങ്കിലും പാത്രത്തിൽവച്ചു കൊടുക്കണമെന്നു വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA