ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുടർന്ന രുചിക്കഥകൾ ഷെഫ് സുരേഷ് പിള്ളയുടേതായിരുന്നു. ‘സ്നേഹം വാരി വിതറി’ ഷെഫ് ഒരുക്കിയ ഹ്രസ്വ വിഡിയോകളും വർത്തമാനങ്ങളും അതുവരെയില്ലാത്ത ഒരു പാചകശീലത്തിലേക്ക് പലരെയും എത്തിച്ചുവെന്നതാണ് യാഥാർഥ്യം. വീട്ടിലും നാട്ടിലും കിട്ടുന്നവ കൊണ്ട് ഷെഫ് സുരേഷ് തയാറാക്കിയ ഒാരോ വിഭവവും ഭക്ഷണപ്രേമികളുടെ വയറും മനസ്സും ഒരുപോലെ നിറച്ചു. വെറുമൊരു ചായയാണ് ഉണ്ടാക്കുന്നതെങ്കിലും അതു കണ്ടിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് ഷെഫിന്റെ കൈയൊപ്പ് പതിഞ്ഞ അവതരണരീതിയാണ്. ഇത്ര സിംപിളാണോ ഈ സെലിബ്രിറ്റി ഷെഫ് എന്നാകും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ വിഡിയോ കണ്ടവർ ചിന്തിച്ചിട്ടുണ്ടാവുക!

അഷ്ടമുടിക്കായലിന്റെ കാറ്റും രുചികളും അറിഞ്ഞു വളർന്ന സുരേഷ് പിള്ള പാചകക്കാരനായത് ഒരു നിയോഗമായിരുന്നെങ്കിൽ അവിടെനിന്ന് സെലിബ്രിറ്റി ഷെഫായി വളർന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിരന്തര പരിശ്രമവുമുണ്ട്. ലോകം ശ്രദ്ധിക്കുന്ന വമ്പൻ ഷെഫുമാർ മാറ്റുരയ്ക്കുന്ന ബിബിസി മാസ്റ്റർ ഷെഫിൽ കേരളത്തിന്റെ മീൻകറി വച്ചു കയ്യടി നേടിയ ഷെഫ് സുരേഷ് പിള്ള ഈ അറിവുകളൊന്നും നേടിയത് ഒരു കൾനറി കോളജിലും പോയിട്ടല്ല. കൊല്ലത്തെ ഒരു സാധാരണ റസ്റ്ററന്റിലെ വെയ്റ്ററായി തുടങ്ങി, ഇന്ന് ലോകമറിയുന്ന സെലിബ്രിറ്റി ഷെഫായി വളർന്നതിനു പിന്നിലെ അറിയാക്കഥകളുമായി ഷെഫ് സുരേഷ് പിള്ള മനോരമ ഓൺലൈനിൽ.

suresh-pillai
റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള

തുടക്കം വെയ്റ്റർ ആയി

കൊല്ലത്ത് അഷ്ടമുടിക്കായലിന് അടുത്തുള്ള തെക്കുംഭാഗം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. പത്താം ക്ലാസിനു ശേഷം പ്രീഡിഗ്രിക്ക് നല്ല കോളജുകളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. വലിയ സങ്കടമായിരുന്നു. അങ്ങനെ പ്രൈവറ്റായി പ്രീഡിഗ്രിക്ക് ചേർന്നു. ആ സമയത്ത് പാർട് ടൈം എന്ന രീതിയിൽ ഒരു റസ്റ്ററന്റിൽ ജോലിക്കു ചേർന്നു. 450 രൂപയായിരുന്നു എന്റെ ആദ്യത്തെ ശമ്പളം. ആ സമയത്ത് ഹോട്ടൽപണി എന്നൊക്കെ പറഞ്ഞാൽ ഭയങ്കര നാണക്കേടാണ്. വെയ്റ്ററായിട്ടായിരുന്നു തുടങ്ങിയത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പാചകത്തിൽ താൽപര്യം തോന്നിത്തുടങ്ങി. സമയം കിട്ടുമ്പോഴൊക്കെ കിച്ചണിൽ പോയി ഷെഫുമാർ ചെയ്യുന്നത് നോക്കി നിൽ‍ക്കും. ഉള്ളി അരിയാനും മറ്റും സഹായിക്കും. അങ്ങനെ പതുക്കെ ഞാൻ കിച്ചണിൽ ആയി. ഒരു ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനും പോകാതെതന്നെ മൂന്നു വർഷം കൊണ്ട് ആ കിച്ചണിൽനിന്നാണ് ബേസിക് കാര്യങ്ങൾ പഠിച്ചെടുത്തത്.

കോളജിൽ പോകാത്ത ഗെസ്റ്റ് ഫാക്കൽറ്റി

അൽപം മലബാർ രുചികൾ പഠിച്ചെടുത്താലോ എന്ന തോന്നലിൽ 1995ൽ കോഴിക്കോട്ടേക്ക് വച്ചു പിടിച്ചു. അവിടെനിന്ന് ബെംഗളൂരുവിലെ ഒരു റസ്റ്ററന്റിലെത്തി. പഠിത്തമില്ല എന്നത് വലിയൊരു കുറവാണെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങി. അതു മറികടക്കാൻ, ചെയ്യുന്ന പണിയിൽ വൈദഗ്ധ്യം നേടുക എന്നതിലായി എന്റെ ശ്രദ്ധ. ഇന്റർനെറ്റൊക്കെ വന്നു തുടങ്ങുന്ന സമയമാണ്. ഞാൻ എന്റേതായ രീതിയിൽ ഓരോ കാര്യങ്ങൾ വായിച്ചും അന്വേഷിച്ചും പഠിച്ചെടുക്കാൻ തുടങ്ങി. അതു ഗുണം ചെയ്തു. എനിക്ക് കുമരകത്ത് നല്ലൊരു ഓപ്പണിങ് ലഭിച്ചു. അവിടെനിന്നാണ് ലണ്ടനിൽ പോകാനുള്ള അവസരം കിട്ടുന്നത്. അവിടെപ്പോയി നിരവധി റസ്റ്ററന്റുകളിൽ ജോലി ചെയ്തു, ബ്രിട്ടിഷ് പൗരത്വം ലഭിച്ചു, ബിബിസി മാസ്റ്റർഷെഫിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിനേക്കാൾ സന്തോഷം നൽകിയത് മറ്റൊന്നായിരുന്നു. പ്രീഡിഗ്രി പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന ഞാൻ ബഹമാസ് യൂണിവേഴ്സിറ്റിയിൽ ഗെസ്റ്റ് ലക്ചറായി ക്ഷണിക്കപ്പെട്ടു. ഇരുന്നൂറോളം കുട്ടികളെ എനിക്ക് പഠിപ്പിക്കാൻ പറ്റി. തിരിഞ്ഞു നോക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

നാടിനോടുണ്ട് ഒരു ഇഷ്ടക്കൂടുതൽ

ബ്രിട്ടിഷ് പൗരത്വം ലഭിച്ചിട്ടും നാട്ടിൽ നല്ല ഒരു ഓപ്പണിങ് ലഭിച്ചപ്പോൾ തിരികെ വന്നത് നമ്മുടെ നാടിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു തന്നെയാണ്. ആ ഇഷ്ടം പിന്തുടർന്നതുകൊണ്ട് ജീവിതത്തിൽ നല്ലതേ സംഭവിച്ചിട്ടുള്ളൂ. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സ് ഇപ്പോഴുണ്ട്. കോവിഡിനു മുൻപ് അതു വെറും 70,000 ആയിരുന്നു. കോവിഡ് കാലത്ത് പങ്കുവച്ച ചെറിയ റെസിപ്പികളിലൂടെയാണ് സമൂഹമാധ്യമത്തിൽ ഏറെ പിന്തുണ കിട്ടിയത്. ലോകമെമ്പാടുമുള്ള മലയാളികളുമായി ഈ രുചികളിലൂടെ എനിക്കു സൗഹൃദം സ്ഥാപിക്കാൻ പറ്റി. മലയാളികൾ മാത്രമല്ല, മറ്റു ഭാഷക്കാരും രാജ്യക്കാരുമുണ്ട് ഈ സൗഹൃദക്കൂട്ടത്തിൽ!  

വൈറൽ ഡയലോഗിന് പിന്നിൽ

ഒരിക്കൽ വിഡിയോ എടുത്തപ്പോൾ അവസാനിപ്പിക്കുന്ന സമയത്ത് തമാശയ്ക്ക് പറഞ്ഞതാണ് ‘സ്നേഹങ്ങൾ വാരി വിതറൂ’ എന്ന്. അത് ഇത്രമാത്രം വൈറലാകുമെന്ന് അറിഞ്ഞില്ല. ആ ഡയലോഗ് ഇല്ലാതെ ഇപ്പോൾ വിഡിയോ എടുക്കാൻ പറ്റാതെയായി. ആളുകൾ കമന്റ് ബോക്സിൽ ചോദിക്കും. എല്ലാവരും എന്റെയൊരു ടാഗ്‍ലൈൻ ആയി അത് അംഗീകരിച്ചു. ചില കാര്യങ്ങൾ നമ്മൾ പ്ലാൻ ചെയ്യാതെ ചെയ്യുന്നതാകും ആളുകൾക്ക് ഇഷ്ടമാകുക. ഏറ്റവും സന്തോഷമുള്ള കാര്യം, ഞാൻ വളരെയേറെ ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യം ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ്. ഭക്ഷണമുണ്ടാക്കുന്നതു പോലെ വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഞാൻ തന്നെയാണ്. പാചകം പോലെ അതും സ്വയം പഠിച്ചെടുത്തു.  

ചെസിലെ പ്ലാനിങ് ജീവിതത്തിലും

ചെസ് കളി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഞാൻ അണ്ടർ 18 കൊല്ലം ജില്ലാ ചാംപ്യൻ ആയിരുന്നു. ഒരു തവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലും കളിച്ചിട്ടുണ്ട്. കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിൽ ചെസ് അനുഭവം എന്നെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. കൊല്ലത്തുനിന്ന് ഞാൻ കോഴിക്കോട്ടു പോകുന്ന സമയത്താണ് ഗൾഫിൽ ഒരുപാട് അവസരങ്ങൾ വന്നത്. എന്റെ മനസിൽ പക്ഷേ യൂറോപ്പ് ആയിരുന്നു. ഗൾഫിൽ നിന്ന് മികച്ച ശമ്പളത്തിൽ ഓഫറുകൾ വന്നെങ്കിലും യൂറോപ്പ് എന്ന ആഗ്രഹം മനസ്സിലുള്ളതുകൊണ്ട് അത് വേണ്ടെന്നു വന്നു. അതു സ്വീകരിച്ചിരുന്നെങ്കിൽ ഈ സുരേഷ് പിള്ള ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല. യൂറോപ്പ് പ്ലാനിൽ ഉറച്ചു നിന്നതുകൊണ്ടാണ് ഞാൻ അതിനായി പരിശ്രമിച്ചതും എന്റെ സ്കിൽസ് മെച്ചപ്പെടുത്താനായി പണിയെടുത്തതും. കരിയർ ഗൈഡൻസിനായി എന്നെ വിളിക്കുന്നവരോടു ഞാൻ പറയാറുള്ളത് ഷോർട്ട് ടേം പ്ലാനും ലോങ് ടേം പ്ലാനും വേണമെന്നാണ്. പിന്നെ, കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയണം. അതു തിരിച്ചറിഞ്ഞു പ്രയത്നിച്ചാൽ വിജയം പിന്നാലെ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com